സനലിന്റെ കുടുംബത്തിന് നാടിന്റെ സഹായനിധി

മുണ്ടക്കയം ∙ നാട് സമാഹരിച്ച സഹായനിധി ഇനി സനലിന്റെ കുടുംബത്തിന് കൈത്താങ്ങാകും. വാഹനാപകടത്തിൽ മരണമടഞ്ഞ മാധ്യമപ്രവർത്തകൻ വണ്ടൻപതാൽ സ്വദേശി സനൽ ഫിലിപ്പിന്റെ ശസ്ത്രക്രിയയ്ക്കു വേണ്ടി സമാഹരിച്ച 388350 രൂപയാണു കുടുംബത്തിനു നൽകുന്നത്.

വിവിധ രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, പ്രസ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ മൂന്നു ദിവസംകൊണ്ട് തുക സമാഹരിക്കുകയായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകാതെ ഇതിന്റെ തൊട്ടടുത്ത ദിവസംതന്നെ സനൽ മരണത്തിലേക്ക് മടങ്ങി.

സമാഹരിച്ച തുക സനലിന്റെ സഹോദരിയുടെ വിവാഹത്തിനായി കൈമാറുവാൻ ചികിത്സാ സഹായ സമിതിയോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത് പ്രസിഡന്റ്, സനലിന്റെ മാതാവ്, സഹോദരി എന്നിവരുടെ സംയുക്ത അക്കൗണ്ട് തുറന്ന് പണം അതിൽ നിക്ഷേപിക്കും.

ആലോചനാ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.കെ.കുഞ്ഞുബാവ, പ്രസ് സെന്റർ സെക്രട്ടറി നൗഷാദ് വെംബ്ലി, ജനപ്രതിനിധികളായ അജിത രതീഷ്, ബെന്നി ചേറ്റുകുഴി, ബി.ജയചന്ദ്രൻ, കെ.സി.സുരേഷ്, വിവിധ സംഘടനാ ഭാരവാഹികളായ റോയി കപ്പലുമാക്കൽ, സി.വി.അനിൽകുമാർ, സെബാസ്റ്റ്യൻ ചുള്ളിത്തറ, നൗഷാദ് ഇല്ലിക്കൽ, എം.ജി.രാജു, പി.കെ.പ്രദീപ്കുമാർ, കെ.ബി.മധു, ആർ.സി.നായർ, ടി.കെ.ശിവൻ, സിനോൾ തോമസ് എന്നിവർ പ്രസംഗിച്ചു.