മുണ്ടക്കയത്ത് പൊതു മത്സ്യ, മാംസ മാർക്കറ്റിലെ മാലിന്യ ടാങ്ക് നിറഞ്ഞൊഴുകുന്നു ; ജനങ്ങൾ ദുർഗന്ധം മൂലം പൊറുതിമുട്ടുന്നു

മുണ്ടക്കയം∙ : പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുണ്ടക്കയം ടൌൺ എത്തി. മഴ കൂടിയതോടെ അടിഞ്ഞു കൂടി കിടന്നിരുന്ന മാലിന്യങ്ങൾ പുറത്തേക്കു ഒഴുകുവാൻ തുടങ്ങിയതോടെ മുണ്ടക്കയം ടൌണിലെ പല സ്ഥലങ്ങളിലെയും ജീവിതം ദുസ്സഹമായി.

മുണ്ടക്കയത്ത് പൊതു മത്സ്യ, മാംസ മാർക്കറ്റിലെ മാലിന്യ ടാങ്ക് നിറഞ്ഞൊഴുകുന്നു ;. രൂക്ഷമായ ദുർഗന്ധം വമിക്കുന്നതു ജനങ്ങൾക്കു ദുരിതമാകുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത. കോസ്‌വേ പാലത്തിനു സമീപം മണിമലയാറിന്റെ തീരത്തുള്ള പഞ്ചായത്തു വക പൊതുമാർക്കറ്റിന്റെ മാലിന്യ ടാങ്കാണ് കവിഞ്ഞൊഴുകുന്നത്. മാർക്കറ്റ് കെട്ടിടത്തിനു പിന്നിലായാണു മാലിന്യ ടാങ്ക് സ്ഥിതി ചെയ്യുന്നത്.

മത്സ്യ, മാംസ വ്യാപാര ശാലകളിൽനിന്നുള്ള മലിനജലം പൈപ്പിലൂടെ ടാങ്കിനുള്ളിലേക്ക് എത്തും. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നപ്പോൾ സമീപത്ത് മുകളിലായി സ്ഥിതിചെയ്യുന്ന ടാങ്കിന്റെ സ്ലാബുകൾക്കിടയിലൂടെ മലിനജലം പുറത്തേക്കൊഴുകിയതാണു പ്രശ്നത്തിനു കാരണമായത്. ഇൗ മാലിന്യങ്ങൾ മഴവെള്ളത്തിലൂടെ മണിമലയാറ്റിലേക്ക് ഒലിച്ചിറങ്ങും.

സമീപത്തായി സ്ഥിതിചെയ്യുന്ന മറ്റ് വ്യാപാര സ്ഥാപനങ്ങൾ ഇവിടെനിന്നുള്ള ദുർഗന്ധം മൂലം ദുരിതത്തിലായി. കൊതുകുശല്യവും പ്രദേശത്ത് രൂക്ഷമാണ്. മേഖലയിൽ പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മാലിന്യപ്രശ്നത്തിന് അതിവേഗം നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രാമപഞ്ചായത്തിന്റെ മറ്റ് വിവിധ മേഖലകളിലും വിജനമായ സ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നതായും പരാതിയുണ്ട്.

വണ്ടൻപതാൽ സർക്കാർ തേക്കുപ്ലാന്റേഷൻ, വെള്ളനാടി തോട്ടം റോഡ്, വരിക്കാനി മൈക്കോളജി റോഡ് ശ്മശാന ഭാഗം, കൂട്ടിക്കൽ റോഡിലെ വിജനമായ സ്ഥലങ്ങൾ തുടങ്ങിയ പ്രദേശങ്ങളാണ് മാലിന്യ നിക്ഷേപസ്ഥലങ്ങൾ. മീൻ, കോഴി, പച്ചക്കറി തുടങ്ങിയ മാലിന്യങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽനിന്നു രാത്രികാലങ്ങളിൽ ഇൗ സ്ഥലങ്ങളിൽ കൊണ്ടുവന്നുതള്ളുന്നത് പതിവാണ്. ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ വണ്ടൻപതാൽ ബേത്‌ലഹേം ആശ്രമം, സെന്റ് പോൾസ് എൽപി സ്കൂൾ എന്നിവയുടെ സമീപത്ത് റോഡരുകിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചു.

പൊതുശ്മശാനം ഉൾപെടെ മറ്റു ശ്മശാനങ്ങൾ ഉള്ള വിജനമായ സ്ഥലത്തെ റോഡിലാണ് രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നത്. മാലിന്യ നിക്ഷേപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അതല്ലെങ്കിൽ പഞ്ചായത്ത് മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കു പരാതി നൽകി.