കാഞ്ഞിരപ്പള്ളി ടൗണിലെ ദന്താശുപത്രിയിൽ ജനറേറ്ററിലെ വിഷവാതകം ശ്വസിച്ചു ഡോക്ടറും നേഴ്സും ബോധരഹിതരായി; ഇരുവരും ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി ടൗണിലെ ദന്താശുപത്രിയിൽ ജനറേറ്ററിലെ വിഷവാതകം ശ്വസിച്ചു ഡോക്ടറും നേഴ്സും ബോധരഹിതരായി; ഇരുവരും ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി : ദീർഘനേരമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ആശുപത്രിയിലെ ജനറേറ്റർ നിർത്തുവാൻ ശ്രമിക്കവേ, ജനറേറ്ററിൽ നിന്നും പുറത്തുവന്ന കാർബൺ മോണോക്‌സൈഡ് വിഷ വാതകം അമിതമായ അളവിൽ ശ്വസിച്ചതോടെ ഡോക്ടറും നേഴ്സും ബോധരഹിതരായി താഴെ വീണു. തുടർന്ന് അവരെ കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‌

കാഞ്ഞിരപ്പള്ളി ടൗണിൽ മൈക്ക ജംക്ഷനിലെ മങ്കശ്ശേരി ടവറിൽ പ്രവർത്തിക്കുന്ന ഫാമിലി ഡെന്റൽ ക്ലിനിക്കിലെ ഡോക്ടർ റംസി റഷീദ്, നഴ്‌സായ പാലമ്പ്ര കല്ലോലില്‍ സബീന അനീഷ് എന്നിവർക്കാണ് അപകടം ഉണ്ടായത്. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ദന്തല്‍ ക്ലിനിക്കില്‍ എത്തിയ ദമ്പതികളാണ് ഇരുവരും ബോധരഹിതരായി കിടക്കുന്നത് കണ്ടതും സമീപത്തെ വ്യാപാരികളെയും,നാട്ടുകാരെയും വിവരം അറിയിച്ചതും. വിവരമറിഞ്ഞു ആളുകള്‍ ഓടികൂടിയപ്പോൾ ക്ലിനിക്കിനുള്ളില്‍ പുക നിറഞ്ഞ അവസ്ഥയിലായിരുന്നു. പുക ശ്വസിച്ച പലർക്കും അസ്വസ്ഥതയും ശ്വാസംമുട്ടലും ഉണ്ടായി. . ഉടന്‍ ജനറേറ്ററിന്റെ കണക്ഷന്‍ വിച്ഛേദിച്ച് ഇരുവരെയും ആദ്യം 26-ാം മൈല്‍ മേരിക്വീന്‍സ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ശ്വാസതടസ്സം കൂടുതലായ ഒരാൾക്ക് വെറ്റിലേറ്റർ ആവശ്യമാണെന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ഡോകട്ർ പറഞ്ഞു.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി എത്തി മുറിക്കുള്ളില്‍ ഓക്‌സിജന്‍ സ്‌പ്രേ ചെയ്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. . ക്ലിനിക്കിനുള്ളിലെ ഇടുങ്ങിയ മുറിയില്‍ വച്ചിരുന്ന ജനറേറ്ററില്‍ നിന്നും പുറന്തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാവാം ഡോക്ടറും, സഹായിയും ബോധരഹിതരാകുവാൻ കാരണമെന്നാണ് വിലയിരുത്തല്‍. ജനറേറ്ററിന്റെ കുഴൽ മുറിയുടെ ഭാഗത്തേക്ക് തിരിഞ്ഞ നിലയിലായിരുന്നു. തന്നെയുമല്ല, ദീർഘനേരമായി ജനറേറ്റർ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ജനറേറ്റർ ഓപ്പറേറ്റ് ചെയ്തു പരിചയം ഇല്ലാത്തതിനാൽ അവർക്കു അത് ശരിയായി നിയന്ത്രിക്കുവാൻ സാധിക്കാതിരുന്നതാണയിരിക്കും അപകടകാരണം എന്ന് പരിസരവാസികൾ പറയുന്നു.