എരുമേലിയിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി നിർമാണത്തിന് സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കുന്നു

എരുമേലി∙ ശബരിമല തീർഥാടകരുടെയും നാട്ടുകാരുടെയും സൗകര്യം ലക്ഷ്യമാക്കി പട്ടണത്തിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി നിർമാണത്തിന് സ്ഥലമെടുപ്പ് നടപടികൾ ഉടൻ ആരംഭിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ആലോചനായോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന സർക്കാരുമായി സഹകരിച്ച് എരുമേലി ടൗൺഷിപ്പ് പ്രവർത്തന പരിപാടികൾ വേഗത്തിലാക്കാനും യോഗം നിശ്ചയിച്ചു. ശബരിമല റൂട്ടിൽ അപകടവും മറ്റും ഉണ്ടാവുമ്പോൾ പരുക്കേറ്റ തീർഥാടകരുമായി കോട്ടയം മെഡിക്കൽ കോളജ് വരെ പോകേണ്ട സാഹചര്യം ഒഴിവാകണമെന്ന് പ്രയാർ പറഞ്ഞു.

ഇത്രയും ദൂരം യാത്രചെയ്യുമ്പോൾ പരുക്കേറ്റവരുടെ ജീവൻ പലപ്പോഴും അപകടത്തിലാക്കുന്നു. സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്ന് പ്രയാർ പറഞ്ഞു. ആശുപത്രിക്കായി ദേവസ്വം ബോർഡിന്റേതിനു പുറമെ മറ്റ് സ്ഥലങ്ങളും അന്വേഷിക്കുന്നുണ്ട്. പദ്ധതി ശിലാസ്ഥാപനം അടുത്ത മണ്ഡലകാലത്തിന് മുൻപ് നടക്കും.

എരുമേലിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവിലാവും ആശുപത്രി സ്ഥാപിക്കുക. എരുമേലി ക്ഷേത്രം അനുബന്ധ നവീകരണ പ്രവർത്തനങ്ങൾ മണ്ഡലകാലത്തിനകം പൂർത്തിയാക്കും. ദേവീക്ഷേത്രം പുതുക്കിപ്പണിയും. ക്ഷേത്രപരിസരം മാലിന്യമുക്തമാക്കും. എരുമേലി ക്ഷേത്രത്തിനോടു ചേർന്നുള്ള ശുചിമുറികൾ പൊളിച്ചു മാറ്റണമെന്ന് പ്രസിഡന്റ് നിർദേശിച്ചു. എരുമേലിയിൽ 10ൽ കൂടുതലുള്ള ശുചിമുറി യൂണിറ്റുകൾക്ക് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർബന്ധമാക്കും.

തോട്ടിലേക്ക് മാലിന്യക്കുഴലുകൾ വയ്ക്കാൻ അനുവദിക്കില്ല. എരുമേലിയിൽ 110 കെവി വൈദ്യുതി സബ്സ്റ്റേഷൻ അഞ്ച് മാസത്തിനകം കമ്മിഷൻ ചെയ്യണമെന്ന് യോഗം നിർദേശിച്ചു. ഫയർ സ്റ്റേഷന് സ്ഥിരമായി കെട്ടിടം വേണമെന്നും ആവശ്യമുയർന്നു.

ബോർഡ് അംഗം അജയ് തറയിൽ, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, സി.പി.രാമരാജപ്രസാദ്, ജി.മുരളീകൃഷ്ണൻ, കെ.ആർ.മോഹൻകുമാർ, എൻ.ബി.ഉണ്ണിക്കൃഷ്ണൻ, കെ.എൻ.അംബിക, മനോജ് എസ്. നായർ, സി.യു.അബ്ദുൽകരിം, മുജീബ് റഹ്മാൻ, മനോജ് ആന്റണി, രവീന്ദ്രൻ എരുമേലി എന്നിവർ പ്രസംഗിച്ചു.