കർഷക സമരവും, കോവിഡും മൂലം കൈതച്ചക്ക കൃഷിക്കാർ പ്രതിസന്ധിയിൽ..
കാഞ്ഞിരപ്പള്ളി : റബ്ബർ വിലയിടിവ് മൂലം ദുരിതത്തിലായിരുന്ന കർഷകർക്ക് ആശ്വാസമായിരുന്ന കൈതക്കൃഷി കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. വിപണി ഏറ്റവും അധികം മെച്ചപ്പെടേണ്ട സമയത്ത് വലിയ പഴ വിപണിയായിരുന്ന ഡൽഹിയിൽ കർഷക സമരം വന്നതോടെ നാട്ടിലെ കൈതച്ചക്ക വിപണി പ്രതിസന്ധിയിലായി. ശബരിമല സീസണാണ് നവംബർ മുതൽ ജനുവരി വരെ പഴ വിപണിയെ ഉണർത്തുന്നത്. ഇക്കുറി കോവിഡ് മൂലം തീർഥാടനം നാമമാത്രമായതോടെ വിൽപ്പന തീരേ ഇല്ലാതായി. അഞ്ച് കിലോ ചക്ക 100 രൂപയ്ക്ക് ചില്ലറവിൽപ്പന നടത്തുമ്പോൾ കൃഷിക്കാരനിൽനിന്ന് ഇടനിലക്കാർ എടുക്കുന്നത് പലപ്പോഴും 10 രൂപയ്ക്ക് താഴെ. ഇതോടെ കൈതക്കൃഷി പാട്ടത്തിനെടുത്ത കർഷകർ കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത് . പലരും കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു.
അഞ്ച് കിലോ ചക്ക 100 രൂപയ്ക്ക് ചില്ലറവിൽപ്പന നടത്തുമ്പോൾ കൃഷിക്കാരനിൽനിന്ന് ഇടനിലക്കാർ എടുക്കുന്നത് പലപ്പോഴും 10 രൂപയ്ക്ക് താഴെ. റബ്ബർ വെട്ടിമാറ്റിയ തോട്ടങ്ങൾ റീപ്ലാന്റ് ചെയ്യലും കൈതകൃഷിയുമായി പാട്ടത്തിന് എടുത്തവരാണ് ഏറെ പ്രയാസത്തിലായത്.
ശബരിമല സീസണാണ് നവംബർ മുതൽ ജനുവരി വരെ പഴ വിപണിയെ ഉണർത്തുന്നത്. ഇക്കുറി തീർഥാടനം നാമമാത്രമായതോടെ വിൽപ്പന തീരേ ഇല്ലാതായി. വലിയ പഴ വിപണിയായിരുന്ന ഡൽഹിയിൽ കർഷകസമരം വന്നതാണ് മറ്റൊരു പ്രശ്നമായത്.
ലോഡ് കണക്കിന് പഴം കടന്നുപോകാതെ ചീത്തയായെന്ന് കച്ചവടക്കാരും പറയുന്നു. ദിവസം 300 ടൺ കൈതച്ചക്കയാണ് ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലേക്ക് കയറിപ്പോയിരുന്നത്. ഡൽഹിയിലെത്തിയശേഷമാണ് ഇത് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിവിടുന്നത്. ഇൗ ചരക്ക് നീക്കം പാതിയായി കുറഞ്ഞിട്ടുണ്ടെന്ന് കൃഷിക്കാർ പറഞ്ഞു. സംസ്ഥാന സർക്കാർ നിശ്ചയിച്ച അടിസ്ഥാനവിലയായ 15 രൂപയെങ്കിലും കിട്ടേണ്ടതാണെന്ന് കൃഷിക്കാർ പറയുന്നു.
രണ്ട് രീതിയിലാണ് കോട്ടയം ജില്ലയിലെ കൈതകൃഷി. റബ്ബർ വെട്ടിയ സ്ഥലത്ത് പുതിയ തൈ നട്ടുപിടിപ്പിച്ചുകൊടുക്കുന്നതിന് കരാർ എടുക്കുന്ന രീതിയുണ്ട്. ഇവർ നിശ്ചിത വർഷം ഇടവിളയായി കൈതച്ചക്ക കൃഷി ചെയ്യും. ഒരേക്കറിന് മൂന്ന് ലക്ഷം രൂപ വരെയാണ് പാട്ടമടക്കം ചെലവ് വരിക. കൃഷിക്കാരൻതന്നെ സ്വയം കൈതത്തോട്ടം ഒരുക്കുന്ന രീതിയുമുണ്ട്. എങ്കിലും ആദ്യരീതിക്കാണ് പ്രചാരം.
അതിഥി തൊഴിലാളികളാണ് തോട്ടത്തിൽ പണിയെടുക്കുന്നത്. ലോക്ഡൗണിൽ ഇവർ നാട്ടിലേക്ക് മടങ്ങിയത് പരിപാലനത്തെ ബാധിച്ചു. കൂടിയ കൂലി നൽകി നാട്ടിലെ തൊഴിലാളികളെ വിളിച്ചവരുമുണ്ട്. കാഞ്ഞിരപ്പള്ളിയിലെ തോട്ടമുടമ ഇളവ് വന്നപ്പോൾ വിമാന ടിക്കറ്റ് നൽകിയാണ് തൊഴിലാളികളെ വരുത്തിയത്. തോട്ടം നശിക്കുമെന്ന സ്ഥിതി വന്നപ്പോഴായിരുന്നു ഇത്.
ഇപ്പോഴും അതിഥി തൊഴിലാളികൾ പഴയപോലെ വന്നിട്ടില്ല. ഗ്രാമങ്ങളിൽ പഴയതുപോലെ അവരുടെ കോളനികളുമില്ല. മൂവാറ്റുപുഴയിൽ നിന്ന് ജീപ്പ് അയച്ചാണ് പാലാ, രാമപുരം, തീക്കോയി മേഖലകളിൽ തൊഴിലാളികളെ എത്തിക്കുന്നത്. ഇവർക്ക് കൂടുതൽ കൂലിയും നൽകണം. 450 രൂപയിൽനിന്ന് 1000 രൂപയായി ദിവസക്കൂലി.
കൈതതൈയ്ക്ക് ഒരെണ്ണത്തിന് ഏഴ് രൂപയാണ് വില. ചക്കയ്ക്ക് വില ഇടിഞ്ഞിട്ടും തൈയ്ക്ക് വില കുറഞ്ഞിട്ടില്ല. ഒരു ഏക്കർ ഒരുക്കാൻതന്നെ ഒന്നരലക്ഷം രൂപ വരും. ജീവികളും മറ്റും ഉണ്ടാക്കുന്ന നാശം മറ്റൊരു പ്രശ്നം. ഉണക്ക് ബാധിക്കാതെ തണലിടാനും ചെലവേറും.