ചിരട്ടകളിൽ അത്ഭുതങ്ങൾ രചിച്ചു അബ്ദുൾകരീം മുസ്ലിയാർ- (വീഡിയോ)

ചിരട്ടകളിൽ അത്ഭുതങ്ങൾ രചിച്ചു അബ്ദുൾകരീം മുസ്ലിയാർ- (വീഡിയോ)

കാഞ്ഞിരപ്പള്ളി : ഒരു കാലത്തു തന്റെ ജാലവിദ്യകളാൽ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്ന അബ്ദുൾകരീം മുസ്ലിയാർ ഇപ്പോൾ ചിരട്ടകളിൽ അത്ഭുതങ്ങൾ രചിച്ചു കാണികളെ അത്ഭുതപ്പെടുത്തുന്നു.

ഒരു സ്കൂൾ അധ്യാപകനായിരുന്ന, ഇടതുപക്ഷ രാഷ്ട്രീയ നേതാവും, പിന്നീട് നിലപാടുകൾ മാറ്റി നിലവിൽ മുസ്ലിം ലീഗിന്റെ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റും, ഒരു സ്റ്റേജ് മാന്ത്രികനും, സർവോപരി ഒരു നാടകസമിതിയുടെ ഉടമയുമായിരുന്ന കാഞ്ഞിരപ്പള്ളി വട്ടകപ്പാറ പാറയോലിക്കൽ വീട്ടിൽ അബ്ദുൾകരീം മുസ്ലിയാർ ഇപ്പോൾ തന്റെ വിശ്രമ ജീവിതത്തിൽ ഒരു ഹോബിയായി തുടങ്ങിയ ചിരട്ട ശിൽപ്പ നിർമ്മാണത്തിലൂടെ വൻ ജനശ്രദ്ധ പിടിച്ചു പറ്റുന്നു.

ഒരു ചിരട്ടയിൽ എന്തിരിക്കുന്നു എന്ന് കരുതി നാം വലിച്ചെറിയുന്ന പാഴ് ചിരട്ടകളുടെ മാഹാത്മ്യം അറിയണമെങ്കിൽ അബ്ദുൾകരീം മുസ്ലിയാരുടെ ഭവനം സന്ദർശിച്ചു അദ്ദേഹത്തിന്റെ ചിരട്ടകളിലെ കരവിരുതുകൾ കണ്ടു മനസ്സിലാക്കണം. വഴിയിൽ കിടന്നു കിട്ടുന്ന ചിരട്ടകൾ മനോഹരങ്ങളായ പൂക്കളും മറ്റു ശില്പങ്ങളുമാക്കി അദ്ദേഹം മാറ്റുന്നത് കണ്ടാൽ കാഴ്ചക്കാർ അത്ഭുതപ്പെടും. അദ്ദേഹത്തിന്റെ പണിയായുധങ്ങൾ വെറും ഒരു ആക്‌സൊ ബ്ലേഡും കുറച്ചു പശയും, കുറച്ചു പോളിഷും മാത്രം.

എന്തെങ്കിലും പ്രതേകതകൾ ഉള്ള ചിരട്ടകൾ വഴിയിൽ കിടക്കുന്നതു കാണുമ്പഴേ അദ്ദേഹത്തിന്റെ മനസ്സിൽ അതിനു ചേരുന്ന ശില്പങ്ങളുടെ രൂപങ്ങൾ തെളിയുകയായി. പിന്നീട് അവ എടുത്തു വീട്ടിൽ കൊണ്ടുവന്നു ഒറ്റ ഇരുപ്പിൽ അത് തീർത്ത ശേഷമേ വിശ്രമമുള്ളൂ . തന്റെ മനസ്സിലെ രൂപങ്ങൾ വിരിയിക്കുന്നതിനു എത്ര സമയം വേണമെങ്കിലും ചെലവഴിക്കുന്നതിൽ അദ്ദേഹത്തിന് യാതൊരു മടിയുമില്ല.

വീട് ഇപ്പോൾ ഒരു ‘ചിരട്ട പൂന്തോട്ടം’ തന്നെയാണ്. ചിരട്ടകൊണ്ടുള്ള ചെടിച്ചട്ടികൾ, അതിൽ പൂത്തു വളർന്ന് നിൽക്കുന്ന ചിരട്ട ചെടികൾ. ചെടിയുടെ തണ്ടും ഇലയും പൂവും എല്ലാം ചിരട്ടകൾകൊണ്ട് നിർമിച്ചവ. പൂന്തോട്ടത്തിനിടയിൽ എലി, മുയൽ, അണ്ണാൻ , മുതല തുടങ്ങി വിവിധ ജീവികൾ. കരിക്കുകൾ ഉണക്കി മനോഹമായ പൂക്കളും നിർമ്മിച്ചിട്ടുണ്ട് അദ്ദേഹം. പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങൾ, ചിത്രപ്പണികളുള്ള കുടുക്കകൾ, തൂക്ക് വിളക്ക്, കൽവിളക്ക് തുടങ്ങി അനവധി ശിൽപങ്ങൾ ഇദ്ദേഹം തീർത്തിട്ടുണ്ട്.

തന്റെ വിദ്യ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുവാൻ അദ്ദേഹം വളരെ തല്പരനാണ്. തന്റെ ചിരട്ട ശില്പങ്ങളുടെ ഒരു എക്സിബിഷൻ നടത്തുവാൻ അദ്ദേഹം പ്ലാൻ ചെയ്യുന്നു . സ്കൂൾ വിദ്യാർത്ഥികൾക്ക് ചിരട്ട ശില്പവിദ്യയിൽ ക്ലാസ് എടുക്കുവാനും അദ്ദഹം ആലോചിക്കുന്നുണ്ട്.

പൊതു പ്രവർത്തനത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ഇടവേളയിൽ അബ്ദുൾകരീം മുസ്ലിയാർ ഇപ്പോഴും തന്റെ കലാപ്രവർത്തനനങ്ങൾക്കു സമയം കണ്ടെത്തുന്നു. വിശ്രമവേളകൾ ആനന്ദകരമാക്കിക്കൊണ്ടുള്ള മുസ്ലിയാരുടെ ഹോബികൾ റിട്ടയർമെന്റ് ജീവിതം ബോറടിച്ചു ജീവിക്കുന്ന ഉദ്യോഗസ്ഥർക്ക് മാതൃകയാക്കാവുന്നതാണ് .

ഭാര്യ ഹാജിറയും മക്കൾ നൗഫൽ, നിമ്മി, നിഷ എന്നിവരും അദ്ദഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :-