പാർട്ടിയെ ഇല്ലാതാക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു: ജോസ് കെ. മാണി


 കേരള കോൺഗ്രസിനെ ഇല്ലാതാക്കാൻ കോൺഗ്രസിലെ ചില നേതാക്കൾ ശ്രമിച്ചെന്ന് ജോസ് കെ. മാണി ആരോപിച്ചു. പാർട്ടി പിടിച്ചെടുക്കാനുള്ള പി.ജെ. ജോസഫിന്റെ നീക്കത്തെ യുഡിഎഫ് പിന്തുണച്ചു. പാലാ ഉപതിരഞ്ഞെടുപ്പിൽ തോൽപ്പിച്ചു. ഇതു സംബന്ധിച്ച് ഞങ്ങളുടെ പരാതി ഗൗനിച്ചില്ല. ഞങ്ങളെ പുറത്താക്കിയ ശേഷം യുഡിഎഫ് ചർച്ചയ്ക്കു പോലും വിളിച്ചില്ല.

നിയമസഭയിൽ കേരള കോൺഗ്രസിന്റെ എംഎൽഎമാരെ അപമാനിച്ചു. ആത്മാഭിമാനം അടിയറവ് വച്ചു യുഡിഎഫിൽ തുടരില്ല. കർഷകരക്ഷയ്ക്കായുള്ള പാർട്ടിയുടെ മാനിഫെസ്റ്റോ എൽഡിഎഫിനു സമർപ്പിക്കും. ബാർ കോഴക്കേസിൽ സിപിഎമ്മിനു ഞങ്ങളെ തല്ലാൻ വടി കൊടുത്തത് കോൺഗ്രസാണ്. തോമസ് ചാഴികാടൻ ലോക്സഭാംഗത്വം രാജി വയ്ക്കേണ്ട കാര്യമില്ല. കേരള കോൺഗ്രസിന്റെ പിന്തുണയോടെ ജയിച്ച സീറ്റുകൾ യുഡിഎഫ് രാജിവയ്ക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. ‘പൊളിറ്റിക്കൽ വൾച്ചറിസമാണ്’ പി.ജെ. ജോസഫിന്റെ നയമെന്നും ജോസ് പറഞ്ഞു.