തിരക്കിലും വിയർക്കാതെ ക്യൂവിൽ

എരുമേലി ∙ നാടിന്റെ ജനാധിപത്യ ബോധത്തിനു മുൻപിൽ സൂര്യൻ പകലന്തിയോളം മറഞ്ഞുനിന്നു. അതിരാവിലെ പെയ്ത ചന്നംപിന്നം മഴയ്ക്കുശേഷം മഴയില്ലാത്ത ‘കൂൾ’ കാലാവസ്ഥ തുടർന്നതിനാൽ ചൂടും പരവേശവുമില്ലാതെ ജനം വിധിയെഴുതാൻ ക്യൂവിൽ ക്ഷമയോടെ നിന്നു.

ചതുഷ്കോണ മൽസരം തീവ്രമായ പൂഞ്ഞാറിന്റെ കിഴക്കൻ പഞ്ചായത്തുകളിൽ രാവിലെമുതൽ കനത്ത പോളിങ് ആണ് നടന്നത്. സ്വതേ തിരക്കു കുറവായ എരുമേലി സെന്റ് തോമസ് സ്കൂൾ ബൂത്തിലാണ് ഇന്നലെ ഏറ്റവുമധികം തിരക്ക് ദൃശ്യമായത്.

ഉച്ചയോടെ തിരക്ക് അവസാനിച്ചു കാണാറുള്ളതിൽനിന്നു വിപരീതമായി വൈകുന്നേരം നാലിനുശേഷവും നീണ്ട ക്യൂ ദൃശ്യമായി. കിഴക്കൻ മേഖലയിലും വൻതോതിൽ രാവിലെമുതൽ പോളിങ് നടന്നു. കണമല, മൂക്കംപെട്ടി, മണിപ്പുഴ, നെടുംകാവ് വയൽ, കനകപ്പലം ബൂത്തുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പ്രമുഖ നാലു സ്ഥാനാർഥികളുടെ പ്രവർത്തകരും തികഞ്ഞ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.