തദ്ദേശ തെരഞ്ഞെടുപ്പ്‌: മത്സരിക്കാന്‍ വനിതകളെ തേടി മുന്നണികള്‍


കാഞ്ഞിരപ്പള്ളി: തെരഞ്ഞെടുപ്പ്‌ അടുത്തു, സീറ്റുകളില്‍ ഭൂരിഭാഗവും വനിതാ സംവരണമായതോടെ മത്സരത്തിനിറങ്ങാന്‍ വനിതകളെ തപ്പി ഇറങ്ങിയിരിക്കുകയാണ്‌ പ്രമുഖ മുന്നണികള്‍.
കോവിഡ്‌ കാലത്ത്‌ പ്രചരണം ഉള്‍പ്പെടെ ചൂടുപിടിപ്പിക്കണമെങ്കില്‍ ജനസമ്മിതിയുള്ള വനിതാ നേതാവ്‌ വേണമെന്നാണ്‌ നിലപാട്‌. 
വെറും ജനസമ്മതി മാത്രം പോരാ. നവമാധ്യമങ്ങളില്‍ സജീവമായവര്‍ക്കാണ്‌ മുന്‍ഗണന നല്‍കുന്നത്‌. ഇപ്പോള്‍ തന്നെ ചിലരെ പാര്‍ട്ടിക്കാര്‍ തെരഞ്ഞു വച്ച്‌ സ്‌ഥാനാര്‍ഥിത്വം ഉറപ്പാക്കി കഴിഞ്ഞു. 
ജില്ല, ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ഉയര്‍ന്ന പദവിയിലുള്ള വനിതാ നേതാക്കള്‍ക്കാണ്‌ അവസരം നല്‍കാന്‍ തീരുമാനം. എന്നാല്‍ പഞ്ചായത്ത്‌ വാര്‍ഡുകളില്‍ അങ്ങനെയല്ല. ചെറുപ്പക്കാര്‍ തന്നെ വേണമെന്ന്‌ നിര്‍ബന്ധം പിടിക്കുന്നവരുണ്ട്‌. നിലവില്‍ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ അംഗമല്ലാത്തവരെ പോലും സ്‌ഥാനാര്‍ഥിത്വം വാഗദ്‌ാനം നല്‍കി നേതാക്കള്‍ എത്തുന്നുണ്ട്‌. 
ഇത്തവണ തെരഞ്ഞെടുപ്പ്‌ ്രപചരണ പരിപാടികള്‍ ഏറെയും സോഷ്യല്‍ മീഡിയകള്‍ വഴിയാണ്‌ നടത്തുന്നത്‌. വോട്ടര്‍മാരുടെ മനം കവരാന്‍ യുവതികളായ സ്‌ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ്‌ നേതാക്കളുടെ തീരുമാനം. അവസരം കാത്തിരിക്കുന്ന മുന്‍കാല വനിത മെമ്പര്‍മാരെ വരെ തഴഞ്ഞാണ്‌ പുതുമുഖങ്ങളെ തേടി നേതാക്കള്‍ ഇറങ്ങുന്നത്‌. വനിത വോട്ടര്‍മാരുടെ നിലപാടും തെരഞ്ഞെടുപ്പിന്റെ വിജയത്തില്‍ നിര്‍ണായകമാണ്‌.