പൂഞ്ഞാറിൽ 31 ഇന വികസന പദ്ധതികൾ പി. സി. ജോർജ് പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട ∙ ചരിത്രവിജയം നേടിയ പൂഞ്ഞാറിൽ 31 ഇന വികസന പദ്ധതികൾ പി.സി.ജോർജ് പ്രഖ്യാപിച്ചു.

ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്കിനാണു പ്രഥമ പരിഗണന. ദേശീയ റബർ നയം പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്തും. റബറിന്റെ മൂല്യവർധിത ഉൽപാദനത്തിന്റെ കേന്ദ്രമായി പൂഞ്ഞാറിനെ മാറ്റും. കാർഷിക ബജറ്റിനായി നിലകൊള്ളും, കർഷകർക്കു സൗജന്യ വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിനു മുഴുവൻ പഞ്ചായത്തുകളിലും പ്രാദേശിക കാർഷിക വിപണന കേന്ദ്രങ്ങൾ ആരംഭിക്കും.

കർഷകരുടെ മക്കൾക്കു പലിശരഹിത വിദ്യാഭ്യാസ വായ്പ, പാറത്തോട്ടിൽ 25,000 പേർക്കു തൊഴിൽ ലഭിക്കുന്ന വ്യവസായ പാർക്ക്, മണ്ഡലത്തിലെ ജലക്ഷാമം പരിഹരിക്കാൻ മണിമലയാറ്റിലും മീനച്ചിലാറ്റിലും ബൃഹത് പദ്ധതികൾ, എല്ലാവർക്കും വീട്, സർക്കാർ സ്കൂളുകളിൽ സ്മാർട് ക്ലാസ് റൂം, ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസും സൗജന്യ ചികിത്സയും, ക്ഷീരകർഷകർക്കു സബ്സിഡി, ശാസ്ത്രീയ കരിയർ ഗൈഡൻസ്, അഭിരുചി പഠനം, പിഎസ്‌സി – ഐഎഎസ് പരിശീലന കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കും.

വോൾട്ടേജ് ക്ഷാമത്തിനു ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതികൾക്കു രൂപം നൽകും. ഗ്രീൻ ടൂറിസത്തിനു പ്രത്യേക പദ്ധതികൾ തയാറാക്കും. ശബരിമല തീർഥാടനത്തിനു സമയബന്ധിതമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. വർധിപ്പിച്ച വീട് – വസ്തു കരം കുറയ്ക്കുന്നതിനു സമ്മർദം ചെലുത്തും. കൃഷിക്കു പലിശരഹിത വായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾക്കും രൂപം നൽകും. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കായി രാജ്യാന്തര കമ്പനികളെ പങ്കെടുപ്പിച്ചു ജോബ് ഫെയർ നടത്തും. സ്ത്രീസുരക്ഷയ്ക്കായി വാർഡുതല ജാഗ്രതാ സമിതികൾ രൂപീകരിക്കും.

പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപീകരിക്കും. താഴേത്തട്ടിലുള്ള അഴിമതി നിയന്ത്രിക്കാൻ ജനപക്ഷ ജാഗ്രതാ സമിതികൾക്കു രൂപം നൽകും. ഈരാറ്റുപേട്ട നഗരസഭാ വികസന പദ്ധതികൾക്കായി കൂടുതൽ തുക നീക്കിവയ്ക്കും. ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി എന്നീ നഗരങ്ങളിൽ പ്രത്യേക മാലിന്യ നിർമാർജന പദ്ധതികൾ ആരംഭിക്കും. മീനച്ചിലാർ, മണിമലയാർ എന്നിവ സംരക്ഷിക്കാൻ പദ്ധതി തയാറാക്കും. വാഗമൺ ടൂറിസത്തിനു പ്രത്യേക പരിഗണന നൽകും.

ഈരാറ്റുപേട്ട ഗവ. ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തും. മുണ്ടക്കയം താലൂക്ക് ആശുപത്രി നവീകരിക്കും. ഓട്ടോ – ടാക്സി ഡ്രൈവർമാർക്കു വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കും. നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട മുഴുവൻ റോഡുകളും രാജ്യാന്തര നിലവാരത്തിലാക്കും