പനി പടരുന്നു: എരുമേലിയിലെ സർക്കാർ ആശുപത്രി പ്രവർത്തനം ഉച്ച കഴിഞ്ഞ് ഇല്ലാത്തതു ദുരിതം

എരുമേലി∙ ഡെങ്കിപ്പനി അടക്കമുള്ള പകർച്ച വ്യാധികൾ വ്യാപിച്ചു കൊണ്ടിരിക്കെ സർക്കാർ ആശുപത്രിയിൽ ഉച്ചയ്ക്കുശേഷം പ്രവർത്തനം പൂർണമായി നിലച്ചു. ഉച്ചകഴിഞ്ഞും രാത്രിയും രോഗികളുമായി എത്തുന്ന നൂറുകണക്കിന് ആളുകൾ ആശുപത്രി പരിസരത്ത് ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ച് മടങ്ങുന്നു.

ഡോക്ടർമാരുടെ അഭാവം മൂലം ഉച്ചകഴിഞ്ഞ് ആശുപത്രി പ്രവർത്തിക്കാത്തതിനാൽ സഹകരിക്കണമെന്ന് അഭ്യർഥിച്ച് ആശുപത്രിയിൽ നോട്ടിസ് പതിപ്പിച്ചിരിക്കുകയാണ്. എരുമേലി, വെച്ചൂച്ചിറ, മുണ്ടക്കയം, മണിമല പഞ്ചായത്തുകളിലെ സാധാരണക്കാർ എത്തുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവാണ് ഉച്ചകഴിഞ്ഞുള്ള പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നത്.

എട്ടു ഡോക്ടർമാർ ഉണ്ടെങ്കിൽ മാത്രമേ ഉച്ചകഴിഞ്ഞും രാത്രിയും സേവനം ലഭ്യമാക്കാനാവൂ. ആവശ്യാനുസരണം കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും ഐപി പ്രവർത്തിക്കുന്നതേയില്ല. ഉച്ചവരെയുള്ള പ്രവർത്തനത്തിന് ഒപി തന്നെ ധാരാളമെന്നാണ് അധികൃതരുടെ നിലപാട്. ദിനംപ്രതി അഞ്ഞൂറിലേറെ രോഗികളാണ് ഇവിടെ ഒപിയിൽ എത്തുന്നത്. ഇവരെ പരിശോധിക്കാൻ മൂന്നു ഡോക്ടർമാർ പാടുപെടുകയാണ്. ഉച്ചയ്ക്കു ശേഷവും ഡ്യൂട്ടി തുടരുക എന്നത് അപ്രായോഗികമാണ്.

എരുമേലിയിലേക്ക് ലഭിച്ച രണ്ട് ഡോക്ടർമാരെ ജില്ലാ ആശുപത്രിയിലേക്കും പാറത്തോട് ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയതായും പരാതിയുണ്ട്. മഴക്കാലമായതോടെ മേഖലയിൽ പനിബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഡെങ്കിപ്പനിയുടെ ലാബ് ടെസ്റ്റിന് 100 രൂപ മാത്രം സർക്കാർ ആശുപത്രിയിൽ ഈടാക്കുമ്പോൾ സ്വകാര്യ ആശുപത്രികളിൽ തുക പല മടങ്ങാണ്. ഓരോ ആശുപത്രിയും ഓരോ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഐപി, ഓപ്പറേഷൻ തിയറ്റർ അടക്കമുള്ള സൗകര്യങ്ങളോടെ പ്രവർത്തിച്ചിരുന്ന ആശുപത്രി ഇപ്പോൾ നേരിടുന്ന ഗതികേടിന് കുറേക്കാലമായി പരിഹാരമില്ല. ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ആശുപത്രിയുടെ പ്രവർത്തനം