പുതുപ്പള്ളി അപകടം : മുണ്ടക്കയം മുരിക്കുംവയൽ സ്വദേശി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം.

പുതുപ്പള്ളി അപകടം :  മുണ്ടക്കയം  മുരിക്കുംവയൽ സ്വദേശി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം.


മുണ്ടക്കയം : പുതുപ്പള്ളി കൊച്ചാലുമ്മൂടിനുസമീപം കാർ കെ.എസ്.ആർ.ടി.സി ബസിലിടിച്ചുകയറി മൂന്നുപേർ മരിച്ചു. മുണ്ടക്കയം പ്ലാക്കപ്പടി, കുന്നപ്പള്ളി വീട്ടിൽ കുഞ്ഞുമോൻ- ശോശാമ്മ ദമ്പതികളുടെ മകൻ ജിൻസ് (35), പിതാവിന്റെ സഹോദരിയുടെ ഭർത്താവ് പത്തനംതിട്ട കവിയൂർ ഇലവിനാൽ വീട്ടിൽ മുരളി(70), മുരളിയുടെ മകൾ ചിങ്ങവനം മൈലുംമൂട്ടിൽ ജലജ(40) എന്നിവരാണ് മരിച്ചത്. ജലജയുടെ മകൻ അമിത് (എട്ട്), അനിയത്തി ജയന്തിയുടെ മകൻ അതുൽ(11) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡി. കോളജിൽ പ്രവേശിപ്പിച്ചു.

പുതുപ്പള്ളി–ഞാലിയാകുഴി റോഡിൽ തൃക്കോതമംഗലം കൊച്ചാലുമ്മൂടിനുസമീപം വടക്കേക്കര സ്കൂളിനു മുന്നിലായി വെള്ളിയാഴ്ച വൈകീട്ട് 5.45നായിരുന്നു നാടിനെ നടുക്കിയ അപകടം. പാമ്പാടിയിലെ ബന്ധുവീട്ടിൽ പോയ ശേഷം ബന്ധുക്കളെ പത്തനംതിട്ട കവിയൂരിലെ വീട്ടിൽ വിടാൻ പോകുന്നതിനിടെയായിരുന്നു അപകടം. പൂർണമായി തകർന്ന കാറിൽ കുടുങ്ങിയവരെ ഫയർഫോഴ്സും പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പുതുപ്പള്ളി ഭാഗത്തുനിന്ന് എത്തിയ കുടുംബം സഞ്ചരിച്ച ഓൾട്ടോ കാർ എതിർദിശയിൽനിന്ന് എത്തിയ കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

പരിക്കേറ്റ ജലജയെയും കുട്ടികളെയും ആദ്യം സമീപത്തെ സ്വകാര്യആശുപത്രിയിലാണ് എത്തിച്ചത്. അവിടെ എത്തുേമ്പാഴേക്കും ജലജ മരിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടികളെ തുടർന്ന് മെഡി. കോളജിലേക്ക് മാറ്റുകയായിരുന്നു. ജലജയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലും ജിൻസിെൻറയും മുരളിയുടെയും മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

ചങ്ങനാശേരി- ഏറ്റുമാനൂർ റൂട്ടിൽ സർവിസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. .അപകടത്തെത്തുടർന്നു തകർന്ന കാറിൽ കുടുങ്ങിക്കിടന്നവരെ കോട്ടയത്തുനിന്ന് എത്തിയ അഗ്നിരക്ഷാ സേനയാണ് രക്ഷിച്ചത്. കാർ പൂർണമായി തകർന്നു. കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്. ജിന്‍സ് കഞ്ഞിക്കുഴി മാഗ്മ ഫിന്‍ കോര്‍പ്പ് ജീവനക്കാരനാണ്. ഭാര്യ: ശ്രീക്കുട്ടി. മകള്‍: നിയ മോള്‍.