ചിറക്കടവ് പഞ്ചായത്തിൽ വഴിവിളക്കുകൾ കൂട്ടത്തോടെ തകരാറിൽ ; മോഷണശല്യവും മാലിന്യനിക്ഷേപവും തകൃതിയിൽ

പൊൻകുന്നം∙ ചിറക്കടവ് പഞ്ചായത്തിൽ വഴിവിളക്കുകൾ കൂട്ടത്തോടെ തകരാറിൽ. മഴക്കാലമായതോടെ പ്രധാന ജംക്‌ഷനുകളിലെ വഴിവിളക്കുകൾ മിക്കവയും തകരാറിലായത് നാട്ടുകാരെ വലയ്ക്കുന്നു. ലക്ഷങ്ങൾ ചെലവിട്ട് സ്‌ഥാപിച്ച വഴിവിളക്കുകൾ തെളിയാതായതോടെ സന്ധ്യ മയങ്ങിയാൽ ഇരുളിന്റെ പിടിയിലമരുകയാണ് നാട്ടുവഴികൾ. ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌ഥാപിച്ച സോഡിയം വേപ്പർ ലാമ്പുകൾ മാത്രമാണ് നഗരവാസികൾക്ക് ആശ്രയമാകുന്നത്. കെവിഎംഎസ് റോഡ്, കോയിപ്പള്ളി, ചെറുവള്ളി, കാരക്കാമറ്റം, വാളക്കയം, പടനിലം പ്രദേശങ്ങളിൽ വഴിവിളക്കുകൾ നോക്കുകുത്തികളായിട്ട് നാളുകൾ ഏറെയായി. ചിറക്കടവ് മണിമല റോഡിലും വഴിവിളക്കുകളിൽ പകുതിയും തെളിയുന്നില്ല.

ഓരോ പദ്ധതി വർഷവും മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപവരെ ചെലവിട്ട് പഞ്ചായത്തിലെ പ്രധാന പാതകളിലും ഉൾപ്രദേശങ്ങളിലെ കവലകളിലും സ്‌ഥാപിക്കുന്ന സിഎഫ് ലാമ്പുകളാണ് പണിമുടക്കുന്നത്. പകൽവെളിച്ചത്തിന്റെ തീവ്രത കുറയുന്നത് തിരിച്ചറിഞ്ഞ് തനിയെ തെളിയുന്ന സിഎഫ് ലാമ്പിനും സെൻസർ യൂണിറ്റുകൾക്കുമായി വൻതുകയാണ് പഞ്ചായത്തിൽ നിന്നു ചെലവാക്കിയിരുന്നത്. മഴയ്ക്കൊപ്പം ഇരുളിന്റെ മറവ് കൂടിയായതോടെ പ്രദേശത്ത് മോഷണസംഘങ്ങളും സജീവമായി.

പടനിലം, കാരക്കാമറ്റം, കോടങ്കയം, മൂലപ്ലാവ് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മോഷണശ്രമങ്ങൾ ഉണ്ടായെങ്കിലും വീട്ടുകാർ ഉണർന്നതോടെ തസ്‌കരൻമാർ രക്ഷപ്പെടുകയായിരുന്നു. തെരുവുവിളക്കുകൾ തെളിയാത്ത പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ വൻ തോതിൽ മൽസ്യമാലിന്യങ്ങളും അറവുശാലയിലെ മാലിന്യങ്ങളും തള്ളുന്നതും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. വെളിച്ചമില്ലാത്ത വഴികളിൽ തെരുവുനായ് ശല്യം കൂടിയായതോടെ പ്രഭാത നടത്തത്തിന് ഇറങ്ങുന്നവരും ഭീതിയിലാണ്. പദ്ധതി തയാറാക്കി ഡിപിസി അംഗീകാരം ലഭിച്ച് വഴിവിളക്കുകൾ മാറുന്നതിന് മാസങ്ങൾ എടുക്കുമെന്നിരിക്കെ തനത്‌ ഫണ്ടിൽ നിന്നു തുക വിനിയോഗിച്ച് പ്രധാന ഇടങ്ങളിലെ ലൈറ്റുകൾ എങ്കിലും മഴക്കാലത്തുതന്നെ തെളിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്