പ്ലസ് ടു പരീക്ഷയിൽ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിനു തകർപ്പൻ ജയം

എരുമേലി ∙ പ്ലസ് ടു പരീക്ഷയിൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിനു തകർപ്പൻ ജയം. ഇവിടെ പരീക്ഷ എഴുതിയ 177 കുട്ടികളിൽ 174 പേരും വിജയിച്ചു. 15 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.

എരുമേലി പഞ്ചായത്തിലെ ഏക എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളാണിത്. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയത്തിലേക്ക് 20 കിലോമീറ്ററിലധികം സഞ്ചരിച്ചെത്തുന്ന കുട്ടികളുണ്ട്. ദൂരങ്ങൾ താണ്ടിയുള്ള അധ്യയനത്തിന്റെ ക്ഷീണം മറികടന്ന് ഇവർ നേടിയ വിജയം നാടിന് അഭിമാനമായിരിക്കുകയാണ്.

കോമേഴ്സ് വിഭാഗത്തിൽ നൂറുശതമാനമാണു വിജയം. 99 ശതമാനം കുട്ടികൾ ബയോളജി ബാച്ചിൽ വിജയിച്ചപ്പോൾ കംപ്യൂട്ടർ സയൻസ് ബാച്ചിൽ വിജയശതമാനം 98. പ്രിൻസിപ്പൽ സാബുക്കുട്ടി മാത്യുവിന്റെ കീഴിൽ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു നടത്തിയ പരിശ്രമങ്ങളാണു സ്കൂളിന്റെ വിജയത്തിളക്കത്തിനു പിന്നിൽ.