നൂറിന്റെ നിറവില്‍ എരുമേലി കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് പഴയപള്ളി

എരുമേലി: എരുമേലിയിലെ ആദ്യ ക്രിസ്ത്യൻ പള്ളിയായ കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് പഴയപള്ളി നൂറു വര്‍ഷത്തിന്റെ നിറവില്‍.. പഴയപള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ബുധനാഴ്ച നടത്തും. ശതാബ്ദിയോടനുബന്ധിച്ച് നവീകരിച്ച പള്ളിയുടെ ശതാബ്ദി സ്മാരക ശിലയും, ശതാബ്ദി സ്മാരക കവാടവും സമര്‍പ്പിക്കും.

ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ആജ്ഞ പ്രകാരം സ്ഥാപിതമായ കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് പഴയ പള്ളിയിൽ രാജാവിന്റെ ആജ്ഞാപത്രം ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. പള്ളി സ്ഥാപിക്കാൻ അനുമതി തേടി ഇടവകക്കാർ രാജാവിന് അപേക്ഷ നൽകി. തുടർന്നാണ് 1921 ഡിസംബർ 12നു രാജാവിന്റെ കൽപന ഉണ്ടായത്. ഗവ. സെക്രട്ടറി എൻ.രാമരാജനായർ ഉത്തരവിറക്കി. 1922 ഫെബ്രുവരി 21നു ചാലക്കുഴി പുത്തൻപുരയ്ക്കൽ നസ്രാണി പൗലോസ് ഫിലിപ്പോസിന്റെയും മറ്റ് 6 പേരുടെയും പേരിൽ ആധാരം റജിസ്റ്റർ ചെയ്തു.

എരുമേലിയിലെ ആദ്യ ക്രിസ്ത്യൻ പള്ളിയാണ് സെന്റ് ജോർജ് ഓർത്തഡോക്സ് പഴയപള്ളി. ആദ്യം പുല്ലു മേഞ്ഞ പള്ളിയായിരുന്നു. പിന്നീട് ഓല കൊണ്ടു മേഞ്ഞു. ഇപ്പോൾ ഓടാണു മേച്ചിൽ. ജറുസലം പള്ളിയുടെ മാതൃകയിൽ 90 മുഴം നീളവും 30 മുഴം വീതിയിലുമാണു നിർമാണം. റഷ്യക്കാരൻ അലക്സിയോ ആണു പള്ളിയുടെ ചുമർച്ചിത്രങ്ങൾ ഡിസൈൻ ചെയ്തത്.

ബുധനാഴ്ച നടക്കുന്ന ശതാബ്ദി ആഘോഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. നിലയ്ക്കൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോഷ്വ മാർ നിക്കോദിമൂസ് അധ്യക്ഷത വഹിക്കും. ശതാബ്ദി സഹായ വിതരണം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. പുരസ്കാര സമർപ്പണം ബിജു ജോൺ നിർവഹിക്കും.

പള്ളിയുടെ പുരോഗതിയ്ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് എരുമേലി കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് 30 വര്‍ഷം പൂര്‍ത്തീകരിച്ച സഖറിയ ഡോമിനിക് ചെമ്പകത്തുങ്കലിനെ ആദരിക്കും. ചടങ്ങില്‍ മുതിര്‍ന്ന വികാരിമാര്‍ക്കും ആദരവ് നല്‍കും. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഇടിക്കുള എം. ചാണ്ടി, സഭാ മനേജിങ് കമ്മറ്റിയംഗം ഡോ. റോബിന്‍ പി. മാത്യു, മുന്‍ വികാരി ഫാ. കെ. എ. ചെറിയാന്‍, സിസ്റ്റര്‍ തബിത, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം ടി. എസ്. കൃഷ്ണകുമാര്‍, വാര്‍ഡംഗം സുനില്‍ ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന്.

ഫാ. ജോണ്‍ സാമുവേല്‍, ട്രസ്റ്റി കുര്യന്‍ പോള്‍ ചാലക്കുഴി, ജനറല്‍ കണ്‍വീനര്‍ ബിനോജ ജോണ്‍ ചാലക്കുഴി, പബ്ലിസിറ്റി കണ്‍വീനര്‍ സി. പി. മാത്തന്‍, റോബിന്‍ സി. വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

error: Content is protected !!