4 നിയമസഭാ മണ്ഡലങ്ങളും 15 ഗ്രാമപ്പഞ്ചായത്തുകളും പിടിച്ചെടുക്കാമെന്ന് സിപിഎം കണക്കു കൂട്ടൽ; ശക്തി തെളിയിക്കാൻ ജോസഫ്


ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്കു മാറിയതോടെ യുഡിഎഫിൽ ശക്തി തെളിയിക്കാൻ പഞ്ചായത്ത് തലത്തിൽ ആളെപ്പിടിക്കാൻ പി.ജെ.ജോസഫ് വിഭാഗം ശ്രമം തുടങ്ങി.കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുള്ള ജോസ് വിഭാഗത്തിലെ അതൃപ്തരായ നേതാക്കളെയും പ്രവർത്തകരെയും കൂടെ നിർത്താനാണ് നീക്കം. കേരള കോൺഗ്രസ് മുൻപ് വിജയിച്ചിരുന്ന എല്ലാ സീറ്റുകളിലും വിജയിക്കുക ലക്ഷ്യം.തദ്ദേശ തിരഞ്ഞെടുപ്പിലെ ശക്തിപ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിൽ അവകാശവാദങ്ങൾ ഉന്നയിക്കാൻ മുതൽക്കൂട്ടാകുമെന്നു ജോസഫ് വിഭാഗം കരുതുന്നു.

പാലാ മുനിസിപ്പാലിറ്റിയിൽ ഭരണം പിടിക്കുമെന്ന് പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാലാ നിയോജക മണ്ഡലം കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്നും അവിടത്തെ യുഡിഎഫ് സ്ഥാനാർഥി ജോസഫ് വിഭാഗത്തിൽ നിന്നു വേണമെന്നുമാണ് ജോസഫിന്റെ നിലപാട്. ജോസ് കെ.മാണി രാജിവച്ചതോടെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ പ്രതികരിക്കാൻ പി.ജെ.ജോസഫ് തയാറായില്ല. മുൻപും താൻ രാജ്യസഭാ സീറ്റിന് അവകാശം ഉന്നയിച്ചിട്ടില്ലായിരുന്നു എന്നും ജോസഫ് പറഞ്ഞുകഴിഞ്ഞു.

സിപിഎം നോട്ടം കൂടുതൽ നേട്ടം

കേരള കോൺഗ്രസിന്റെ (എം) സഹായത്തോടെ കോട്ടയം ജില്ലയിലെ 4 നിയമസഭാ മണ്ഡലങ്ങളും 15 ഗ്രാമപ്പഞ്ചായത്തുകളും അധികമായി പിടിച്ചെടുക്കാമെന്ന് സിപിഎം കണക്കു കൂട്ടൽ. കേരള കോൺഗ്രസിന്റെ (എം) വരവ് സംസ്ഥാനത്ത് പൊതുവേ ഗുണമുണ്ടാക്കുമെന്നും അത് കോട്ടയത്തും പ്രതിഫലിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസും പറഞ്ഞു. 

2016ലെ തിരഞ്ഞെടുപ്പിൽ‌ ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിൽ 2 സീറ്റ് മാത്രമാണ് എൽഡിഎഫിനു ലഭിച്ചത്– വൈക്കവും ഏറ്റുമാനൂരും. ഉപതിരഞ്ഞെടുപ്പിൽ പാലായും നേടി.  കേരള കോൺഗ്രസ് കൂടെയുണ്ടെങ്കിൽ പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ, വൈക്കം എന്നീ ഏഴു മണ്ഡലങ്ങളിൽ വിജയിക്കാം എന്നാണ് കണക്കു കൂട്ടൽ.