കണ്ടു, കണ്ടറിഞ്ഞു.. മൂക്കംപെട്ടി പാലംപണി വിവാദം അവസാനിച്ചു

കണ്ടു, കണ്ടറിഞ്ഞു.. മൂക്കംപെട്ടി പാലംപണി വിവാദം അവസാനിച്ചു

കണ്ടു, കണ്ടറിഞ്ഞു.. മൂക്കംപെട്ടി പാലംപണി വിവാദം അവസാനിച്ചു

എരുമേലി : മൂക്കംപെട്ടി പാലംപണി വിവാദം അവസാനിച്ചു. പുതിയ നിർമാണമെന്നു തെറ്റിദ്ധരിപ്പിക്കാൻ മൂക്കംപെട്ടി പാലത്തിന്റെ പഴയസംരക്ഷണ ഭിത്തിയുടെ കല്ലുകൾ കൊത്തിത്തെളിച്ചു ഫണ്ടുകൾ തട്ടിക്കുവാൻ ശ്രമിച്ചു എന്ന നാട്ടുകാരുടെ ആരോപണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുവാൻ പി സി ജോർജ് എം എൽ എ കോൺട്രാക്ടറെയും പൊതുമരാമത്ത് (ബ്രിജസ്) ഉന്നത ഉദ്യോഗസ്ഥ സംഘത്തെയും ആരോപണ സ്ഥലത്തു വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചു.

തനിക്കു കിട്ടിയ കോൺട്രാക്ട് അനുസരിച്ചു നേരത്തെ ഉണ്ടായിരുന്ന കൽകെട്ടിന്റെ പൊളിഞ്ഞു പോയ ഭാഗത്തു ഒരു മീറ്റർ മാത്രം കെട്ടുവാൻ ആയിരുന്നു പണി ഉണ്ടായിരുന്നതെന്നും, ഏൽപ്പിച്ച പണി തീർന്നശേഷം, ബാക്കി ഭാഗം കൂടി വൃത്തിയാക്കുവാൻ, പണിയാൻ വന്ന തമിഴ്നാട്ടുകാരൻ ഉളികൊണ്ടു വൃത്തിയാക്കിയത് കണ്ട നാട്ടുകാർ തെറ്റിദ്ധരിച്ചത് ആണെന്നും അറിയിച്ചു. തനിക്കു കിട്ടിയ കോൺട്രാക്ട് അനുസരിച്ചു സംരക്ഷണ ഭിത്തിയുടെ അടർന്നു പോയ മുകൾ ഭാഗത്തു ഒരു മീറ്റർ ആഴത്തിൽ കല്ലുകെട്ടുക, പാലത്തിൽ രണ്ടു വശത്തും കോൺക്രീറ്റ് ഇട്ടു കൈവരികൾ പിടിപ്പിക്കുക, ഇളകിപ്പോയ ഇന്റർലോക്ക് പുനഃസ്ഥാപിക്കുക, പാരപെറ്റ ശരിയാക്കുക, പെയിന്റ് അടിക്കുക, സൂചന ബോർഡുകൾ പുനഃസ്ഥാപിക്കുക മുതലായ ചില്ലറ പണികൾ ആയിരുന്നു 8 ലക്ഷം രൂപയുടെ കോൺട്രാക്ടറിൽ ഉണ്ടായിരുന്നത്. ആ പണികളുടെ ആദ്യഘട്ടം മാത്രമാണ് നിലവിൽ നടക്കുന്നത്.

കോൺട്രാക്ടർ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിസിലി ജോസഫ് വ്യക്തമാക്കി. വെള്ളപ്പൊക്കത്തിൽ പതിവായി ഒലിച്ചുപോകുന്ന ഭാഗം ആയതിനാൽ, മൂന്നു പ്രാവശ്യം റീ ടെൻഡർ ചെയ്തുവെങ്കിലും മറ്റു കോൺട്രാക്ട് കമ്പനികൾ ആരും തന്നെ പണി ഏറ്റെടുക്കുവാൻ തയാറായിരുന്നില്ലായിരുന്നുവെന്നും, തങ്ങൾ നിർബന്ധിച്ചു ഈ പണി ഏറ്റെടുപ്പിക്കുകയായിരുന്നുവെന്നും അവർ എം എൽ എ യോട് പറഞ്ഞു.

പാലത്തിന്റെ കൈവരികൾ ഉറപ്പിച്ചു വച്ചാൽ വെള്ളപ്പൊക്കത്തിൽ വീണ്ടും തകർന്നുപോകുവാൻ സാധ്യതയുണ്ടെന്നും, അതിനാൽ പാലത്തിന്റെ മുകളിൽ വെള്ളം കയറുന്ന സമയത്ത്, കൈവരികൾ ഊരി എടുത്തു മാറ്റാവുന്ന തരത്തിൽ സ്ഥാപിക്കണമെന്നും, അതനുസരിച്ചു പ്ലാൻ മാറ്റണമെന്നും പി സി ജോർജ് നിർദേശിച്ചു.

കോൺട്രാക്ടറാരുടെ പണിയിൽ അപാകതകൾ ഒന്നുമില്ലെന്നും, താൻ സ്ഥലം സന്ദർശിച്ചപ്പോൾ പൂർണവിവരം അറിയാതെ തെറ്റിദ്ധരിച്ചതാണെന്നും, പണി തീരുമ്പോൾ നേരിട്ടുവന്നു കോൺട്രാക്ടർക്കു മാലയിടുമെന്നും പി സി ജോർജ് പറഞ്ഞു. തനിക്കെതിരായി ഉണ്ടായ ആരോപണങ്ങൾ തെളിയിക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, അതിന്റെ പേരിൽ ആരോടും പരിഭവം ഇല്ലന്നും കോൺട്രാക്ടർ ഷാജി മണിമലേടത്ത് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് അംഗം അനീഷ് വാഴയിൽ, സോണി, പൊതുമരാമത്ത് (പാലം) വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ സിസിലി ജോസഫ്,അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ ശില്പാ കെ.എം.,അസിസ്റ്റന്റ് എഞ്ചിനീയർ ബിജു ചാക്കോ, കണമല ബാങ്ക് ഡയറക്ടർ ബോർഡ് അംഗം രാമക്യഷ്ണപിള്ള, ശ്രീ ബേബിച്ചൻ, പ്രദേശവാസികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു

ചിത്രവിവരണം : മൂക്കംപെട്ടി പാലംപണി വിവാദം അന്വേഷിക്കുവാൻ പി സി ജോർജ് എം എൽ എ എത്തിയപ്പോൾ. പൊതുമരാമത്ത് (പാലം) എക്സിക്യുട്ടീവ് എഞ്ചിനീയർ സിസിലി ജോസഫ്,അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ ശില്പാ കെ.എം.,അസിസ്റ്റന്റ് എഞ്ചിനീയർ ബിജു ചാക്കോ, കോൺട്രാക്ടർ ഷാജി മണിമലേടത്ത് മുതലായവർ സമീപം .