എരുമേലിയുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുവാൻ പി. സി. ജോർജ് നേരിട്ട് ഇടപെടുന്നു ..

എരുമേലിയുടെ  കുടിവെള്ള പ്രശ്‌നം പരിഹരിക്കുവാൻ പി. സി. ജോർജ് നേരിട്ട്  ഇടപെടുന്നു ..

എരുമേലി : കുടിവെള്ള പദ്ധതിയുടെ യോഗത്തിൽ പരാതികളുടെ പ്രളയം. അടുത്ത ദിവസം മുതൽ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമൊപ്പം എല്ലാ വാർഡിലും നേരിട്ട് എത്തി പദ്ധതിയുടെ ഇതുവരെയുള്ള നിർമാണങ്ങൾ പരിശോധിക്കുമെന്ന് എംഎൽഎ. സമഗ്ര കുടിവെള്ള പദ്ധതിയുടെ അവലോകനത്തിനായി ഇന്നലെ എരുമേലിയിൽ പി സി ജോർജ് എംഎൽഎ വിളിച്ചുചേർത്ത യോഗത്തിലാണ് പരാതികൾ നിറഞ്ഞത്.

ശബരിമല തീർത്ഥാടന കേന്ദ്രമെന്ന പ്രാധാന്യം മുൻനിർത്തി എരുമേലിയിൽ 2010 ൽ നിർമാണം ആരംഭിച്ചതാണ് വിപുലമായ കുടിവെള്ള പദ്ധതി. രണ്ട് വർഷം മുമ്പ് മന്ത്രി ഉത്ഘാടനം ചെയ്തിട്ടും ജലവിതരണം ആയിട്ടില്ല. ഇപ്പോൾ ഒമ്പത് വർഷം പിന്നിടുമ്പോഴും പദ്ധതിയിൽ ജലവിതരണം തുടങ്ങാനായിട്ടില്ലന്നുള്ളത് അപമാനകരമാണെന്ന് യോഗത്തിൽ പി സി ജോർജ് എംഎൽഎ പറഞ്ഞു.

ജലവിതരണം നടത്തുന്നതുൾപ്പടെ എല്ലാവിധ നിർമാണ പ്രവർത്തനങ്ങൾക്കുമായി അനുവദിച്ചത് 53 കോടി രൂപയായിരുന്നു. ഈ തുക ചെലവിട്ടതിന് പുറമെ 11 കോടി രൂപ കൂടി അധികമായി ചെലവിട്ടു. എന്നാൽ പദ്ധതി പൂർത്തിയാകാൻ ഇതൊന്നും പോരെന്നും ഇനിയും കോടികൾ വേണമെന്നുമാണ് ജല അതോറിറ്റി അധികൃതർ പറയുന്നതെന്ന് എംഎൽഎ വ്യക്തമാക്കി. ഇതിൽ സംശയം തനിക്കുണ്ടെന്നും ഇതുവരെ നടത്തിയ നിർമാണപ്രവർത്തനങ്ങൾ അതുകൊണ്ട് അടുത്ത ദിവസം മുതൽ ഓരോ വാർഡിലുമെത്തി നേരിൽ കണ്ട് പരിശോധിക്കുമെന്നും യോഗത്തിൽ എംഎൽഎ അറിയിച്ചു.

യോഗത്തിൽ സംസാരിച്ച പഞ്ചായത്ത്‌ അംഗങ്ങൾ പദ്ധതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിരവധി പരാതികളാണ് ഉന്നയിച്ചത്. ശ്രീനിപുരം കോളനിയിലേക്ക് പൈപ്പിടുന്നതിന് മൂന്ന് കോടി രൂപയാണ് എസ്റ്റിമേറ്റ് എടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു . ഇത്രയും തുക ഭീമമാണെന്നും തട്ടിപ്പും വെട്ടിപ്പും അനുവദിക്കില്ലെന്നും ശ്രീനിപുരം കോളനിയിലേക്ക് പൈപ്പിടാൻ കനകപ്പലത്തെ ടാങ്കിൽ നിന്നും രണ്ട് കിലോമീറ്ററിൽ കൂടുതൽ ദൂരമില്ലന്നും എംഎൽഎ പറഞ്ഞു. ഒമ്പത് ടാങ്കുകളിലായി വെള്ളമെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിക്ക് ഒമ്പത് ഘട്ടമാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ജല അതോറിറ്റി കോട്ടയം എക്സി. എഞ്ചിനീയർ സജീവ് അറിയിച്ചു. നിലവിൽ നേർച്ചപ്പാറ, കൊടിത്തോട്ടം ടാങ്കുകളിലെ വിതരണം മാത്രമാണ് പ്രൊജക്റ്റ്‌ വിഭാഗം സപ്ലൈ വിഭാഗത്തിന് കൈമാറിയിട്ടുള്ളതെങ്കിലും അറ്റകുറ്റപ്പണികൾ പ്രൊജക്റ്റ്‌ വിഭാഗം ആണ് നടത്തുന്നത്. ഈ ടാങ്കുകളുടെ പരിധിയിൽ പുതിയ കണക്ഷനുകൾ നൽകി. മറ്റ് ടാങ്കുകളിൽ വിതരണം നടത്താനായിട്ടില്ല. ചില ടാങ്കുകളിൽ ചോർച്ച ഉണ്ട്.

റോഡിൽ പൈപ്പിടലിന് കുഴി എടുക്കാൻ പൊതു മരാമത്ത് അനുമതി നൽകുന്നില്ലെന്ന് യോഗത്തിൽ സംസാരിച്ച ജല അതോറിറ്റി പ്രൊജക്റ്റ്‌ അസി. എക്സി. എഞ്ചിനീയർ ജിബോയ് ജോസ് പറഞ്ഞു. ഇതിന് ഉടൻ പരിഹാരം കാണാമെന്ന് എംഎൽഎ മറുപടി നൽകി.

യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗിരിജ, സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ കെ ആർ അജേഷ്, കുഞ്ഞമ്മ ടീച്ചർ, പഞ്ചായത്ത്‌ അംഗങ്ങളായ പ്രകാശ് പുളിക്കൻ, അനിതാ സന്തോഷ്‌, അന്നമ്മ രാജു, വി പി സുഗതൻ, ഇ കെ സുബ്രഹ്മണ്യൻ, ജെസ്‌ന നജീബ് , രജനി ചന്ദ്രശേഖരൻ , ഫാരിസ ജമാൽ, സോമൻ തെരുവത്ത്, ജോളി, റെജിമോൾ, വിവിധ കക്ഷി നേതാക്കളായ ടി പി തൊമ്മി, ടി വി ജോസഫ്, വി സി അജികുമാർ, വ്യാപാരി വ്യവസായി ഭാരവാഹികളായ മുജീബ് റഹ്മാൻ, ഹരികുമാർ, ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ബിജു തുടങ്ങിയവർ പങ്കെടുത്തു.