പിക്കപ് വാൻ ഓടയിൽ വീണു ഡ്രൈവർക്കു പരുക്ക്

പൊൻകുന്നം ∙ ദേശീയപാതയോരത്തെ മൂടിയില്ലാത്ത ഓടയിൽ വീണു പിക്കപ് വാൻ ഡ്രൈവർക്കു പരുക്ക്. ഏന്തയാർ സ്വദേശി വിഷ്‌ണു (25) വിനാണു പരുക്കേറ്റത്. ടൗണിൽ രാജേന്ദ്ര മൈതാനത്തിന് എതിർവശത്തെ ഓടയിലാണു യുവാവ് വീണത്.

കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു അപകടം. വൈദ്യുതി മുടങ്ങിയ സമയമായതിനാൽ ഓടകളിലൊന്നു തുറന്നിരുന്നത് അറിയാതെ എത്തിയ വിഷ്‌ണു കുഴിയിൽ വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട വിഷ്‌ണുവിനെ സമീപത്തെ പച്ചക്കറി വ്യാപാരിയായ ഇളംകാട് സ്വദേശി ജയൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു.

ഹൈവേ നവീകരണത്തിന്റെ ഭാഗമായി ടൗണിലെ ഓടകൾ‌ക്കു മുകളിൽ സ്ലാബുകൾ പാകിയെങ്കിലും ഒരു സ്ലാബ് മാത്രം ഇട്ടിരുന്നില്ല. നടപ്പാതയായി ഉപയോഗിക്കുന്ന സ്ലാബുകളിൽ കൂടി നടന്നു വരുന്ന ആളുകൾ ഭാഗ്യംകൊണ്ടാണ് ഓടയിൽ വീഴാതെ രക്ഷപ്പെടുന്നത്. മൂടിയില്ലാത്ത ഭാഗത്ത് അടിയന്തരമായി സ്ലാബിടണമെന്നു നഗരവാസികൾ ആവശ്യപ്പെട്ടു.