ചിട്ടി തട്ടിപ്പുകാരനെ പൊൻകുന്നത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

പൊൻകുന്നം ∙ ചിട്ടി തട്ടിപ്പു കേസിൽ പിടിയിലായ പ്രതിയെ പൊൻകുന്നത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ടൗണിൽ പ്രവർത്തിച്ചിരുന്ന കൽപ്പറ്റ ജനക്ഷേമ മാരുതി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ കൽപറ്റ ഗോകുലം വീട്ടിൽ സുശീൽകുമാർ (49)നെ ആണ് ഇന്നലെ പൊൻകുന്നം പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്.

സംസ്‌ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ തട്ടിപ്പ് നടത്തിയ ഇയാൾ കണ്ണൂരിൽ പിടിയിലായിരുന്നു. പൊൻകുന്നം ശാഖയിൽ ചിട്ടി ചേർന്ന വ്യക്‌തിയുടെ പണം തട്ടിയ പരാതിയിൽ അന്വേഷണത്തിനായാണ് ഇന്നലെ ഇയാളെ കസ്‌റ്റഡിയിൽ വാങ്ങിയത്.

പ്രതിയെ എത്തിച്ചതറിഞ്ഞ് രണ്ട് പേർകൂടി ഇന്നലെ സ്റ്റേഷനിലെത്തി പരാതി നൽകി. കേരളത്തിലും അയൽ സംസ്‌ഥാനങ്ങളിലുമായി 84 ബ്രാഞ്ചുകൾ ചിട്ടി കമ്പനിക്ക് ഉണ്ടായിരുന്നു. പൊൻകുന്നത്ത് ലക്ഷക്കണക്കിനു രൂപയാണ് പലർക്കായി ലഭിക്കാനുള്ളത്. ചിട്ടി കമ്പനി ഉടമ പൊലീസ് സ്റ്റേഷനിൽ ഉണ്ടെന്നറിഞ്ഞ് നിരവധിപ്പേർ സ്റ്റേഷനിൽ എത്തിയിരുന്നു.

അറസ്‌റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ പൊൻകുന്നം സബ് ജയിലിൽ റിമാൻഡു ചെയ്‌തു. പൊൻകുന്നം സർക്കിൾ ഇൻസ്‌പെക്‌ടർ പി.എം.ബൈജു, എസ്ഐ എ.നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് തുടരന്വേഷണം.