ജോസ് വിഭാഗം ജനപ്രതിനിധികൾ രാജിവയ്ക്കണോ?


 യുഡിഎഫ് സ്ഥാനാർഥികളായി വിജയിച്ച ശേഷം ഇടതു മുന്നണിയിലേക്കു പോകുന്നതിലെ ശരിയും തെറ്റുമാണ് കോട്ടയത്തെ ഇപ്പോഴത്തെ രാഷ്ട്രീയ ചർച്ചാവിഷയം. രാജി വയ്ക്കണമെന്ന യുഡിഎഫ് നേതാക്കളുടെ ആവശ്യത്തെപ്പറ്റി കേരള കോൺഗ്രസ് (എം) ജനപ്രതിനിധികളും എതിർസ്ഥാനാർഥികളും പ്രതികരിക്കുന്നു.

ലോക്സഭാംഗത്വം രാജി വയ്ക്കേണ്ട കാര്യമില്ല. ഞങ്ങളുടെ വോട്ട് മറ്റു യുഡിഎഫ് സ്ഥാനാർഥികൾക്കും ലഭിച്ചിട്ടുണ്ടല്ലോ. അങ്ങനെയെങ്കിൽ അവരും രാജി വയ്ക്കേണ്ടതല്ലേ ? -തോമസ് ചാഴികാടൻ എംപി.

തോമസ് ചാഴികാടൻ രാജി വയ്ക്കണ്ട കാര്യമില്ല. എൻഡിഎഫ് വിട്ടപ്പോൾ പി.ജെ.ജോസഫ് എംഎൽഎ സ്ഥാനം രാജി വച്ചോ. ഇല്ലല്ലോ? -വി.എൻ.വാസവൻ സിപിഎം ജില്ലാ സെക്രട്ടറി, തോമസ് ചാഴികാടനെതിരെ മത്സരിച്ചു.

യുഡിഎഫ് എംഎൽഎമാരുടെ വോട്ടു നേടിയാണു രാജ്യസഭയിൽ ജോസ് കെ. മാണി ജയിച്ചത്. അതിനാൽ ആ പദവി രാജി വച്ചു. തോമസ് ചാഴികാടനും ഞങ്ങൾ എംഎൽഎമാരും ജനങ്ങളുടെ വോട്ടു നേടിയാണു ജയിച്ചത്. ഞങ്ങൾ രാജി വച്ചാൽ യുഡിഎഫ് അംഗങ്ങളും രാജി വയ്ക്കേണ്ടതല്ലേ ? 2011ൽ എൽഡിഎഫിൽ നിന്നു മാറി കേരള കോൺഗ്രസിൽ (എം) ലയിച്ചപ്പോൾ പി.ജെ.ജോസഫ്, മോൻസ് ജോസഫ്, ടി.യു.കുരുവിള എന്നിവർ എംഎൽഎ സ്ഥാനം രാജി വച്ചില്ലല്ലോ. -റോഷി അഗസ്റ്റിൻ എംഎൽഎ.

ധാർമികത മൂലമാണു രാജ്യസഭാ എംപി സ്ഥാനം രാജി വയ്ക്കുന്നതെന്നാണു ജോസ് കെ.മാണി പറഞ്ഞത്. രാജ്യസഭാ അംഗത്വത്തിനു മാത്രമാണോ ധാർമികത ബാധകം? -കെ.ഫ്രാൻസിസ് ജോർജ്, ഇടുക്കിയിൽ 2016ൽ റോഷിയുടെ എതിർസ്ഥാനാർഥി

മുന്നണി മാറുമ്പോൾ എംഎൽഎ സ്ഥാനം രാജി വയ്ക്കുന്ന പതിവില്ല. ഇതിനു മുൻപും ആരും അങ്ങനെ ചെയ്തിട്ടില്ല. -എൻ.ജയരാജ്, എംഎൽഎ.

തൽക്കാലം അഭിപ്രായം പറയുന്നില്ല. ഇതു സംബന്ധിച്ചുള്ള നിലപാട് പാർട്ടി നേതൃത്വം പിന്നീട് അറിയിക്കും.-വി.ബി.ബിനു, സിപിഐ നേതാവ്, 2016ൽ കാഞ്ഞിരപ്പള്ളിയിൽ എൻ.ജയരാജിന്റെ എതിർസ്ഥാനാർഥി.

യുഡി എഫിൽ നിന്നു നേടിയ സ്ഥാനമാനങ്ങൾ കേരള കോൺഗ്രസ് (എം)  ഉപേക്ഷിക്കണം നാളെ കോൺഗ്രസ് യോഗമുണ്ട് അതിൽ തീരുമാനിക്കും സമര പരിപാടികള്‍ അപകടം ആലോചിക്കും.-ജോഷി ഫിലിപ്പ്,ഡി സി സി പ്രസിഡന്റ്.

രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ചാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചത്. പാർട്ടിയുടെ വോട്ട് കൂടി വാങ്ങി ‍ജയിച്ച കോൺഗ്രസ് ജന പ്രതിനിധികളാണ് ആദ്യം രാജിവച്ചു മാതൃക കാട്ടേണ്ടത്. ധാർമികത ഏകപക്ഷിയമാകരുത്.-സണ്ണി തെക്കേടം,കേരള കോണ്‍ഗ്രസ് ‍( എം) ജില്ലാ പ്രസിഡന്റ്.

ജില്ലാ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച് കോൺഗ്രസ്, ജോസഫ് പക്ഷംവന്നില്ല…

കോട്ടയം ∙ കേരള കോൺഗ്രസിന്റെ (എം) എൽഡിഎഫ് പ്രവേശനത്തിനു പിന്നാലെ ജില്ലാ പഞ്ചായത്ത് യോഗം കോൺഗ്രസ് – കേരള കോൺഗ്രസ് (ജോസഫ്) പ്രതിനിധികൾ ബഹിഷ്കരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയാണ്. കോൺഗ്രസ് പ്രതിനിധിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശോഭ സലിമോന്റെ നേതൃത്വത്തിലായിരുന്നു ബഹിഷ്കരണം. കോൺഗ്രസിന്റെ എട്ടും കേരള കോൺഗ്രസിന്റെ (ജോസഫ്) രണ്ടും പേരും എത്തിയില്ല. യുഡിഎഫിനെ വഞ്ചിക്കുന്ന രാഷ്ട്രീയ തീരുമാനത്തിനു പ്രസിഡന്റ് കൂട്ടു നിന്നതിനാലാണ് ഇതെന്ന് ഇവർ പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാലാണു 10 പേരും എത്താതിരുന്നതെന്നാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിശദീകരണം. 9 അംഗങ്ങൾ പങ്കെടുത്തു. കോട്ടയം ജനറൽ ആശുപത്രിയുടെയും വിവിധ സർക്കാർ സ്കൂളുകളുടെയും വികസന പദ്ധതികളാണു ചർച്ചയ്ക്കു വന്നത്. വിവിധ ടെൻഡറുകളും അംഗീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഗവൺമെന്റ്, എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്കായി 440 ലാപ്ടോപ്പുകൾ നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.

ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് കൊടുത്തത് തെറ്റോ? അതു തെറ്റല്ല…

കോട്ടയം ∙ കേരള കോൺഗ്രസിന് (എം) 2018ൽ രാജ്യസഭാ സീറ്റ് നൽകിയതിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനു ജാഗ്രതക്കുറവുണ്ടായെന്നു കോൺഗ്രസ് ഹൈക്കമാൻഡ് വിലയിരുത്തൽ. ജോസ് കെ. മാണിക്കു വേണ്ടിയാണ് അന്നു സീറ്റ് വിട്ടുകൊടുത്തത്. കേരള കോൺഗ്രസ് (എം) ഇടതു മുന്നണിയിലേക്കു മാറിയ പശ്ചാത്തലത്തിൽ അന്നത്തെ തീരുമാനത്തെപ്പറ്റി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കൺവീനർ എം.എം.ഹസനും സംസാരിക്കുന്നു.

രാജ്യസഭാ സീറ്റ് നൽകിയതിൽ തെറ്റില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായിരുന്നു തീരുമാനം. കേരള കോൺഗ്രസിനെ (എം) യുഡിഎഫിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു സീറ്റ് നൽകിയത്. എല്ലാ ഘടക കക്ഷികളുമായി ചർച്ച ചെയ്തായിരുന്നു തീരുമാനം. – ഉമ്മൻ ചാണ്ടി.

യുഡിഎഫിൽ തിരികെ എത്താൻ അവർ വച്ച ഉപാധിയാണു രാജ്യസഭാ സീറ്റ്. അതു കൊണ്ടാണു നൽകിയത്. അതിൽ തെറ്റില്ല. അന്നു കേരള കോൺഗ്രസ് (എം)ൽ നിന്നുള്ള രാജ്യസഭാംഗം ജോയ് ഏബ്രഹാമിന്റെ കാലാവധി കഴിഞ്ഞിരുന്നു. യുഡിഎഫിലെ ധാരണപ്രകാരം അത്തവണ കോൺഗ്രസിനായിരുന്നു സീറ്റ് ലഭിക്കേണ്ടിയിരുന്നത്. കേരള കോൺഗ്രസിന് (എം) അൽപം നേരത്തെ കൊടുത്തെന്നു മാത്രം. -രമേശ് ചെന്നിത്തല.

തീരുമാനം തെറ്റിയിട്ടില്ല. കെ.എം.മാണിയെ തിരിച്ചു യുഡിഎഫിൽ എത്തിക്കാനാണു രാജ്യസഭാ സീറ്റ് നൽകിയത്. അന്നും രാജ്യസഭ വേണമെന്ന് ഉപാധി വച്ചത് ജോസ് കെ.മാണിയാണ്. അതാണു ജോസ് വിശ്വാസ വഞ്ചന കാണിച്ചെന്നു പറഞ്ഞത്.സീറ്റ് അവർക്കു നൽകിയതിൽ കോൺഗ്രസിൽ പ്രതിഷേധവുമുണ്ടായി. -എം.എം.ഹസൻ.