മുണ്ടക്കയം ആശുപത്രി രോഗശയ്യയിൽ

മുണ്ടക്കയം∙ നാടിന്റെ ആശ്രയകേന്ദ്രമായ ആതുരാലയം വികസനമുരടിപ്പിന്റെ രോഗശയ്യയിൽ തന്നെ. മേഖലയിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം രോഗികളെ വലയ്ക്കുന്നു. ഡോക്ടർമാരുടെ കുറവും ലബോറട്ടറി ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ആശുപത്രി നേരിടുന്ന വെല്ലുവിളി.

പകർച്ചവ്യാധികൾ മൂലം ദിനംപ്രതി 500ലധികം രോഗികൾ ചികിത്സ തേടിയെത്തുമ്പോൾ അപര്യാപ്തതകൾക്കു നടുവിലും തങ്ങളാൽ കഴിയുന്ന സേവനം നൽകുവാൻ പെടാപ്പാട് പെടുകയാണ് ആകെയുള്ള ഡോക്ടർമാരും ജീവനക്കാരും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഇൗ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി പ്രഖ്യാപനം ഉണ്ടായെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. പഴയ കെട്ടിടം പൊളിച്ചുമാറ്റി ഒപി, ഐപി വിഭാഗങ്ങൾക്കായി പുതിയ കെട്ടിടം നിർമിച്ചെങ്കിലും പൂർത്തീകരിച്ചില്ല. ഇപ്പോൾ 20 രോഗികളെ മാത്രമേ കിടത്തി ചികിത്സിക്കുവാൻ ഇവിടെ സൗകര്യമുള്ളു.

അത്യാഹിതങ്ങൾ സംഭവിച്ച് എത്തുന്നവരെ പ്രഥമ ചികിത്സ നൽകി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്കു പറഞ്ഞയയ്ക്കുക മാത്രമാണ് ചെയ്യുന്നത്. ലബോറട്ടറി സംവിധാനം ഉണ്ടെങ്കിലും ആവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്താത്തത് പ്രവർത്തനത്തെ ബാധിച്ചു. മേഖലയിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഡെങ്കി പ്പനിയെന്നു സംശയിക്കുന്ന രോഗികളുടെ രക്തപരിശോധനയ്ക്ക് സൗകര്യമില്ലാത്തതിനാൽ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കുകയാണ് പതിവ്. ഇടുക്കി ജില്ലയിൽ നിന്നെത്തുന്ന രോഗികൾ ഉൾപ്പെടെ ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്രയമായ ഗവ.ആശുപത്രിയിൽ കുറഞ്ഞത് ഏഴു ഡോക്ടർമാരെയെങ്കിലും നിയമിക്കുകയും പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ച് ഐപി, ഒപി വിഭാഗങ്ങൾ മാറ്റുകയും ചെയ്താൽ അസൗകര്യങ്ങൾക്ക് പരിഹാരമാകും. മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തി ആശുപത്രി ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.