പൂഞ്ഞാറിലെ തോൽവി; സി പി എമ്മിൽ അച്ചടക്ക നടപടിക്കു സാധ്യത

എരുമേലി : പൂഞ്ഞാറിൽ ജയിക്കേണ്ടത് അഭിമാനപ്രശ്നമാണെന്നു പിണറായി വിജയൻ നേരിട്ടെത്തി പറഞ്ഞിട്ടും ചെവിക്കൊള്ളാതിരുന്ന ലോക്കൽ കമ്മറ്റി നേതാക്കൾക്കെതിരെ സി പി എമ്മിൽ അച്ചടക്ക നടപടിക്കു സാധ്യത.

പൂഞ്ഞാറിലെ തോൽവി സംസ്ഥാന നേതൃത്വത്തിനു കടുത്ത അതൃപ്തി സൃഷ്ടിച്ചിരിക്കേ സിപിഎം ലോക്കൽ നേതൃത്വം കടുത്ത ഭീഷണിയിൽ. പി.സി.ജോർജിനു നിയോജകമണ്ഡലത്തിൽ ഏറ്റവുമധികം വോട്ട് ലഭിച്ചത് എരുമേലിയിലാണെന്നു വ്യക്തമായിരിക്കേ ആരുടെയൊക്കെ അധികാരത്തലകളാണ് ഉരുളുന്നതെന്നു ചൂടുപിടിച്ച ചർച്ച ആരംഭിച്ചു. എരുമേലിയിൽ മുക്കൂട്ടുതറ, എരുമേലി എന്നിങ്ങനെ രണ്ടു ലോക്കൽ കമ്മിറ്റികളാണുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 23ൽ 14 സീറ്റ് നേടിയാണ് എൽഡിഎഫ് പഞ്ചായത്തു ഭരണം പിടിച്ചെടുത്തത്.

വ്യക്തമായ ആധിപത്യമാണു സിപിഎമ്മിനു പഞ്ചായത്തിലുള്ളതെന്നിരിക്കേ എരുമേലിയിൽ സിപിഎം സ്ഥാനാർഥി പി.സി.ജോസഫ് മൂന്നാം സ്ഥാനത്തേക്കു ദയനീയമായി പിൻതള്ളപ്പെട്ടതു നിസ്സാരമായല്ല നേതൃത്വം കാണുന്നത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിന്റെ ജോർജ്കുട്ടി ആഗസ്തിയെക്കാൾ 10,000 വോട്ടുകൾ പിന്നിലായിരുന്നു പി.സി.ജോസഫിന്റെ സ്ഥാനം. ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചില മുതിർന്ന സിപിഎം നേതാക്കൾ പരോക്ഷമായി പി.സി.ജോർജിനു വേണ്ടി പ്രവർത്തിച്ചതായി അണികൾ ചൂണ്ടിക്കാട്ടുന്നു.

പി.സി.ജോർജ് ജയിച്ചപ്പോൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും നമുക്കു പി.സി.ജോർജിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കണമെന്നു മുതിർന്ന സിപിഎം നേതാവ് അണികളിൽ ചിലരോടു പറഞ്ഞതും നാട്ടിൽ ഇപ്പോൾ ചർച്ചയാണ്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ പ്രചാരണത്തിന് ഇറങ്ങാൻ ഡമോക്രാറ്റിക് കേരള കോൺഗ്രസിന്റെ നാമമാത്ര പ്രാദേശിക നേതാക്കളാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ ഇവർ പ്രചാരണത്തിന് ആളില്ലാത്തതിന്റെ സങ്കടം സിപിഎമ്മുമായി പങ്കുവച്ചിരുന്നു.

പൂഞ്ഞാറിൽ ജയിക്കേണ്ടത് അഭിമാനപ്രശ്നമാണെന്നു പിണറായി വിജയൻ നേരിട്ടെത്തി പറഞ്ഞിട്ടും ചെവിക്കൊള്ളാതിരുന്നതിന്റെ കാരണങ്ങളെക്കുറിച്ചു പ്രവർത്തകർ സുഖകരമല്ലാത്ത വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്.