വോട്ട് ചെയ്യാൻ വരുമ്പോൾ സ്കൂട്ടർ മറിഞ്ഞു പരുക്കേറ്റു

ഇളങ്ങുളം ∙ വോട്ട് ചെയ്യാൻ വരുമ്പോൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞു ദമ്പതികൾക്കു പരുക്ക്. ഇളങ്ങുളം ശാസ്‌താ കെവിഎൽപി സ്‌കൂളിലെ ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ മാറാട്ടിൽ അപ്പുക്കുട്ടൻ നായർ (68), ഭാര്യ ജഗദമ്മ (62) എന്നിവർക്കാണു പരുക്കേറ്റത്.

പോളിങ് ബൂത്തിലേക്കെത്തിയ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയറുകളിലൊന്നു പഞ്ചറായതിനെത്തുടർന്നു റോഡിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തിൽ കൈയ്ക്കു സാരമായി പരുക്കേറ്റ ജഗദമ്മയുമായി ആശുപത്രിയിലേക്കു പോകുന്നതിനിടയിലും ഭർത്താവ് അപ്പുക്കുട്ടൻ നായർ സമീപമുള്ള ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. അപകടത്തിൽ ജഗദമ്മയുടെ കൈയ്ക്കു രണ്ട് ഒടിവുണ്ട്. ഇരുവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.