പൂഞ്ഞാറിൽ പ്രചാരണം പൊടിപൊടിക്കുന്നു

മുണ്ടക്കയം∙ ഫിനിഷിങ് പോയിന്റിലേക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണവേഗം ഇരട്ടിയാക്കി പൂഞ്ഞാറിലെ സ്ഥാനാർഥികൾ. പാട്ടും മേളവുമായി യുഡിഎഫ് പര്യടനം ഇന്നലെ ഇൗരാറ്റുപേട്ട യുഡിഎഫ് സ്ഥാനാർഥി ജോർജ്കുട്ടി ആഗസ്തിയുടെ പ്രചാരണം. അനൗൺസ്മെന്റുകളും താളക്കൊഴുപ്പാർന്ന പാട്ടുകളുമായി കൊണ്ടൂർ ടൗണിൽ നിന്നാരംഭിച്ച പര്യടനം കൊണ്ടൂർ ലക്ഷം വീട്, മോസ്കോ ജംക്‌ഷൻ, കടുവാമൂഴി, വാഴമറ്റം, കുറുമുളംതടം, വട്ടക്കയം, ഇളപ്പുങ്കൽ, എന്നീ പ്രദേശങ്ങൾ കടന്നു വടക്കേകരയിൽ സമാപിച്ചു. ഇന്ന് എരുമേലി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പര്യടനം നടത്തും.ഇന്നലെ വൈകിട്ട്‌ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ നിന്നു പുഞ്ചവയലിലേക്കു യൂത്ത് കോൺഗ്രസ് പാറത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടന്നു. പി.എ സലീം ഫ്ലാഗ് ഓഫ് ചെയ്തു.

പ്രഫ. പി.ജെ. വർക്കി, നൗഷാദ് ഇല്ലിക്കൽ, അനീസ് ഇളപ്പുങ്കൽ, അജിമോൻ ജബ്ബാർ, ബിനു മറ്റക്കര, ബിനു ജെ. ജോർജ്, സിറിൽ, ജോയി പൂവത്തുങ്കൽ എന്നിവർ പ്രസംഗിച്ചു. തെക്കേക്കരയിൽ മൂന്നാം ഓട്ടം തികച്ച് എൽഡിഎഫ് എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫ് ഇന്നലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മൂന്നാം ഘട്ട പ്രചാരണം പൂർത്തീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു. രാവിലെ ആനക്കുഴിയിൽ നിന്നാരംഭിച്ച പര്യടനം മലയിഞ്ചിപ്പാറകയറി പാതാംപുഴ വഴി ചോലത്തടം, രാജീവ് കോളനി, വളതൂക്ക്, കടൂപ്പാറ എന്നീ സ്ഥലങ്ങൾ കടന്നു പനച്ചിപ്പാറയിൽ സമാപിച്ചു. സ്വീകരണ സ്ഥലങ്ങളിലെല്ലാം സ്ഥാനാർഥി പ്രസംഗിച്ചു.വീടുകളും കടകളും സന്ദർശിച്ച് വോട്ടു തേടുകയും ചെയ്തു. ഇന്ന് എരുമേലി പഞ്ചായത്തിലെ മുക്കൂട്ടുതറ പ്രദേശത്താണു പര്യടനം.

പ്രചാരണത്തിനായി സുരേഷ് ഗോപി ഇന്നെത്തും എൻഡിഎ സ്ഥാനാർഥി എം.ആർ. ഉല്ലാസിന്റെ പ്രചാരണാർഥം രാജ്യസഭാംഗം സുരേഷ് ഗോപിയും ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ഇന്നെത്തും. ഹെലികോപ്ടർ മാർഗം ഏന്തയാർ സ്കൂൾ ഗ്രൗണ്ടിലെത്തുന്ന ഇരുവരെയും രാവിലെ എട്ടിനു പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്നു റോഡ് ഷോയുടെ അകമ്പടിയോടെ മുണ്ടക്കയം ടൗണിലേക്കു കൊണ്ടുവരും. ബസ് സ്റ്റാൻഡ് ജംക്‌ഷനിലാണു തിരഞ്ഞെടുപ്പ് കൺവൻഷൻ.

ജിഷയുടെ കൊലപാതകത്തെ തുടർന്ന് ആഹ്വാനം ചെയ്ത ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെ വൈകിട്ടു നാലുവരെ എം.ആർ. ഉല്ലാസ് പ്രചാരണം ഉപേക്ഷിച്ചു. വൈകിട്ട് കൂട്ടിക്കൽ പഞ്ചായത്തിൽ പര്യടനം നടത്തി.

വോട്ടുപാട്ടുമായി എരുമേലിയിൽ പി.സി. ജോർജ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി പി.സി. ജോർജിന്റെ പര്യടന പരിപാടി എരുമേലി പഞ്ചായത്തിലെ ചേനപ്പാടിയിൽ യൂസഫ് മാളികവീട് ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി, ചരള, നേർച്ചപ്പാറ, ശ്രീനിപുരം, കനകപ്പലം, രാജീവ് കോളനി, കൊടിത്തോട്ടം, മണിപ്പുഴ എന്നീ സ്ഥലങ്ങളിലെ പര്യടനത്തിനു ശേഷം എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പര്യടനം സമാപിച്ചു. കേരള കോൺഗ്രസ് സെക്യുലർ മണ്ഡലം പ്രസിഡന്റ് ജോഷി തോമസ് അധ്യക്ഷത വഹിച്ചു. പാർട്ടി വൈസ് ചെയർമാൻ പി.ഇ. മുഹമ്മദ് സക്കീർ മുഖ്യ പ്രഭാഷണം നടത്തി.