ഹോട്ടലിലെ പറ്റു തീർക്കാതെ ആരോഗ്യവകുപ്പു ജീവനക്കാർ മുങ്ങി

എരുമേലി ∙ ശബരിമല സീസണിൽ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച വകയിലുള്ള പറ്റു തീർക്കാതെ ആരോഗ്യവകുപ്പു ജീവനക്കാർ മുങ്ങിയതായി പരാതി. ഹോട്ടൽ ജീവനക്കാർ നൽകിയ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പു ജീവനക്കാർ സ്ഥലത്തെത്തി തെളിവു ശേഖരിച്ച് അധികൃതർക്കു റിപ്പോർട്ട് സമർപ്പിച്ചു.

12,000 രൂപയാണ് ഹോട്ടലിനു നൽകാനുള്ളത്. കഴിഞ്ഞ മണ്ഡല – മകരവിളക്കു സീസണിൽ കണമലയിൽ ക്യാംപ് ചെയ്ത ആരോഗ്യവകുപ്പു ജീവനക്കാരാണ് അവിടെയുള്ള ഹോട്ടലിൽനിന്നു രണ്ടു മാസം ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ മുങ്ങിയതായി പരാതി ഉയർന്നിരിക്കുന്നത്. ഇവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സീസൺ ഡ്യൂട്ടിക്ക് എത്തിയവരാണെന്ന് ആരോഗ്യവകുപ്പു നടത്തിയ പരിശോധനയിൽ വ്യക്തമായി.

സാധാരണഗതിയിൽ സീസൺ കഴിഞ്ഞു കുറെ നാളുകൾക്കുശേഷമാണ് നാട്ടിലെ ഹോട്ടൽ അടക്കമുള്ള സ്ഥാപനങ്ങളിലെ കണക്കു വിവിധ വകുപ്പുകൾ തീർക്കുന്നത്. എന്നാൽ, തുക എത്തുന്നതു കാത്തിരുന്നു മുഷിഞ്ഞ ഹോട്ടൽ ഉടമ എരുമേലിയിലെ അധികൃതരെ സമീപിച്ചപ്പോഴാണു ജീവനക്കാർ മുങ്ങിയ വിവരം ആരോഗ്യവകുപ്പ് അറിയുന്നത്.

ഇതിനിടെ, ഹോട്ടൽ ഉടമയുടെ പരാതിയെ തുടർന്നു സംഭവം ഫോണിലൂടെ വിളിച്ചു പറഞ്ഞപ്പോൾ ഭക്ഷണം നൽകിയതിന്റെ ചെലവു സഹിക്കാവുന്നതല്ലേയുള്ളു എന്നമട്ടിൽ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർഡ് അംഗം അനീഷ് വാഴയിൽ ആരോപിച്ചു.