ഉരുൾപൊട്ടൽ മുന്നറിയിപ്പുമായി പി സി ജോർജ് എം എൽ എ… ആശങ്കയില്ലെങ്കിലും മുന്നൊരുക്കങ്ങളുമായി അധികാരികൾ ..

ഉരുൾപൊട്ടൽ മുന്നറിയിപ്പുമായി പി സി ജോർജ് എം എൽ എ… ആശങ്കയില്ലെങ്കിലും  മുന്നൊരുക്കങ്ങളുമായി അധികാരികൾ ..

കാഞ്ഞിരപ്പള്ളി : ഉരുൾപൊട്ടൽ മുന്നറിയിപ്പുമായി പി സി ജോർജ് എം എൽ എ… ആശങ്കയില്ലെങ്കിലും മുന്നൊരുക്കങ്ങളുമായി അധികാരികൾ ..

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിലുള്ളവര്‍ മാറി താമസിക്കണമെന്ന മുന്നറിയിപ്പുമായി പി.സി ജോര്‍ജ് എംഎല്‍എ. പൂഞ്ഞാര്‍ തെക്കേകര,തീക്കോയി, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ മലയോര മേഖലയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും ആഗസ്റ്റ് 15 വരെയുള്ള രാത്രികാലങ്ങളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്ന മുന്നറിയിപ്പാണ് പി.സി. ജോര്‍ജ് നല്‍കിയത്.

ഇദ്ദേഹത്തിന്റെ ശബ്ദ സന്ദേശം വാട്‌സാപ്പില്‍ കൂടി പ്രചരിക്കുന്നുമുണ്ട്. പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേത് തന്നെയെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പരിഭ്രമിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും പ്രസ്തുത പ്രദേശങ്ങള്‍ക്ക് മാത്രമായി പ്രത്യേക മുന്നറിയൊപ്പൊന്നും നല്‍കിയിട്ടില്ലെന്നുമാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയത്.

തനിക്ക് ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് പി.സി ജോര്‍ജ് എം.എല്‍.എ പറയുന്നത്. എന്നാല്‍ അത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എം.എല്‍എ പറഞ്ഞിട്ടുള്ള പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളാണ്. മുമ്പ് ഇവിടെ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ അദ്ദേഹം പറയുന്നതുപോലെ ഭീതിജനകമായ സാഹചര്യം അവിടെ ഇല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് 15 വരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിന്റെ വെളിച്ചത്തിലാകാം എം.എല്‍.എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടാവുകയെന്ന് അധികൃതര്‍ പറയുന്നു.

അടുത്ത രണ്ട് ദിവസങ്ങളില്‍ സാധാരണ മഴക്കുള്ള സാധ്യത മാത്രമെ പ്രവചിക്കപ്പെട്ടിട്ടുള്ളു. എഴ് സെന്റീമീറ്ററില്‍ താഴെ മഴ പെയ്യാനുള്ള സാധ്യത മാത്രമെ ഇപ്പറഞ്ഞ പ്രദേശങ്ങളില്‍ ഉള്ളു. അതിനാല്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. പ്രദേശത്തുനിന്ന് മാറി താമസിക്കണോ വേണ്ടയോ എന്നുള്ളതില്‍ നാട്ടുകാര്‍ക്ക് തീരുമാനമെടുക്കാമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

പി.സി.ജോർജ് എംഎൽഎയുടെ സന്ദേശം
‘‘സഹോദരങ്ങളെ,
ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നു ലഭിക്കുന്ന അറിയിപ്പ് എന്നെ ഭീതിപ്പെടുത്തുന്നു. കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ താമസിക്കുന്ന ഒരാൾ പോലും രാത്രി വീട്ടിൽ താമസിക്കാൻ പാടില്ല. ബന്ധുവീടുകളിലേക്കു നിങ്ങൾ പോകുന്നെങ്കിൽ വിരോധമില്ല. അല്ലെങ്കിൽ അധികൃതർ ഒരുക്കിയ ക്യാംപിൽ വന്നു താമസിക്കണം. മനസിന്റെ പ്രശ്നമാണ്. ഞാൻ പറയുന്നത് നിങ്ങൾ കേട്ടേ മതിയാകു. പകൽ എവിടെ പോയാലും കുഴപ്പമില്ല. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും കേൾക്കണം. ഇത് അപേക്ഷയാണ്.’’

എന്തായാലും മുൻകരുതൽ എന്ന നിലയിൽ, കൂട്ടിക്കൽ വില്ലേജിലെ ഇളംകാട് ടോപ്, കൊടുങ്ങ, വല്യാന്ത, പ്ലാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ മലയോര പ്രദേശത്തു താമസിക്കുന്ന , അമ്പതു കുടുംബങ്ങളെ ഏന്തയാർ മർഫി സ്കൂളിലേയ്ക്ക് മാറ്റിപാർപ്പിക്കുവാൻ തീരുമാനമായതായി കാഞ്ഞിരപ്പള്ളി തഹസിൽദാർ (LR) കെ. ഗീതാകുമാരി പറഞ്ഞു.

കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാർ ഇളംകാട് മേഖലയിൽ മുൻകരുതൽ ഭാഗമായി ദുരിതാശ്വാസ ക്യാംപ് തുറന്നു. . ഏന്തയാർ ജെജെ മർഫി മെമ്മോറിയൽ സ്കൂളിൽ ആരംഭിച്ച ക്യാംപിൽ അപകട സാധ്യതയുള്ള മേഖലയിലെ 50 വീടുകളിലെ ജനങ്ങളെ മാറ്റി പാർപ്പിക്കാനാണ് തീരുമാനം എന്ന് കൂട്ടിക്കൽ വില്ലേജ് ഓഫിസർ ബിനോയി സെബാസ്റ്റ്യൻ പറഞ്ഞു.

വീഡിയോ ഇവിടെ കാണുക :

മലയോര മേഖലയിൽ ഉരുൾ പൊട്ടലിനു സാധ്യതയുണ്ടെന്ന ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ മുൻകരുതൽ നടപടികൾ ആരംഭിച്ചു. 4 പഞ്ചായത്തുകളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി. അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴ തുടർന്നാൽ ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കൽ മേഖലകളിൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു ഭീതിയുണ്ട്. ഈ സാഹചര്യത്തിൽ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു.

അപകട സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ താമസിപ്പിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്യാംപുകൾ സജ്ജീകരിച്ചു. ജനങ്ങളെ മാറ്റുന്നതിന് ആവശ്യമെങ്കില്‍ പൊലീസിന്‍റെ സഹായം തേടും. മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. മുൻകരുതലായി ഈരാറ്റുപേട്ടയിൽ 5 ദുരിതാശ്വാസ ക്യാംപുകളും തയാറാക്കി.

തലനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലെ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യതയുള്ള ചോനമല, അടുക്കം, വെള്ളാനി, മുപ്പതേക്കർ, കാരികാട്, ഒറ്റയീട്ടി, വെള്ളികുളം, അടിവാരം, ചോലത്തടം, കൈപ്പള്ളി, തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ സുക്ഷിതരാക്കുന്നതിന് 5 സ്ഥലങ്ങളിൽ ക്യാംപുകൾ തുറന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാർ ഇളംകാട് മേഖലയിൽ മുൻകരുതൽ ഭാഗമായി ദുരിതാശ്വാസ ക്യാംപ് തുറക്കാൻ തീരുമാനിച്ചു. ഏന്തയാർ ജെജെ മർഫി മെമ്മോറിയൽ സ്കൂളിൽ ആരംഭിക്കുന്ന ക്യാംപിൽ അപകട സാധ്യതയുള്ള മേഖലയിലെ 50 വീടുകളിലെ ജനങ്ങളെ മാറ്റി പാർപ്പിക്കാനാണ് തീരുമാനം.