കോൺഗ്രസിന്റെ അവിശ്വാസം; ജോസ് വിഭാഗത്തിന് ബാങ്ക് വൈസ് പ്രസിഡന്റ് പദം നഷ്ടമായി


പൊൻകുന്നം: കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം നേതാവിനെ ബാങ്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അവിശ്വാസത്തിലൂടെ നീക്കി. ചിറക്കടവ് സഹകരണബാങ്കിലാണ് കോൺഗ്രസ് പ്രതിനിധികളുടെ അവിശ്വാസത്തിലൂടെ യൂത്ത്ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റായ ലാജി മാടത്താനിക്കുന്നേലിനെയാണ്‌ പുറത്താക്കിയത്.

യു.ഡി.എഫിൽനിന്ന് ജോസ് വിഭാഗം പുറത്തുപോകുകയും എൽ.ഡി.എഫിന്റെ ഭാഗമാവുകയും ചെയ്തതോടെയാണ് അവിശ്വാസം കൊണ്ടുവന്നത്. 11 അംഗ ഭരണസമിതിയിൽ കോൺഗ്രസ്-ഏഴ്, കേരള കോൺഗ്രസ്-നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. കേരള കോൺഗ്രസ് എൽ.ഡി.എഫിലേക്ക്‌ മാറിയതോടെ രണ്ടംഗങ്ങൾ കോൺഗ്രസിലേക്കും ഒരാൾ കേരള കോൺഗ്രസ് ജോസഫ് പക്ഷത്തേക്കും മാറിയിരുന്നു. ലാജി മാത്രമാണ് ജോസ് വിഭാഗം പ്രതിനിധിയായി അവശേഷിച്ചത്.