എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രശ്നങ്ങൾ തീർന്നിട്ടില്ല

എരുമേലി∙ ലക്ഷക്കണക്കിനു രൂപ മുടക്കി നിർമിച്ച സ്വകാര്യ ബസ് സ്റ്റാൻഡിൽ പരാതികളുടെ പ്രളയം .

അധ്യയനവർഷം ആരംഭിച്ചതോടെ തിരക്കേറിയ സ്റ്റാൻഡിൽ യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതായും പരാതി. ദിനംപ്രതി നൂറുകണക്കിന് ബസുകൾ എത്തുന്ന സ്റ്റാൻഡിൽ സമയക്രമീകരണ യൂണിറ്റിന്റെ പ്രവർത്തനം തീർത്തും അവതാളത്തിലാണ്. ബസുകളുടെ പുറപ്പെടൽ സമയം സംബന്ധിച്ച അനൗൺസ്മെന്റ് നിലച്ചിട്ട് വർഷങ്ങളായി. വെളുപ്പിനും രാത്രിക്കും സ്റ്റാൻഡിലേക്ക് ബസുകൾ എത്താറില്ല. സ്റ്റാൻഡിൽ വിളക്കണഞ്ഞിട്ട് നാളേറെയായി.

കടകളിൽ നിന്നുള്ള വെട്ടത്തിലാണ് യാത്രക്കാർ സുരക്ഷിതത്വം തേടുന്നത്. ഇതിനിടെ പാർക്കിങ് ഏരിയയ്ക്കും വ്യാപാരസമുച്ചയത്തിനും ഇടയിൽ കച്ചവടക്കാർ വീപ്പ വച്ച് അതിരു തിരിച്ചിരിക്കുന്നതായി ബസ് ജീവനക്കാർ പരാതിപ്പെടുന്നു. അതിരു തിരിച്ചില്ലെങ്കിൽ വണ്ടികൾ അവിടെ പാർക്ക് ചെയ്യുമെന്നും വ്യാപാരസമുച്ചയത്തിൽ നിന്നു ബസിനു മുകളിലേക്കു വീഴുന്ന മഴവെള്ളം യാത്രക്കാരെയും കച്ചവടക്കാരെയും നനയ്ക്കുമെന്നും വ്യാപാരികൾ പറയുന്നു.