കോട്ടയത്ത് 6 സീറ്റ്; ആകെ 12 സീറ്റില്‍ വിജയമുറപ്പിക്കും, ജോസിന്‍റെ വരവോടെ ഭരണത്തുടര്‍ച്ചയ്ക്ക് സിപിഎം


പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലേക്ക് എത്തുന്നു. പാലാ സീറ്റിന്‍റെ കാര്യത്തില്‍ എന്‍സിപിയും സിറ്റിങ് എംഎല്‍എ മാണി സി കാപ്പനും ഉടക്കി നില്‍ക്കുകയാണെങ്കിലും ജോസിന്‍റെ ഇടതു പ്രവേശനം അത്യാവശ്യമെന്ന നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു. ജോസിന്‍റെ മുന്നണി പ്രവേശനത്തോടെ മധ്യകേരളത്തിലെ യുഡ‍ിഎഫ് കോട്ടകളില്‍ വിള്ളല്‍ വരുത്തി ഭരണത്തുടര്‍ച്ചയെന്നതാണ് സിപിഎം ലക്ഷ്യം വെക്കുന്നത്.

ഇടതുമുന്നണിയിലേക്ക് എത്തുന്നത്

സീറ്റുകള്‍ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായില്ലെങ്കിലും എല്ലാ കാര്യത്തില്‍ ധാരണയാക്കിയതിന് ശേഷമാണ് ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വീതം വെപ്പ് അടക്കം ഇരു പാര്‍ട്ടികളും നേരത്തെ ചര്‍ച്ച ചെയ്തിരുന്നു.

12 വരെ സീറ്റുകളില്‍

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മുതല്‍ 12 വരെ സീറ്റുകളില്‍ ജോസ് കെ മാണി ഇടതുമുന്നണിയുമായി സഹകരിച്ച് ജോസ് കെ മാണി മത്സരിക്കും. സീറ്റുകളുടെ എണ്ണത്തില്‍ അന്തിമ തീരുമാനം തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമായിരിക്കും ഉണ്ടാവുക. കോട്ടയം ജില്ലയില്‍ മാത്രം 6 സീറ്റുവരെ ജോസ് കെ മാണിക്ക് വിട്ടു നല്‍കാനാണ് സിപിഎം തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കാഞ്ഞിരപ്പള്ളിയുടെ കാര്യം

കോട്ടയത്ത് പാലായടക്കമുള്ള സീറ്റുകളാണ് ജോസിന് വിട്ടു നല്‍കുക. ഇതിന് പുറമെ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കോട്ടയം സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയേക്കും. കാഞ്ഞിരപ്പള്ളിയുടെ കാര്യത്തില്‍ സിപിഐ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെങ്കിലും അവരെ അനുനയിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്‍സിപിയുടെ നീക്കങ്ങള്‍

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് മുന്നോടിയായി എന്‍സിപിയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് സിപിഎം. പാലാ സീറ്റിന്‍റെ കാര്യത്തില്‍ വിട്ടു വിഴ്ച്ചയില്ലെന്ന നിലപാട് ജോസ് കെ മാണി പക്ഷം സിപിഎമ്മിനെ അറിയിച്ചിരുന്നു. എന്നാല്‍ മാണി സി കാപ്പന്‍ കലാപക്കൊടി ഉയര്‍ത്തിയതോടെ സിപിഎം തുടക്കത്തില്‍ ആശങ്കയിലായിരുന്നു.

മാണി സി കാപ്പന്‍

എന്നാല്‍ മാണി സി കാപ്പന്‍റെ ഒറ്റയാള്‍ നിലപാടിനേക്കാള്‍ സിപിഎം മുന്‍തൂക്കം കൊടുക്കുന്നത് കോട്ടയം ഉള്‍പ്പടേയുള്ള മധ്യകേരളത്തില്‍ ജോസിനെ കൂടെ കൂട്ടി കൂടുതല്‍ സീറ്റ് എന്നതിനാണ്. അതിനാലാണ് കാപ്പന്‍റെ വികാരം കണക്കിലെടുക്കുപ്പോള്‍ തന്നെ പാലാ സംബന്ധിച്ച ഉറപ്പ് സിപിഎം ജോസ് കെ മാണിക്ക് കൊടുത്തത്. കാപ്പനെ അനുനയിപ്പിക്കാന്‍ സംസ്ഥാന നേതാക്കള്‍ ഇടപെട്ട് തന്നെ ചര്‍ച്ച നടത്തും.

എന്‍സിപി ഒറ്റക്കെട്ടല്ല

അതിനും വഴങ്ങിയില്ലെങ്കില്‍ കാപ്പനെ തഴയാനാവും ഇടത് തീരുമാനം. എന്‍സിപി മുഴുവന്‍ ഒറ്റക്കെട്ടായി മാണി സി കാപ്പന് പുറകില്‍ ഇല്ലാത്തതും സിപിഎം അനുകൂല ഘടകമായി കാണുന്നു. മുന്നണി വിടുകയാണെങ്കില്‍ കാപ്പന്‍ മാത്രമായിരിക്കും യുഡിഎഫിലേക്ക് പോവുക. പാലായില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കാപ്പന്‍ സ്ഥാനാര്‍ത്ഥിയായാലും കേരള കോണ്‍ഗ്രസിലൂടെ ആ സീറ്റ് പിടിക്കാമെന്നും സിപിഎം കണക്ക് കൂട്ടുന്നു.

കാപ്പന് മുന്നിലെ വാഗ്ദാനങ്ങള്‍

രാജ്യസാഭാ സീറ്റ്, അല്ലെങ്കില്‍ ജയം ഉറപ്പുള്ള മറ്റൊരു സീറ്റ് തുടങ്ങിയ വാഗ്ദാനങ്ങളാണ് മാണി സി കാപ്പന് മുന്നില്‍ സിപിഎം വെക്കുന്നത്. എന്നാല്‍ രാജ്യസഭാ സീറ്റ് ആവശ്യമില്ലെന്ന കാര്യം മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജയം ഉറപ്പുള്ള മറ്റൊരു സീറ്റിനേക്കാള്‍ പൊരുതി നേടിയ പാലാ തന്നെയാണ് തനിക്ക് പ്രധാനപ്പെട്ടതെന്നാണ് മാണി സി കാപ്പാന്‍റെ നിലപാട്.

ഭരണത്തുടര്‍ച്ച

ഭരണത്തുടര്‍ച്ചയെന്നത് തന്നെയാണ് സിപിഎം ലക്ഷ്യം. ജോസിന്‍റെ സഹകരണത്തോടെ ജോസു കൂടി മുന്നണിയുടെ ഭാഗമാവുന്നതോടെ പതിറ്റാണ്ടുകളായി തങ്ങള്‍ക്ക് ഒപ്പം നില്‍ക്കാത്ത അഞ്ചോളം സീറ്റുകള്‍ ലഭിക്കുമെന്ന് മാത്രമല്ല, ചാഞ്ചാടി നില്‍ക്കുന്ന അഞ്ചു മുതല്‍ പത്തുവരെ സീറ്റുകള്‍ ഉറപ്പിച്ച് നിര്‍ത്താമെന്നുമാണ് സിപിഎം പ്രതീക്ഷ.

കൂടുതല്‍ പ്രതീക്ഷ

കഴിഞ്ഞ തവണത്തെ തരംഗത്തിലും ലഭിക്കാതിരുന്നത് കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി എന്നീ സീറ്റുകളിലാണ് കൂടുതല്‍ പ്രതീക്ഷയുള്ളത്. തിരുവല്ല, പീരുമേട്, ഉടുമ്പന്‍ചോല ശക്തമായ മത്സരം നടക്കുന്ന സീറ്റുകളിലും എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഉള്‍പ്പടേയുള്ള സീറ്റുകളില്‍ ജോസ് കെ മാണി വിഭാഗത്തുമായുള്ള ബന്ധം ഗുണം ചെയ്യുമെന്നും ഇടതുമുന്നണി കരുതുന്നു.

2016 ല്‍ ലഭിച്ച സീറ്റുകളില്‍

2016 ല്‍ ലഭിച്ച സീറ്റുകളില്‍ ചിലത് പോവുമ്പോഴുണ്ടാകുന്ന നഷ്ടം നികത്താനാണ് ജോസിന്‍റെ കടന്നു വരവിലൂടെ സിപിഎം ലക്ഷ്യം വെക്കുന്നത്. ഭരണത്തുടര്‍ച്ച നേടുന്നതോടെ യുഡിഎഫ് ശിഥിലമാവുമെന്നും സിപിഎം കണക്ക് കൂട്ടുന്നു. കാപ്പന്‍റെ വികാരത്തോടൊപ്പം സിപിഐയും ചേര്‍ന്ന് മുന്നണിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോയെന്നതാണ് സിപിഎമ്മിന് മുന്നിലുള്ള ഏക ആശങ്ക.