കണമല കടവിൽ കുളിച്ച തീര്‍ഥാടകര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

കണമല കടവിൽ കുളിച്ച തീര്‍ഥാടകര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം


കണമല : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, ശബരിമല തീർത്ഥാടകർ വഴിക്കുള്ള ആറുകളിലോ നദികളിലോ കുളിക്കരുതെന്ന കർശന നിർദേശം നിലനിൽക്കെ, കണമല പാലത്തിന്റെ അരികിലെ കുളിക്കടവിൽ കടവിൽ ശബരിമല തീർത്ഥാടകർ കുളിച്ചതിനെതിരെ കണമല നിവാസികൾ പ്രതിഷേധിച്ചു .

കണമല പാലത്തിന്റെ ഒരു വശം കോട്ടയം ജില്ലയിലും, മറുവശം പത്തനംതിട്ട ജില്ലയിലുമാണ്. പാലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തു പോലീസ് തീർത്ഥാടന വാഹനങ്ങളിൽ കർശന ചെക്കിങ് നടത്തുന്നുണ്ട്. കടവിലേക്ക് തീർത്ഥാടകർ ഇറങ്ങാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. എന്നാൽ ചൊവ്വാഴ്ച രാവിലെ കണമലയിൽ എത്തിയ പത്തുപേർ അടങ്ങുന്ന തീർത്ഥാടക സംഘം, പോലീസ് ചെക്കിങ് കഴിഞ്ഞു, പാലത്തിന്റെ അക്കരെ വാഹനം ഒതുക്കിയിട്ടതിന് ശേഷം, ആറിന്റെ മറുകരയിൽ ഇറങ്ങിയ ശേഷം, പഴയപാലത്തിലൂടെ തിരിച്ചു നടന്ന് കണമല കടവിൽ എത്തി, കുളിക്കുകയും, വസ്ത്രങ്ങൾ അലക്കുകയും ചെയ്തു. ഇതറിഞ്ഞ നാട്ടുകാർ പ്രതിഷേധത്തിലാണ് .

കണമയിൽ നിലവിൽ മൂന്നു പോലീസുകാരാണ് ഡ്യൂട്ടി ചെയ്യുന്നത്. അതിനാൽ തന്നെ, കടവിലെ കാര്യങ്ങൾ അവർക്ക് അന്വേഷിക്കുവാൻ പലപ്പോഴും സാധിക്കാറില്ല. അതിനാൽ അടിയന്തിരമായി കൂടുതൽ പൊലീസുകാരെ കണമലയിൽ ഡ്യൂട്ടിക്ക് ഇടണമെന്നും, തീർത്ഥാടകർ കടവയിൽ ഇറങ്ങാതെ നോക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.