വീട്ടിനുള്ളിലെ അലങ്കാര പ്ലാസ്റ്റിക് മരത്തിൽ കൂടൊരുക്കി മുട്ടയിട്ടു അടയിരിക്കുന്ന ബുൾബുൾ പക്ഷി ..

വീട്ടിനുള്ളിലെ അലങ്കാര പ്ലാസ്റ്റിക് മരത്തിൽ കൂടൊരുക്കി മുട്ടയിട്ടു അടയിരിക്കുന്ന ബുൾബുൾ പക്ഷി ..

കാഞ്ഞിരപ്പള്ളി / കുളപ്പുറം : കാലവർഷം കനത്തതോടെ മനുഷ്യർക്ക്‌ മാത്രമല്ല പക്ഷികൾക്കും പുറത്തിറങ്ങുവാൻ ബുദ്ധിമുട്ടായി. മുട്ടയിടുവാൻ സമയമായ ബുൾബുൾ പക്ഷിക്ക് മഴയത്തു മരങ്ങളിൽ ഒന്നും കൂടൊരുക്കുവാൻ സാധിക്കാത്തതിനാൽ വീട്ടിനുള്ളിലെ അലങ്കാര പ്ലാസ്റ്റിക് മരത്തിൽ കൂടൊരുക്കി .. മൂന്നു മുട്ടയും ഇട്ടു. മുട്ടവിരിയുവാൻ പക്ഷി ഇപ്പോൾ അടയിരിക്കുന്നു .

കാഞ്ഞിരപ്പള്ളി കുളപ്പുറത്തു കൊച്ചുപറമ്പിൽ ജോസ് തോമസിന്റെ വീട്ടിലാണ് ഈ കൗതുക കാഴ്ച. വീടിന്റെ വരാന്ത യിൽ വച്ചിരിക്കുന്ന പ്ലാസ്റ്റിക് അലങ്കാര മരത്തിലാണ് പക്ഷി കൂടൊരുക്കിയിരിക്കുന്നത്. വീട്ടിലെ കൊച്ചുകുട്ടിയായ ഒൻപതു വയസ്സുകാരി ഐമി, പക്ഷിയെ ആരും ശല്യപെടുത്താതിരിക്കുവാൻ പ്രതേകം ശ്രദ്ധിക്കുന്നു. മുട്ടവിരിഞ്ഞോ എന്നറിയുവാൻ ഐമി ഇടയ്ക്കിടയ്ക്ക് കൂട്ടിൽ എത്തിവലിഞ്ഞു നോക്കികൊണ്ടിരുന്നത് അടയിരിക്കുന്ന പക്ഷിക്ക് ആദ്യം അരോചകമായിരുന്നുവെങ്കിലും ഇപ്പോൾ തമ്മിൽ പരിചയമായതിനാൽ പക്ഷിക്ക് പരിഭ്രമമൊന്നുമില്ല.

ബുള്‍ബുള്‍ പക്ഷികള്‍ക്കു ഇരട്ടത്തലച്ചി പക്ഷി എന്നും പേരുണ്ട്. തലയില്‍ കൂര്‍ത്ത് വളഞ്ഞ കിരീടം പോലെയുള്ള പൂവും തിളങ്ങുന്ന ചെറിയ കണ്ണുകളും, കവിളിലും നീണ്ട വാലിലുമുള്ള കുങ്കുമ നിറപൊട്ടുകളും വളരെ ആകര്‍ഷകമാണ്. മുകള്‍ഭാഗത്തെ തവിട്ട് നിറവും, കഴുത്തില്‍െ മാലയണിഞ്ഞപോലെയുള്ള വരയും ഈ പക്ഷിയുടെ മറ്റൊരു സവിശേഷതയാണ്.

ബുൾബുൾ പക്ഷി നിർമ്മിച്ച കൂടെ ഒന്ന് കാണേണ്ട കാഴ്ചയാണ് . ഇതിനായി വേരുകള്‍, നാരുകള്‍, പുല്ലുകള്‍, ഉണങ്ങിയ ഇലകൾ എന്നിവ ഉപയോഗിച്ച് വളരെ മനോഹരമായാണ് പക്ഷി കൂട് നിർമ്മിച്ചിരിക്കുന്നത്. ഒരാഴ്ച സമയമെടുത്താണ് പക്ഷി കൂടൊരുക്കിയത്. ആൺ പക്ഷിയും പെൺ പക്ഷിയും ദിവസങ്ങളോളം വീടിന്റെ പരിസരങ്ങളിൽ നിന്നും നാരുകളും വേരുകളും ഇലകളും മറ്റും കൊണ്ടുവന്നു മരത്തിന്റെ ചില്ലകളിൽ കൂട്ടിവച്ചിരുന്നു.. കൗതുകത്തോടെ അത് വീക്ഷിച്ചുകൊണ്ടിരുന്ന വീട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് ഒരു ദിവസം കൊണ്ട്, സംഭരിച്ചു വച്ചിരുന്ന നാരുകൾ മനോഹരമായി കോർത്തിണക്കി രണ്ടു പക്ഷികളും ചേർന്ന് ഒരു സുരക്ഷിതമായ കൂടൊരുക്കി. അത്രയ്ക്ക് മനോഹരമായി കൂടൊരുക്കുവാൻ മനുഷ്യർക്ക്‌ സാധിക്കുകയില്ല എന്നുറപ്പാണ്. പ്രകൃതിയുടെ ഒരു അത്ഭുതം തന്നെയാണ് ആ കൂടുനിർമ്മാണം . കൂടൊരുക്കിയ ശേഷം അടുത്തടുത്ത ദിവസങ്ങളിൽ ബുള്‍ബുള്‍ പക്ഷി ഓരോരോ മുട്ടകളും ഇട്ടു. ഇളം ചാര നിറത്തിലുള്ള മൂന്നു കുഞ്ഞു മുട്ടകൾ..

മുട്ട വിരിയുവാൻ പെൺ പക്ഷി കൂട്ടിൽ നിന്നും ഇറങ്ങാതെ അടയിരിക്കുമ്പോൾ ആൺ പക്ഷി ആഹാരവുമായി എത്തുന്നതും കാണേണ്ട കാഴ്ചയാണ്. വീട്ടുകാർ ഉപദ്രവിക്കുകയില്ല എന്നൊരു വിശ്വാസം ഉള്ളതിനാൽ പക്ഷികൾ ലാഘവത്തോടെ സഞ്ചരിക്കുന്നുണ്ട്.

മുട്ട വിരിയുവാൻ പക്ഷികൾക്കൊപ്പം വീട്ടുകാരും ആകാംഷാഭരിതരായി കാത്തിരിക്കുന്നു … വീട്ടിലേക്കു മൂന്നു പുതിയ അതിഥികൾ കൂടി വരികയല്ലേ .. പക്ഷികൾക്കും മുട്ടയ്ക്കും ഭീഷണിയായി വീടിന്റെ പരിസരത്തു ചുറ്റിക്കറങ്ങുന്ന കണ്ടൻപൂച്ചയെ കല്ലെറിഞ്ഞോടിച്ചു പക്ഷിക്ക് സുരക്ഷതതം ഉറപ്പുവരുത്തുന്നതിൽ ഐമി ശ്രദ്ധാലുവാണ് . എങ്കിലും ഐമി സ്‌കൂളിൽ പോകുന്ന സമയത്തും, ഉറങ്ങുന്ന സമയത്തും പക്ഷികൾക്ക് എന്ത് സുരക്ഷിതത്വം ആണുള്ളത് ? വൈകിട്ടുള്ള സന്ധ്യാപ്രാർത്ഥനയിൽ ഐമി പക്ഷികളെ കണ്ടൻപൂച്ചയിൽ നിന്നും കാത്തോണേയെന്നു ദൈവത്തോട് കാര്യമായി പ്രാർത്ഥിക്കുന്നുണ്ട്.. ഐമിയുടെ പ്രാർത്ഥന ദൈവം കേട്ടുവോ എന്നറിയുവാൻ കാത്തിരിക്കാം ഏതാനും ദിവസങ്ങൾ കൂടി..