P C George, Pro Jayaraj, Anto Antony

അഡ്വ. സെബാസ്റ്യന്‍ കുളത്തുങ്കൽ

നബാര്‍ഡ് നിര്‍ദേശം ഗ്രാമീണ സമ്പദ്വ്യവസ്ഥയെ തകര്‍ക്കും

അഡ്വ. സെബാസ്റ്യന്‍ കുളത്തുങ്കൽ
കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും , കൂവപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ മുൻപ്രസിഡന്റും ആണ് ലേഖകന്‍ .
അദ്ദേഹം ഇപ്പോൾ ജനമുന്നേറ്റ സമിതിയുടെ ( J S S ) ചെയര്‍മാന്‍ ആയി പ്രവർത്തിക്കുന്നു

Sebastian kulathungaljpg

സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക സര്‍വീസ് സഹകരണ ബാങ്കുകള്‍ ബാങ്കിംഗ് സേവനങ്ങള്‍ നിര്‍ത്തലാക്കണമെന്നും സ്വന്ത നിലയില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ വായ്പ നല്‍കുകയോ ചെയ്യരുതെന്നുമുള്ള നബാര്‍ഡ് നിര്‍ദേശം നടപ്പിലാക്കപ്പെട്ടാല്‍ അതു കേരളത്തിന്റെ കാര്‍ഷിക മേഖലയേയും അതുവഴി ഗ്രാമീണ സമ്പദ്വ്യവസ്ഥയേയും വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നായിത്തീരും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 201213 വര്‍ഷത്തെ സാമ്പത്തിക നയപ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ഇതുപ്രകാരം നടപ്പാക്കേണ്ട സാമ്പത്തിക പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി നബാര്‍ഡ് ചെയര്‍മാന്‍ ഡോ. പ്രകാശ് ബക്ഷി അധ്യക്ഷനായി രൂപീകരിക്കപ്പെട്ട സമിതിയുടെ ശിപാര്‍ശകളെത്തുടര്‍ന്നാണ്, ഇപ്രകാരം നബാര്‍ഡ് നിര്‍ദേശം പുറപ്പെടുവിച്ചത്.

കേരളത്തിലെ സഹകരണ മേഖലയുടെ പ്രവര്‍ത്തനശൈലി സംബന്ധിച്ചോ, അതിനു ഗ്രാമീണ സമ്പദ് വ്യവസ്ഥയിലുള്ള പങ്കിനേക്കുറിച്ചോ യാതൊരു പഠനവും നടത്താതെ ഉദാരവത്കരണ നയങ്ങളെ പോഷിപ്പിക്കുന്നതിനു മാത്രം ലക്ഷ്യംവച്ച് തയാറാക്കിയ പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പാടില്ലെന്നു നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. എങ്കിലും അതൊന്നും പരിഗണിക്കാതെയാണു നബാര്‍ഡ് ഏകപക്ഷീയമായി പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതു തികച്ചും പ്രതിഷേധാര്‍ഹമാണ്.

കേരളത്തിന്റെ സഹകരണ മേഖല ഇവിടത്തെ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളും 14 ജില്ലാ സഹകണ ബാങ്കുകളുടെ 700ഓളം ശാഖകളും 1600ലധികം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളും അവയുടെ 300ലധികം ശാഖകളും അടക്കം ഏകദേശം 4000 നടുത്ത് സഹകരണ സ്ഥാപനങ്ങളാണ് ക്രെഡിറ്റ് മേഖലയില്‍ മാത്രം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതും കേരളത്തിന്റെ സഹകരണ മേഖലയില്‍ ഇന്ന് ഒരു ലക്ഷം കോടിയിലധികം രൂപ നിക്ഷേപമായുണ്ട് എന്നതും അതില്‍ പകുതിയും പ്രാഥമിക സഹകരണ സ്ഥാപനങ്ങളിലാണ് എന്നുള്ളതും ഇതില്‍നിന്നു 90 ശതമാനവും വായ്പയായി നല്‍കപ്പെട്ടിട്ടുണ്ട് എന്നുള്ളതും കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ സഹകരണ മേഖലയുടെ പങ്കും പ്രാധാന്യവും വ്യക്തമാക്കുന്നതാണ്. സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ കേരള സഹകരണ നിക്ഷേപ സുരക്ഷാനിധി രൂപവത്കരിക്കുകയും മേല്‍നോട്ടത്തിനായി നിക്ഷേപ സുരക്ഷാ ബോര്‍ഡിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍തന്നെ സഹകരണ സ്ഥാപനത്തിലെ നിക്ഷേപത്തിനു സര്‍ക്കാര്‍, പൂര്‍ണ ഗാരന്റി ഉറപ്പ് വരുത്തിയിരിക്കുകയാണ്.

കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ നബാര്‍ഡില്‍നിന്നു ലഭ്യമാകുന്നതു കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കാലാകാലങ്ങളില്‍ സ്വന്ത നിലയിലും കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ഷിക വായ്പകള്‍ നല്‍കാറുണ്ട്. നബാര്‍ഡ് നിര്‍ദേശം നടപ്പിലായാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊന്നും കഴിയാത്ത സാഹചര്യം സംജാതമാകും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ കൂടാതെ സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ, ആരോഗ്യ, കണ്‍സ്യൂമര്‍, മത്സ്യ, ക്ഷീര, കയര്‍, ടൂറിസം, ഭാവന, പട്ടികജാതി/പട്ടികവര്‍ഗ, വനിതാ സംഘങ്ങള്‍ അടക്കമുള്ള എല്ലാവിധ സഹകരണ പ്രസ്ഥാനങ്ങളുടെയും ആശ്രയവും അടിത്തറയും പ്രാഥമിക കാര്‍ഷിക സംഘങ്ങളാണെന്ന് ഒരു പരിധിവരെ പറയാന്‍ കഴിയും.

പ്രാഥമിക കാര്‍ഷിക സംഘങ്ങളുടെ അടിത്തറ തോണ്ടുന്ന നബാര്‍ഡ് നിര്‍ദേശങ്ങള്‍ നടപ്പിലായാല്‍ കേരളത്തിന്റെ സമസ്ത സഹകരണ മേഖലയുടെയും തകര്‍ച്ചയായിരിക്കും ഫലം. മുമ്പു സഹകരണ മേഖലയെ സംബന്ധിച്ചു പഠനം നടത്തി റിപ്പോര്‍ട്ട് നല്കിയ വൈദ്യനാഥന്‍ കമ്മിറ്റി പോലും കേരളത്തിലെ പ്രാഥമിക കാര്‍ഷിക സംഘങ്ങളുടെ പ്രാധാന്യവും ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ അതു വഹിക്കുന്ന പങ്കും അംഗീകരിച്ചിട്ടുള്ളതാണ്. അതിലുപരി ആഗോള സാമ്പത്തിക മാന്ദ്യം അടക്കം ലോക സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകുന്ന കയറ്റിറക്കങ്ങളുടെ ആഘാതത്തില്‍നിന്നു കേരളത്തിന്റെ ഗ്രാമീണ മേഖലയെ പിടിച്ചുനിര്‍ത്തുന്നതും ആഗോളവത്കരണത്തിന്റെ ദോഷഫലങ്ങളില്‍നിന്നും കേരളത്തിന്റെ കാര്‍ഷിക മേഖലയെ ഒരു പരിധിവരെ സംരക്ഷിക്കുന്നതും സഹകരണമേഖലയാണ് എന്നുള്ളത് ഏവരും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്.

കേരളത്തില്‍ ഇന്നു സഹകരണമേഖല വിപണിയില്‍ നടത്തുന്ന ഇടപെടലുകള്‍, കണ്‍സ്യൂമര്‍ഫെഡ് എന്ന സഹകരണ സ്ഥാപനത്തിന്റെ നന്മ സ്റോറുകള്‍, നീതി സ്റോറുകള്‍, സഹകരണ ബാങ്കുകള്‍ ആഭിമുഖ്യം വഹിക്കുന്ന നീതി മെഡിക്കല്‍ സ്റോറുകള്‍ ഇവയിലൂടെ എല്ലാം സാധാരണക്കാരനു ദൈനംദിനം അനുഭവവേദ്യമാകുന്നതാണ്. ഇപ്രകാരമെല്ലാം കേരളത്തില്‍ ഒരു സമാന്തര സമ്പദ്വ്യവസ്ഥയായി നിലനിന്നുകൊണ്ട് ഗ്രാമീണമേഖലയേയും കാര്‍ഷിക മേഖലയേയും സംരക്ഷിക്കുന്ന സഹകരണ പ്രസ്ഥാനത്തേയും പ്രാഥമിക കാര്‍ഷിക സഹകരണ മേഖലയേയും തകര്‍ക്കുവാന്‍ ഇടവരുത്തുന്ന നബാര്‍ഡ് നിര്‍ദേശങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കപ്പെടേണ്ടതാണ്.

97ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയിലെ സഹകരണ മേഖല കൂടുതല്‍ ശക്തിപ്പെടുന്നതിനു സാഹചര്യം ഒരുക്കപ്പെട്ടിരിക്കുമ്പോള്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ ശക്തിയാര്‍ജിക്കുകയും വളര്‍ച്ച കൈവരിക്കുകയും ചെയ്യാന്‍ ശ്രമിക്കുന്നതിനു പകരം നബാര്‍ഡ്, ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ നബാര്‍ഡിന്റെ പ്രവര്‍ത്തന ലക്ഷ്യംതന്നെ പാളിപ്പോവുകയാണ്. രാജ്യത്തിന്റെ ഗ്രാമീണ വികസനത്തിനും കാര്‍ഷിക അഭിവൃദ്ധിക്കും താങ്ങുംതണലുമാകേണ്ട കേന്ദ്ര ഏജന്‍സിയായ നബാര്‍ഡ് കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത് സാധാരണക്കാരനെ പെരുവഴിയിലാക്കുന്ന നയം സ്വീകരിക്കുന്നതു തികച്ചും അപലപനീയമാണ്. രാഷ്ട്രശില്പിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിനുവേണ്ടി രൂപപ്പെടുത്തിയ മിശ്രസമ്പദ്വ്യവസ്ഥയില്‍ സഹകരണമേഖലയ്ക്ക് അദ്വിതീയ സ്ഥാനമുണ്ട് എന്നുള്ളത് ഇന്നത്തെ നയ രൂപവത്കരണ കര്‍ത്താക്കള്‍ ഓര്‍മിക്കുന്നതു നന്ന്.

മുമ്പു തന്നെ സര്‍വീസ് ടാക്സ് ഏര്‍പ്പെടുത്തല്‍, ആദായനികുതി ഇളവ് എടുത്തുകളയല്‍ തുടങ്ങി സഹകരണ പ്രസ്ഥാനങ്ങളെ ഞെരുക്കുന്ന പല നടപടികളും സ്വീകരിക്കപ്പെട്ടുവരുന്ന സാഹചര്യത്തില്‍, പ്രകാശ് ബക്ഷി കമ്മീഷന്‍ റിപ്പോര്‍ട്ട് കേരളത്തിന്റെ എതിര്‍പ്പ് അവഗണിച്ചു നടപ്പിലാക്കാന്‍ ശ്രമിക്കുന്നതു കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുകയും അതുവഴി ഈ മേഖലയിലെ കനത്ത നിക്ഷേപം വാണിജ്യബാങ്കുകളില്‍ എത്തിച്ചു കുത്തകകള്‍ക്കു കൊടുക്കുന്നതിന് അവസരം സൃഷ്ടിക്കുന്നതിനാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

വളരെ ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുന്ന കേരളത്തിലെ ത്രീ ടയര്‍ സഹകരണ ശൃംഖലയുടെ അടിക്കല്ലായ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ ബാങ്കിംഗ് നടത്താന്‍ പാടില്ല എന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ വായ്പ നല്‍കുകയോ ചെയ്യാന്‍ പാടില്ല എന്നും ആസ്തിബാധ്യതകള്‍ ജില്ലാ ബാങ്കുകള്‍ക്ക് കൈമാറി അവയുടെ ബിസിനസ് കറസ്പോണ്ടന്റായി മാത്രം പ്രവര്‍ത്തിക്കണം എന്നും യാതൊരു സാമ്പത്തിക ഇടപാടുകളിലും പങ്കാളികളാകുവാന്‍ പാടില്ല എന്നും മറ്റുമുള്ള നബാര്‍ഡ് നിര്‍ദേശങ്ങള്‍ പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ ലിക്വിഡേറ്റ് ചെയ്യുന്നതിന് ഇടവരുത്തും. അതു കേരളത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ തകര്‍ത്തു തരിപ്പണമാക്കുന്നതിനും ഇപ്പോള്‍തന്നെ തകര്‍ച്ചയിലായ കാര്‍ഷികമേഖല പാടേ നശിക്കുന്നതിനും സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു ജീവനക്കാരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകുന്നതിനുമെല്ലാം കാരണമാകും.

ഈ നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും നടപ്പിലാക്കരുത്. ഇതിനായി കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ സഹകാരികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം. കേരളത്തിലെ കൃഷിക്കാരെയും സഹകരണ മേഖലയേയും ഭീഷണിപ്പെടുത്തുന്ന നബാര്‍ഡിനെ നിലയ്ക്കുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേരളത്തിലെ പാര്‍ലമെന്റംഗങ്ങളുടെയും സത്വരശ്രദ്ധ പതിയണം.