നാടിന്റെ ‘പിപി’ യാത്രയായി

എരുമേലി ∙ പിപി (പഞ്ചായത്ത് പ്രസിഡന്റ്) എന്നപേരിൽ രാഷ്ട്രീയ ജീവിതത്തിന്റെ മൂന്നു പതിറ്റാണ്ട് കാലം അറിയപ്പെട്ടിരുന്ന കെ.ജെ.ജോസഫ് എന്ന കിഴുകണ്ടയിൽ അപ്പച്ചന്റെ അപ്രതീക്ഷിത മരണം നാടിനെ തീരാദുഃഖത്തിലാക്കി. 1979ൽ ആണ് അപ്പച്ചൻ ജനപ്രതിനിധിയായി വെച്ചൂച്ചിറ പഞ്ചായത്തിൽ എത്തിയത്. 30 വർഷം പഞ്ചായത്തംഗമായിരുന്ന അപ്പച്ചൻ അതിൽ 20 വർഷവും പ്രസിഡന്റ് ആയിരുന്നു.

കോൺഗ്രസിന്റെ ഊർജമായി മാറിയ അപ്പച്ചൻ നാടിനുവേണ്ടി ചെയ്ത വികസന പ്രവർത്തനങ്ങൾ എണ്ണമറ്റതാണ്. പ്രസിഡന്റ് പദവിയിൽനിന്നു പഞ്ചായത്ത് അംഗമായപ്പോഴും പിന്നീട് തിരഞ്ഞെടുപ്പിൽ ഇനി മൽസരിക്കാനില്ലെന്നു കഴിഞ്ഞ തദ്ദേശ ഇലക്‌ഷനു മുൻപ് പ്രഖ്യാപിച്ചപ്പോഴും അദ്ദേഹത്തെ നാട്ടുകാർ രാഷ്ട്രീയ ഭേദമന്യേ പിപി എന്നു മാത്രം സ്നേഹത്തോടെ വിളിച്ചു.

കോട്ടയം, പത്തനംതിട്ട ജില്ലാതിർത്തിയിലെ കൊല്ലമുളയ്ക്കും ചാത്തൻതറയ്ക്കുമിടയിൽ പതിനഞ്ച് എന്ന സ്ഥലത്തെ കിഴുകണ്ടയിൽ വീട്ടിൽ രാഷ്ട്രീയക്കാരും പൊതുജനവും ഒഴിഞ്ഞ നേരം ഉണ്ടായിട്ടില്ല. അവിടെ അപ്പച്ചൻ ചേട്ടൻ എപ്പോഴുമുണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ അന്തിമോപചാരമർപ്പിക്കാൻ കിഴുകണ്ടയിൽ വീട്ടിലെത്തി. ഇന്നു വൈകിട്ട് വെച്ചൂച്ചിറ പഞ്ചായത്ത് ഓഫിസിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. നാളെ രാവിലെ 10ന് ആണ് സംസ്കാരം.