റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിളയായി കാപ്പികൃഷി

മുണ്ടക്കയം: 80 ശതമാനംവരെ തണലുള്ള റബ്ബര്‍തോട്ടങ്ങളില്‍ മികച്ച വിളവ് നല്‍കുന്ന ‘റോയ്‌സ്’ കാപ്പിത്തൈകള്‍ മുണ്ടക്കയം മേഖലയിലും വ്യാപകമാകുന്നു. 18 മാസംകൊണ്ട് വിളവ് ലഭിക്കുന്ന റോയ്‌സ് കാപ്പി മേഖലയിലെ വന്‍കിട-ചെറുകിട കര്‍ഷകര്‍ വ്യാപകമായി കൃഷിചെയ്യുന്നു. ഇടവിളകൃഷിചെയ്യുന്ന റബ്ബര്‍ തോട്ടങ്ങളില്‍ തൈവെച്ച് മൂന്നുവര്‍ഷം കഴിയുന്നതോടെ തണല്‍ വ്യാപിക്കും.

ഇടവിളകൃഷിയിലൂടെ മികച്ച വരുമാനവും ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. തണല്‍മൂടിയ തോട്ടങ്ങളില്‍ വളരെ വിജയകരമായി റോയ്‌സ് കാപ്പി കൃഷിചെയ്ത് വിളവെടുക്കാനാകുമെന്ന് പുതിയ ഇനം കാപ്പിയുടെ ഉപജ്ഞാതാവും കര്‍ഷകനുമായ വയനാട് പുല്‍പ്പള്ളി കവളക്കാട്ട് റോയി ആന്റണി പറയുന്നു.

ഒരേക്കര്‍ തോട്ടത്തില്‍ 1800 കാപ്പിത്തൈകള്‍ നടാം. റബ്ബറിന്റെ പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലുള്ള സ്ഥലത്ത് 5 അടി അകലത്തിലാണ് നടുന്നത്. അറബിക്ക ഇനത്തില്‍പ്പെട്ട കാപ്പിത്തൈ ആവശ്യക്കാര്‍ക്ക് സ്ഥലത്തെത്തിച്ചു കൊടുക്കുകയാണ് റോയി ചെയ്യുന്നത്.

ഒരു തൈക്ക് 10 രൂപയാണ് വില. ഒരു കാപ്പി നടുന്നതിന് 15 രൂപയോളം വേണം. 18 മാസം കഴിയുന്നതോടെ കാപ്പിയില്‍നിന്ന് വരുമാനം ലഭിക്കും. ഒരു കാപ്പിയില്‍നിന്ന് ശരാശരി ഒരു കിലോയിലധികം കുരു ലഭിക്കും.
പുതിയ ഇനം കാപ്പിക്ക് പക്കവേരുകള്‍ക്ക് പകരം തായ്വേരാണുള്ളത്. ഇക്കാരണത്താല്‍ റബ്ബറിന്റെ വളം നഷ്ടപ്പെടുകയുമില്ല. കവാത്തിനായി പ്രത്യേക ചെലവ് വരില്ല. ബാംഗ്‌ളൂര്‍ ആസ്ഥാനമായുള്ള കോഫി ബോര്‍ഡ് അധികൃതര്‍ റോയിയുടെ കാപ്പിത്തൈകള്‍ പരിശോധിച്ച് ഗുണനിലവാരം തിട്ടപ്പെടുത്തിയിരുന്നു.

വന്‍കിട എസ്റ്റേറ്റായ ടി.ആര്‍. ആന്‍ഡ് ടി.യിലെ കുപ്പക്കയം, മണിക്കല്‍ ഡിവിഷനുകളില്‍ ഒരുവര്‍ഷം മുമ്പുതന്നെ റോയ്‌സ് കാപ്പികൃഷി തുടങ്ങിയിരുന്നു.