കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ മാത്യു വട്ടക്കുഴിയെ അനുസ്മരിച്ചു

കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാന്‍   മാര്‍ മാത്യു വട്ടക്കുഴിയെ അനുസ്മരിച്ചു


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ മാത്യു വട്ടക്കുഴിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിൽ പരിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് കബറിടത്തിങ്കല്‍ ഒപ്പീസും നടത്തപ്പെട്ടു. ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന പരിശുദ്ധ കുര്‍ബാനയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കി.

കാഞ്ഞിരപ്പള്ളി രൂപതയുടെ വളര്‍ച്ചയുടെ രണ്ടാംഘട്ടത്തില്‍ വിശ്വാസ അടിത്തറ ഉറപ്പിക്കുന്നതില്‍ അഭിവന്ദ്യ വട്ടക്കുഴി പിതാവ് നിസ്തുല പങ്ക് വഹിച്ചു. വിശ്വാസപരിശീലന അജപാലനമേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ രൂപത നല്‍കിയ സംഭാവനകള്‍ക്ക് അമരക്കാരനായിരിക്കുകയും ചെയ്ത പിതാവിനെ നന്ദിയോടെ കാഞ്ഞിരപ്പള്ളി രൂപത ഓര്‍ക്കുന്നു. വഴിയും സത്യവും ജീവനുമായ ഈശോമിശിഹായാകുന്ന മാര്‍ഗ്ഗത്തെ അടുക്കും ചിട്ടയുമുള്ള ജീവിതത്തിലൂടെ കാട്ടിത്തന്ന വട്ടക്കുഴി പിതാവിന്റെ ജീവിതം നമുക്കെല്ലാവര്‍ക്കും പ്രചോദനമേകുന്നതാണെന്നും മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിച്ചു.

അഭിവന്ദ്യ പിതാക്കന്മാര്‍ക്കൊപ്പം രൂപതാ വികാരി ജനറാള്‍മാരായ റവ.ഫാ.ജോസഫ് വെള്ളമറ്റം, റവ.ഫാ.കുര്യന്‍ താമരശേരി, റവ.ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, രൂപതാ ജൂഡീഷ്യല്‍ വികാരി റവ.ഫാ.മാത്യു കല്ലറയ്ക്കല്‍, കത്തീദ്രല്‍ വികാരി റവ.ഫാ.വര്‍ഗീസ് പരിന്തിരിക്കല്‍, റവ.ഫാ.ജേക്കബ് പുറ്റനാനിക്കല്‍ എന്നിവരും മറ്റ് വൈദികരും സന്യസ്തരും അഭിവന്ദ്യ വട്ടക്കുഴി പിതാവിന്റെ കുടുംബാംഗങ്ങളുമുള്‍പ്പെടുന്ന വിശ്വാസി സമൂഹവും കോവിഡ് മാനദണ്ഡങ്ങള്‍ക്കു വിധേയമായി പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു.

കാറ്റക്കെറ്റിക്കല്‍ സിമ്പോസിയം നവംബര്‍ 22 ഞായറാഴ്ച

വിശ്വാസ പരിശീലനരംഗത്ത് ശ്രേഷ്ഠമായ സംഭാവനകള്‍ നല്‍കിയ അഭിവന്ദ്യ മാര്‍ മാത്യു വട്ടക്കുഴി പിതാവിന്റെ ചരമ വാര്‍ഷികദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 4.30 വരെ നാലാമത് മാര്‍ മാത്യു വട്ടക്കുഴി മെമ്മോറിയല്‍ കാറ്റക്കെറ്റിക്കല്‍ സിമ്പോസിയം നടത്തപ്പെടും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന സിമ്പോസിയത്തിന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കുകയും സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആശംസകള്‍ നേരുകയും ചെയ്യും.

വിശ്വാസ പരിശീലനത്തിന്റെ കാലിക പ്രസക്തി, കോവിഡ് 19 ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് കുമളി സെന്റ് തോമസ് ഫൊറോന വികാരി ഫാ.തോമസ് പൂവത്താനിക്കുന്നേല്‍, വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രൊഫസര്‍ ഫാ.വര്‍ഗീസ് കൊച്ചുപറമ്പില്‍ എന്നിവര്‍ വിഷയാവതരണം നടത്തും. രൂപതാ വികാരി ജനറാള്‍ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മോഡറേറ്ററായിരിക്കും. അഭിവന്ദ്യ വട്ടക്കുഴി പിതാവിന്റെ ഓര്‍മ്മയ്ക്കായി കഴിഞ്ഞ 3 വര്‍ഷങ്ങളിലും വിപുലമായ രീതിയില്‍ നടത്തപ്പെട്ട സിമ്പോസിയം കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ് ഈ വര്‍ഷം നടത്തപ്പെടുന്നത്