നേതാക്കന്മാർ പൊയ്ക്കോട്ടെ, അണികളെ കിട്ടുമോ; ഭരണം നഷ്ടമാകുന്നിടങ്ങളിവിടെ…


 കേരള കോൺഗ്രസ് (എം) നേതാക്കന്മാർ പൊയ്ക്കോട്ടെ, അണികളെ കിട്ടുമോ എന്ന നോട്ടത്തിലാണ് കോൺഗ്രസ്.ജോസ് പക്ഷത്തെ യുഡിഎഫ് അനുഭാവികളെ കൂടെനിർത്താൻ ശ്രമം തുടങ്ങി. കേരള കോൺഗ്രസ് (എം) വിട്ടുവരുന്ന നേതാക്കൾക്കു തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളും യുഡിഎഫ് നൽകുന്നുണ്ട്. 

യുഡിഎഫിന്റെ വാട്സാപ് ഗ്രൂപ്പുകളിൽനിന്ന് കേരള കോൺഗ്രസ് (എം) നേതാക്കളെ പുറത്താക്കി,ചിലർ ലെഫ്റ്റായി…

ളാലം, വാഴൂർ ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫിനു ഭരണം നഷ്ടമാകും. എത്ര ഗ്രാമപ്പഞ്ചായത്തുകളിൽ ഭരണമാറ്റമെന്ന് അറിവായിട്ടില്ല. പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകളിൽ കോൺഗ്രസും ജോസഫ് വിഭാഗവും  ഒരുപോലെ നോട്ടമിട്ടു കഴിഞ്ഞു. 

പാലാ 

മാണി സി. കാപ്പൻ വരാൻ തയാറായാൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസിൽ ആലോചനയുണ്ട്. ഇല്ലെങ്കിൽ കോൺഗ്രസ് സീറ്റ് ഏറ്റെടുത്തേക്കും. കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി എന്നിവരുടെ പേരുകൾ പരിഗണനയിൽ. 

 ഏറ്റുമാനൂർ 

മാണി സി. കാപ്പന്റെ നീക്കം നിർണായകം; ഡൽഹിക്കോ തിരുവനന്തപുരത്തേക്കോ?

ഏറ്റുമാനൂർ സീറ്റിനാണ് കോൺഗ്രസിൽ ആൾക്കൂട്ടം. മുൻമന്ത്രി കെ.സി. ജോസഫ്, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, കെപിസിസി നിർവാഹക സമിതിയംഗം ജി. ഗോപകുമാർ, കെപിസിസി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ് എന്നിവരുടെ പേര് പറഞ്ഞുകേൾക്കുന്നു. ജോസഫ് വിഭാഗത്തിനു നൽകിയാൽ പ്രിൻസ് ലൂക്കോസിനും സാധ്യത. 

 കാഞ്ഞിരപ്പള്ളി

ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനു പുറമേ കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി എന്നിവരും കാഞ്ഞിരപ്പള്ളിയിൽ പ്രതീക്ഷ വയ്ക്കുന്നു.

 ചങ്ങനാശേരി 

സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നു പി.ജെ. ജോസഫ് പറയുമ്പോഴും കോൺഗ്രസിനും ഈ സീറ്റിൽ താൽപര്യമുണ്ട്.  കെ.സി. ജോസഫ്, ജോഷി ഫിലിപ്പ് എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. സി.എഫ്. തോമസിന്റെ മകൾ സിനി തോമസ്, സിഎഫിന്റെ സഹോദരനും നഗരസഭാ അധ്യക്ഷനുമായ സാജൻ ഫ്രാൻസിസ്, വി.ജെ. ലാലി എന്നിവരുടെ പേരുകൾ ജോസഫ് വിഭാഗത്തിലും ചർച്ചയിലുണ്ട്.