പൂഞ്ഞാറിൽ തോറ്റവർ കണക്കു പറയേണ്ടി വരും

എരുമേലി∙ പൂഞ്ഞാറിലെ വൻ വോട്ട്ചോർച്ചയിൽ സിപിഎം അടക്കമുള്ള പാർട്ടികളുടെ പ്രാദേശിക നേതൃത്വങ്ങൾ അമ്പരപ്പിൽ. പൂഞ്ഞാറിൽ ഇടത് സ്ഥാനാർഥി നേടിയ അപ്രസക്തമായ വോട്ടിന് ഇനി അണികളിൽ നിന്നും നേതൃത്വത്തിൽ നിന്നും പ്രാദേശിക നേതൃത്വം മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പായി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾത്തന്നെ വോട്ട് ചോർച്ചയെക്കുറിച്ച് എൽഡിഎഫിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ഉറച്ച പ്രവർത്തകരിൽ സംശയങ്ങൾ ഉയർന്നിരുന്നു.

സംശയം അസ്ഥാനത്തായില്ലെന്നാണ് സംസ്ഥാനത്തൊട്ടാകെ ഇടത് കാറ്റ് വീശിയിട്ടും പൂഞ്ഞാറിലെ വൻപരാജയം വ്യക്തമാക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫ് മൂന്നാം സ്ഥാനത്തെത്തിയതിന് എത്ര വിശദീകരണം കൊടുത്താലും കാര്യമില്ലെന്നു നേതൃത്വം ഭയപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. മുൻതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടി അഹോരാത്രം പ്രയത്നിച്ച ചില പ്രാദേശിക നേതാക്കൾ ഇത്തവണ തികഞ്ഞ മൗനത്തിലായിരുന്നു.

എൻഡിഎ സ്ഥാനാർഥി എം.ആർ. ഉല്ലാസിനെക്കാൾ നേരിയ വോട്ട് വർധന മാത്രമാണ് പി.സി. ജോസഫ് നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ എൽഡിഎഫിലെ മോഹൻ തോമസിന് ലഭിച്ച 44000 വോട്ടിൽ 22000 വോട്ട് എവിടെപ്പോയെന്ന ചോദ്യത്തിനും മറുപടിയില്ല.