യുഡിഎഫിനും കോൺഗ്രസിനും പി.ജെ. ജോസഫിനുമെതിരെ ജോസ് കെ. മാണിയുടെ ആരോപണങ്ങൾ ഇങ്ങനെ…


October 15, 2020 10:33 AM IST

PJ-Joseph-and-Jose-K-Mani

കോട്ടയം ∙ യുഡിഎഫിനും കോൺഗ്രസിനും പി.ജെ. ജോസഫിനുമെതിരെ ജോസ് കെ. മാണിയുടെ ആരോപണങ്ങൾ: 

∙ യുഡിഎഫ് 

മുന്നണിയിൽ ചിലരുടെ ഒന്നാം നമ്പർ ശത്രു കേരള കോൺഗ്രസാണെന്ന് കെ.എം. മാണി പറഞ്ഞത് ഇപ്പോൾ ശരിയായി. തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസിനെ തോൽപിക്കാൻ പ്രത്യേക ബറ്റാലിയനുകളെ നിയോഗിക്കുന്നു, പണം മുടക്കുന്നു. തദ്ദേശ പദവിയുടെ പേരിൽ മുന്നണിയിൽ നിന്നു ഘടകകക്ഷിയെ പുറത്താക്കുന്നത് രാജ്യത്ത് ആദ്യം. കെ.എം. മാണിയോടുണ്ടെന്നു പറയുന്ന സ്നേഹം ഞങ്ങൾ പുറത്തു പോയപ്പോൾ കാണിച്ചില്ല. 

∙ കോൺഗ്രസ് 

ചില നേതാക്കൾ പിന്നിൽനിന്നു കുത്തി. അതാരാണെന്ന് എല്ലാവർക്കും അറിയാം. ബാർ കോഴക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് കുടുക്കി. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനോട് വോട്ടു ചോദിച്ചില്ല. ഞങ്ങളെ പുറത്താക്കുക എന്നത് ചിലരുടെ അജൻഡയാണ്. കെ.എം. മാണിയെ ഇല്ലാതാക്കുക എന്നതാണ് അജൻഡ. 

∙ പി.ജെ. ജോസഫ് 

കെ.എം. മാണിക്കു രോഗമാണെന്ന് അറിഞ്ഞപ്പോൾ പാർട്ടിയും പാർട്ടി ഓഫിസും പിടിച്ചെടുക്കാൻ ശ്രമിച്ചു. ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടു. കെ.എം. മാണിയുടെ പാലായിലെ വീട് മ്യൂസിയമാക്കണമെന്ന് ആവശ്യപ്പെട്ടു. പാലാ ഉപതിരഞ്ഞെടുപ്പിൽ തോൽപിച്ചു. ചിഹ്നം നൽകിയില്ല. സ്ഥാനാർഥി പുറത്തുനിന്നു വേണമെന്ന് ആവശ്യപ്പെട്ടു. നീചമായ വ്യക്തിഹത്യ നടത്തി. 

∙ എൽഡിഎഫ് 

ഞങ്ങളെ പിന്നിൽ നിന്നു കുത്തിയിട്ടില്ല. ബാർ കോഴക്കേസിൽ കെ.എം. മാണി കളങ്കിതനല്ലെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞിട്ടുണ്ട്. മതനിരപേക്ഷത നിലനിർത്താൻ എൽഡിഎഫിനു കഴിയുന്നു. പ്രളയവും കോവിഡും ഫലപ്രദമായി നേരിട്ടു. 

∙ ബിജെപി 

ബിജെപിക്കും എൻഡിഎക്കും എതിരെയും അനൂകൂലമായും നിലപാടൊന്നും ജോസ് കെ. മാണി പ്രഖ്യാപിച്ചില്ല.