നാട്ടുകാരെ ആക്രമിച്ച പേപ്പട്ടികളെ പിടികൂടാനായില്ല; നാട്ടുകാർ സംഘം ചേർന്ന് തിരച്ചിൽ തുടരുന്നു, ഭീതിയോടെ ഒരു നാട് ..
കാഞ്ഞിരപ്പള്ളി: നാട്ടുകാരെ ആക്രമിച്ചശേഷം റബ്ബർത്തോട്ടത്തിലേക്ക് ഓടിപ്പോയ പേപ്പട്ടികൾ എന്ന് സംശയിക്കുന്ന രണ്ട് തെരുവുനായകളെ ഇനിയും പിടികൂടാനായില്ല. ബുധനാഴ്ച രണ്ട് തെരുവുനായ്ക്കൾ പാറത്തോട് പുളിമൂട് ഒരുമ നഗർ പ്രദേശത്തെ കൊച്ചുകുട്ടികൾ അടക്കം എട്ടുപേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. എഴുപതു വയസ്സുള്ള ഒരു വയോധികനും കടിയേറ്റവരിൽ പെടുന്നു . ഇവരിൽ പലരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു.
നായ കയറിക്കൂടിയ സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പകൽ ഒരു നായ പുറത്തിറങ്ങിയെങ്കിലും, പിടികൂടാനായില്ല. ഭയം മൂലം ആരും തന്നെ നായയുടെ സമീപത്തേക്ക് പോകുവാൻ ധൈര്യപ്പെട്ടില്ല. വാർഡ്അംഗം ശശികുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘം ചേർന്ന് നായകളെ തിരയുന്നുണ്ട് .
തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായ നായ്ക്കളിലും പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നാട്ടുകാർ ഭീതിയിലാണ്. മൃഗസംരക്ഷണവകുപ്പ് അധികൃതരെ ആദ്യദിനം അറിയിച്ചിരുന്നെങ്കിലും നായ്ക്കളെ പിടികൂടാൻ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കുട്ടികളെയടക്കം നായ ആക്രമിച്ചിരുന്നു. ഇതിനാൽ വീടിുപുറത്തിറങ്ങാൻതന്നെ ഭയത്തിലാണ് പ്രദേശവാസികൾ.
സ്വയം പ്രതിരോധത്തിനായി കമ്പും വടിയുമായാണ് ആളുകൾ പുറത്തിറങ്ങുന്നത്. ഈ തെരുവുനായ്ക്കളെ പിടികൂടാൻ അധികൃതർ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
