കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി മേഖലയിൽ വൻ നാശനഷ്ടം
കാഞ്ഞിരപ്പള്ളി: രണ്ടു ദിവസമായി നിർത്താതെ തുടരുന്ന കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വലിയ നാശനഷ്ടം ആണുണ്ടായിരിക്കുന്നത് . മഴയൊപ്പം എത്തിയ ശക്തമായ കാറ്റിൽ വീടുകൾക്കു മുകളിൽ മരങ്ങൾ വീണു വീടുകൾ ഭാഗികമായി തകർന്നു.. പലയിടത്തും കൃഷിനാശവുമുണ്ട്. പലയിടത്തും വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. കിണർ ഇടിഞ്ഞുതാണതായി പലയിടത്തുനിന്നും റിപ്പോർട്ട് ഉണ്ട്.
മലയോരമേഖലയിൽ നിലയ്ക്കാതെ പെയ്യുന്ന മഴയെ തുടർന്ന് മലയിടിച്ചിൽ ഉരുൾപൊട്ടൽ ഭീതിയിലാണ് പ്രദേശവാസികൾ.
കാഞ്ഞിരപ്പള്ളി തമ്പലക്കാട് താമരശേരിപ്പടിക്ക് സമീപം അന്തിക്കാട്ട് ജോസിന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. ആറടിയോളം വരുന്ന കരിങ്കല്‍ കെട്ടാണ് തകര്‍ന്നത്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. സംരക്ഷണഭിത്തി തകര്‍ന്നത് സമീപത്തെ കൊട്ടാരത്തില്‍ ജയചന്ദ്രന്റെ വീടിനും ഭീഷണിയായി. വീട്ടുമുറ്റത്തെ കിണറും അപകടാവസ്ഥയിലായി. കിണറിടിഞ്ഞാല് വെള്ളം കുത്തിയൊഴുകി സമീപത്തെ വീടിനും ഭീഷണിയാകും. പഞ്ചായത്തംഗം ബേബി വട്ടയ്ക്കാടും റവന്യു, ഫയര്‍ഫോഴ്സ് അധികൃതരും സ്ഥലത്തെത്തി.
ഏന്തയാർ മേഖലയിലുണ്ടായ കനത്ത മഴയിൽ കനകപുരം ചെരുവിൽ തോമാച്ചന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. ചിറ്റടി ചിറയ്ക്കപറന്പിൽ സി.എൻ. പൊന്നപ്പന്റ വീടിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞു വീണു.
മലയോരമേഖലയിൽ നിലയ്ക്കാതെ പെയ്യുന്ന മഴയെ തുടർന്ന് മലയിടിച്ചിൽ ഉരുൾപൊട്ടൽ ഭീതിയിലാണ് പ്രദേശവാസികൾ. കൂട്ടിക്കൽ വില്ലേജിലും, മണിമലയാറിന്റെ തീരത്തു താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകി. അടിയന്തരഘട്ടങ്ങളിൽ സുരക്ഷയൊരുക്കാൻ റവന്യൂവകുപ്പും എമർജൻസ് റെസ്പോണ്‍സ് ടീമും സജ്ജമാണെന്നു അധികൃതർ അറിയിച്ചു.
കൂട്ടിക്കൽ വില്ലേജിൽ അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനു രണ്ടു സ്കൂളുകൾ സജ്ജമാക്കി. കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ, ഏന്തയാർ ജെ.ജെ. മർഫി മെമ്മോറിയൽ സ്കൂൾ എന്നീ സ്കൂളുകളാണു ദുരിതാശ്വാസ ക്യാന്പിനായി സജ്ജമാക്കിയിട്ടുള്ളത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കൊരട്ടിയിലും ആനക്കല്ലിലും സൗകര്യം ഒരുക്കി. കൊരട്ടി സെന്റ് ജോസഫ് പള്ളി പാരിഷ് ഹാൾ, ആനക്കല്ല് ഗവൺമെന്റ് എൽപി സ്കൂൾ ഹാൾ എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയുട്ടള്ളത്. അടിയന്തര സാഹചര്യമുണ്ടായാൽ പുഴയോടു ചേർന്ന് താമസിക്കുന്നവരെ ഇവിടേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അറിയിച്ചു. ഹെൽപ്പ് ഡെസ്ക് നമ്പർ: 9995748502, 9562928502.
ചിറക്കടവ്: കാറ്റിലും മഴയിലും ചെറുവള്ളി മേഖലയിൽ കനത്ത നാശം. വീടുകൾക്കു മുകളിൽ മരങ്ങൾ വീണു. കൃഷിനാശവുമുണ്ട്. ചെറുവള്ളി പരുത്തിപള്ളിക്കുന്നേൽ അന്നമ്മ, പുതുപ്പറമ്പിൽ രഘുനാഥൻ നായർ, മരുതനാക്കുന്നേൽ എം.ജി.മധു, കൊച്ചുപുരക്കൽ ആർ.ശ്രീജിത്ത്, മൂലക്കാട്ട് എം.ജി.ലേഖ എന്നിവരുടെ വീടുകൾക്ക് മരങ്ങൾ വീണ് നാശമുണ്ടായി.
മഞ്ഞപ്പള്ളിക്കുന്ന് മൂലേപ്പറമ്പിൽ കെ.ജി. ദിവാകരൻ നായർ, ചെറുവള്ളി നടുവിലേത്തറയിൽ എൻ.എ. ജോൺ എന്നിവരുടെ വാഴ, കപ്പ കൃഷി നശിച്ചു. നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, പഞ്ചായത്തംഗങ്ങളായ എം.ജി. വിനോദ്, ഗോപി പാറാംതോട്, അഭിലാഷ് ബാബു, വില്ലേജ് ഓഫീസർ സി. അമ്പിളി, സ്പെഷൽ വില്ലേജ് ഓഫീസർ എം.പി. ശ്രീകുമാർ എന്നിവർ സന്ദർശിച്ചു.
ചെറുവള്ളി കാവുംഭാഗം ളാഹയിൽ മുരളീധരൻ നായരുടെ വീടിന്റെ സംരക്ഷണഭിത്തി മഴയിൽ ഇടിഞ്ഞു വീണു. വീട് അപകടാവസ്ഥയിലാണ്. റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്തോടെ വീടിന്റെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം നേരത്തെ ഇടിഞ്ഞു താഴ്ന്നിരുന്നു.
മതിൽ ഇടിഞ്ഞ് വീണ് പൊൻകുന്നം പഴയചന്ത ചെങ്ങാലിക്കുഴിയിൽ പി.എ. മാത്യു പുന്നത്താനത്തിന്റെ വീട്ടുമുറ്റത്തെ കിണർ ഉപയോഗശൂന്യമായി. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശകതമായ മഴയിലാണ് മതിൽ നിലംപൊത്തിയത്. വാർഡ് മെംബർ ഷാക്കി സജീവിന്റെ നേതൃത്വത്തിൽ സമീപത്തെ വീട്ടിൽ നിന്നും പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി.