ക്ഷേത്രസ്ഥലം കൈയ്യേറി വഴി നിർമിച്ചു; സേവാസംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ അടച്ചു
ചിറക്കടവ്: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെയും ക്ഷേത്രത്തോടനുബന്ധിച്ചുള്ള മഹാദേവസേവാസംഘത്തിന്റെയും സ്ഥലം കൈയ്യേറി അനധികൃതമായി വഴി നിർമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി മണ്ണുമാന്തിയന്ത്രമുപയോഗിച്ച് വഴി നിർമിക്കുകയായിരുന്നു. സ്ഥലം കൈയ്യേറി നിർമിച്ച വഴി സേവാസംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ അടച്ചു.
സംഭവം സംബന്ധിച്ച് ദേവസ്വംബോർഡും സേവാസംഘവും പൊൻകുന്നം പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിന്റെയും സേവാസംഘത്തിന്റെയും സ്ഥലത്തിന് പിന്നിൽ വസ്തുവുള്ള വ്യക്തിക്കായാണ് അനധികൃതമായി വഴിനിർമിച്ചതെന്ന് പരാതിയിൽ പറഞ്ഞു. ഇവിടെയുള്ള മരങ്ങൾ പിഴുതുമാറ്റുകയും ക്ഷേത്രത്തിലെ ആനയെ തളയ്ക്കുന്ന കോൺക്രീറ്റ് തൂൺ ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്.