മെഡിക്കൽ രേഖകൾ ഉപയോഗിച്ചു തട്ടിപ്പ്

എരുമേലി ∙ ഹൃദ്രോഗത്താൽ വലയുന്ന ആളുടെ മെഡിക്കൽ രേഖകൾ ഉപയോഗിച്ചു തട്ടിപ്പ്. രണ്ടുപേരടങ്ങുന്ന സംഘം രണ്ടു വീടുകളിൽനിന്നു 10,000 രൂപ തട്ടിയെടുത്തു. തട്ടിപ്പുകാരിൽ ഒരാളെ പൊലീസ് പിടികൂടിയെങ്കിലും പണം നൽകിയ ആൾ പരാതി നൽകാതെ തട്ടിപ്പുകാരനോട് ഉദാരത കാട്ടി. ഹൃദയസംബന്ധമായ അസുഖത്തിനു ചികിൽസയിൽ കഴിയുന്ന മുക്കട സ്വദേശിനിയുടെ മെഡിക്കൽ രേഖകളുടെ പകർപ്പ് സൂത്രത്തിൽ കൈക്കലാക്കി മുണ്ടക്കയം സ്വദേശികളാണു തട്ടിപ്പു നടത്തിയത്.

ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള പണം നാട്ടുകാരിൽനിന്നു സമാഹരിച്ചു തരാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്നു തട്ടിപ്പുകാർ കനകപ്പലത്ത് ഉയർന്ന സാമ്പത്തികശേഷിയുള്ള വീട്ടിലെത്തി രേഖകൾ കാട്ടി ചികിത്സാ സഹായം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെ വീട്ടുടമ 10,000 രൂപ നൽകി.

എന്നാൽ, ഇരുവരും പോയിക്കഴിഞ്ഞപ്പോൾ സംശയം തോന്നിയ വീട്ടുകാരൻ മുക്കടയിൽ അന്വേഷിച്ചപ്പോൾ തുക അവിടെ ലഭിച്ചില്ലെന്നു വ്യക്തമായി. പിന്നീടു വീട്ടുകാരൻ എരുമേലിയിൽ നടത്തിയ തിരച്ചിലിൽ ഒരാളെ കണ്ടുകിട്ടി. മറ്റെയാൾ പണവുമായി രക്ഷപ്പെടുകയും ചെയ്തു. അറസ്റ്റ് ചെയ്യാൻ തുനിഞ്ഞെങ്കിലും പരാതിയില്ലാത്തതിനാൽ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.