യുഡിഎഫിന്റെ ജീവനാഡി അറ്റുപോയി, അവരെ കാത്തിരിക്കുന്നത് വലിയ തകര്‍ച്ച – മുഖ്യമന്ത്രി


കെ എം മാണിയോട് ഏറ്റവും കൂടുതല്‍ അനീതി കാണിച്ചത് യുഡിഎഫ് ആണെന്ന് കെ എം മാണി തന്നെ പറഞ്ഞിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു

  യുഡിഎഫ് എന്ന മുന്നണിയുടെ ജീവനാഡി അറ്റുപോയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പോകുന്നതിന് നയപരമായി തടസ്സമോ വിഷമമോ ഉള്ള പാര്‍ട്ടിയല്ലെന്നും അങ്ങനെ വരുമ്പോള്‍ അവരെ സഹകരിപ്പിക്കുന്നതില്‍  പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈകീട്ടത്തെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകായയിരുന്നു അദ്ദേഹം.

“യുഡിഎഫ് എന്ന മുന്നണിയുടെ ജീവനാഡി അറ്റുപോയിരിക്കുകയാണ്. അതവര്‍ ഇപ്പോ തത്ക്കാലം മറച്ചുവെച്ച് സംസാരിക്കുന്നുവെന്ന് മാത്രം. അതു കൊണ്ടാണ് ഞങ്ങള്‍ക്ക് ക്ഷീണമൊന്നും പറ്റിയിട്ടില്ല എന്നവര്‍ പറയുന്നത്. യഥാര്‍ഥത്തില്‍ വലിയ തകര്‍ച്ച യുഡിഎഫിന് വന്നു കഴിഞ്ഞു. വലിയ തകര്‍ച്ച യുഡിഎഫിനെ കാത്തിരിക്കുകയാണ്. ഇത്രനാളും യുഡിഎഫിന്റെ നയത്തോട് ആഭിമുഖ്യമില്ലാത്തവരാണ് യുഡിഎഫിനെ തിരസ്‌കരിക്കുമെന്ന ധാരണയില്‍ പറഞ്ഞത്. എന്നാല്‍ ഇന്ന് ഒരു കക്ഷി തന്നെ യുഡിഎഫിനെ തള്ളി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇത് യുഡിഎഫിന് വരുത്തുന്ന ക്ഷതം ചെറുതല്ല. ഗൗരവമായി തന്നെ കാണേണ്ടതാണ്. ഇത് എല്‍ഡിഎഫിന് കരുത്തു പകരുന്ന നിലപാട് തന്നെയാണ്”, മുഖ്യമന്ത്രി പറഞ്ഞു.

കരുത്തുപകരാതിരിക്കാന്‍ എല്‍ഡിഎഫ് എന്താണ് ജനങ്ങള്‍ക്ക് എതിരായി ചെയ്തിട്ടുള്ളതെന്നും അതിനെ വക്രീകരിക്കാനുള്ള ശ്രമമല്ലേ നടന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

രാജ്യസഭാ സീറ്റു നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പിന്നീട് തീരുമാനിക്കേണ്ട കാര്യങ്ങളാണെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു  മുഖ്യമന്ത്രി മറുപടി നല്‍കി.

“ജോസ് കെ മാണി ആരോഗ്യകരമായ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. അവരെ നേരത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കുന്ന നിലപാടാണ് യുഡിഎഫ് എടുത്തത്. അതിനു ശേഷവും മാന്യമായി കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് അവര്‍ എടുത്തു. മത നിരപേക്ഷത പൂര്‍ണ്ണമായും സംരക്ഷിക്കുന്ന എല്‍ഡിഎഫിനൊപ്പം നില്‍ക്കാനാണ് അവര്‍ തയ്യാറായിരിക്കുന്നത്. മാത്രമല്ല കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രത്യേകമായി കണ്ട് അവര്‍ നിലപാടെടുത്തു. അത്തരത്തില്‍ പല സാഹചര്യങ്ങള്‍ പരിഗണിച്ചാണ് എല്‍ഡിഎഫിനോടൊപ്പം ഉപാധികളില്ലാതെ നില്‍ക്കാന്‍ അവര്‍ തീരുമാനമെടുത്തത്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്‍ഡിഎഫ് യോഗത്തിന്റെ ഭാഗമായി യോഗം ചേര്‍ന്ന് ഔപചാരിക നിലപാടെടുക്കും.മറ്റ് പ്രശ്‌നങ്ങള്‍ സാധാരണ നിലയ്ക്ക് മുന്നണിയുമായി ചര്‍ച്ച ചെയ്ത് പോകും”, മുഖ്യമന്ത്രി പറഞ്ഞു

അതേ സമയം കെ എം മാണിയോട് ഏറ്റവും കൂടുതല്‍ അനീതി കാണിച്ചത് യുഡിഎഫ് ആണെന്ന് കെ എം മാണി തന്നെ പറഞ്ഞിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

“കേരളത്തില്‍ വന്നിട്ടുള്ള രാഷ്ട്രീയ മാറ്റത്തെയാണ് നാം കാണേണ്ടത്. ആ രാഷ്ട്രീയ മാറ്റം കേരള രാഷ്ട്രീയത്തിന്റെ ദിശയ്ക്ക് തന്നെ ആരോഗ്യകരമാണ്. കെ. എം മാണി ഏറ്റവും ശക്തമായി പ്രതികരിച്ചത് കോണ്‍ഗ്രസ്സിനു നേരെയാണ്”. ജോസ് കെമാണിയുടെ പ്രവേശനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ദുഃഖമുണ്ടാക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി.

മാണി സി കാപ്പന്‍ തന്നെ മുന്നണി മാറ്റമില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല യുഡിഎഫ് കണ്‍വീനർ ഹസ്സന്‍ നടത്തിയ പ്രസ്താവന തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. സീറ്റ് വിഭജനം നിയമസഭാ തിരഘട്ടത്തിലാണ് ചര്‍ച്ച ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.