റേഷൻ കൊടുത്തില്ലെങ്കിൽ കാശു കൊടുക്കേണ്ടിവരും

മുൻഗണനാ വിഭാഗം, അന്ത്യോദയ അന്നയോജന എന്നീ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട റേഷൻ വിഹിതം അതതു മാസം നൽകിയില്ലെങ്കിൽ ഉത്തരവാദികളായവർ കാർഡ് ഉടമയ്ക്കു ഭക്ഷ്യസുരക്ഷാ അലവൻസ് നൽകണമെന്ന് ഉത്തരവ്. നിലവിൽ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യം നൽകിയില്ലെങ്കിൽ പിഴയായി വിപണി വില അലവൻസായി നൽകണം.

പുഴക്കലരിയോ പച്ചരിയോ ആണ് നൽകാതിരുന്നതെങ്കിൽ കിലോയ്ക്ക് 17.50 രൂപ പ്രകാരം കാർഡ് ഉടമയ്ക്കു നൽകണം. ഗോതമ്പാണു നൽകാനുള്ളതെങ്കിൽ കിലോയ്ക്ക് ശരാശരി 17.35 രൂപ പ്രകാരം നൽകണം. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ വ്യവസ്ഥപ്രകാരമാണ് അലവൻസ് നിശ്ചയിച്ചിട്ടുള്ളത്.

ഭക്ഷ്യധാന്യം കൃത്യമായി റേഷൻ കടകളിൽ വാതിൽപടി വിതരണം നടത്തുന്ന സിവിൽ സപ്ലൈസ് വകുപ്പാണു സാധന സാമഗ്രികൾ എത്തിക്കുന്നതിൽ വീഴ്ച വരുത്തുന്നതെങ്കിൽ വകുപ്പാണു തുക നൽകേണ്ടത്.

കടയുടമ മനഃപൂർവമായ കാരണങ്ങളാൽ വിഹിതം നൽകിയില്ലെങ്കിൽ നോഡൽ ഓഫിസർ ജില്ലാ പരാതി പരിഹാര ഓഫിസർക്കു പരാതി റജിസ്റ്റർ ചെയ്യണം. വീഴ്ചവരുത്തുന്ന വ്യാപാരിയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റിൽനിന്നോ ഡീലർ കമ്മിഷനിൽനിന്നോ ഈ തുക ഈടാക്കി കാർഡ് ഉടമയ്ക്കു നൽകണം. അതതു റേഷനിങ് ഇൻസ്പെക്ടറാണു നോഡൽ ഓഫിസർ.

എല്ലാമാസാന്ത്യത്തിലും എല്ലാ റേഷൻ കടകളിലും എഎവൈ, മുൻഗണനാ കാർഡുകൾക്കു ലഭ്യമായ റേഷൻ സാധനങ്ങളുടെ നില പരിശോധിക്കണം. നൽകാത്ത റേഷൻ വിഹിതത്തിന്റെ അലവൻസ് അടുത്തമാസം മൂന്നാമത്തെ ആഴ്ചയ്ക്കുള്ളിൽ ബാങ്ക് അക്കൗണ്ട് വഴിയോ അല്ലാതെയോ കാർഡ് ഉടമയ്ക്കു നൽകണം.

റേഷൻ ലഭിക്കാത്ത ഗുണഭോക്താവിനു ജില്ലാ സപ്ലൈ ഓഫിസർക്കു പരാതി എഴുതി നൽകുകയോ ഫോണിൽ അറിയിക്കുകയോ ചെയ്യാം. റേഷനിങ് ഇൻസ്പെക്ടർ പരിശോധനാ സമയത്തു നേരിട്ടു ബോധ്യപ്പെട്ടാലും റിപ്പോർട്ട് ചെയ്യണം.