കന്യാസ്‌ത്രീയാവാൻ ആഗ്രഹിച്ചവൾ കാടടക്കിവാണ പെൺശിക്കാരിയായി, ശിക്കാരി കുട്ടിയമ്മ വിടവാങ്ങുമ്പോൾ നാടിനു നഷ്ടപെട്ടത് ഒരു വീരനായികയെ

കന്യാസ്‌ത്രീയാവാൻ ആഗ്രഹിച്ചവൾ കാടടക്കിവാണ പെൺശിക്കാരിയായി, ശിക്കാരി കുട്ടിയമ്മ വിടവാങ്ങുമ്പോൾ നാടിനു നഷ്ടപെട്ടത് ഒരു വീരനായികയെ

കന്യാസ്‌ത്രീയാവാൻ ആഗ്രഹിച്ചവൾ കാടടക്കിവാണ പെൺശിക്കാരിയായി, ശിക്കാരി കുട്ടിയമ്മ വിടവാങ്ങുമ്പോൾ നാടിനു നഷ്ടപെട്ടത് ഒരു വീരനായികയെ

കാഞ്ഞിരപ്പള്ളി : കന്യാസ്‌ത്രീയാവാൻ റെയ്‌ച്ചൂരിൽ പഠിക്കുന്നതിനിടയിലാണ് ആനക്കല്ല് സ്വദേശിയായ ത്രേസ്യാ തോമസ് എന്ന കിട്ടിയമ്മയ്ക്ക് സഹോദരന്റെ രക്ഷയ്ക്കായി തിരികെ വീട്ടിലെത്തേണ്ടിവന്നത്. വിധിയുടെ വിളയാട്ടം മൂലം ജപമാല പിടിക്കേണ്ട കൈകളിൽ നായാട്ടു തോക്കെന്തേണ്ടിവന്നു.. ചിന്നം വിളിച്ച് പാഞ്ഞടുക്കുന്ന കൊലകൊമ്പനെയുൾപ്പെടെ നിരവധി കാട്ടുമൃഗങ്ങളെ കൊന്നൊടുക്കി കേരളത്തിലെ ആദ്യത്തെ പെൺശിക്കാരിയായി കാടുവിറപ്പിക്കുവാനായിരുന്നു കുട്ടിയമ്മയുടെ വിധി.. കാട്ടാനകളുടെ ശല്യത്താൽ പൊറുതിമുട്ടിയ ചിന്നാർ ചുരുളിവെട്ടി എന്ന ഗ്രാമത്തിൽ ഏകയായി ധൈര്യസമേതം കാട്ടാനകളെ തുരത്തി ഒരു ഗ്രാമം സംരക്ഷിച്ച കുട്ടിയമ്മയെ നാട്ടുകാർ ഇന്നും നന്ദിയോടെ സ്മരിക്കുന്നു.
25–ാം വയസിൽ നാടൻ തോക്കുമായി കാടുകയറിയ ശിക്കാരി കുട്ടിയമ്മ 87 –ാം വയസിൽ വിടവാങ്ങിയപ്പോൾ അതൊരു ചരിത്രമായി.

കാഞ്ഞിരപ്പള്ളി ആനക്കല്ലിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരശുശ്രൂഷ ചൊവ്വാഴ്ച മൂന്നിന് കാപ്പാടുള്ള വീട്ടിൽ ആരംഭിച്ച് തുടർന്ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ തോമസ് ചാക്കോ. മകൻ: വി.ടി. ജോസഫ് (ബാബു, മാതാ ഓർഗാനിക്). മരുമകൾ: ഷേർളി (മഠത്തിപ്പറമ്പിൽ, മറയൂർ)

കഷ്‌ടപ്പാടിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചനം തേടിയാണ് പാലാ ഇടമറ്റത്തുനിന്ന് പിതാവ് തൊമ്മനും സഹോദരങ്ങളായ വക്കച്ചനും പാപ്പച്ചനുമൊപ്പം 1964ൽ കുട്ടിയമ്മ മറയൂരിലേക്ക് കുടിയേറിയത്. ചിന്നാർ മേഖലയിലെ ചുരുളിപ്പെട്ടിയിൽ 20 ഏക്കർ സ്‌ഥലം വാങ്ങി താമസം തുടങ്ങി.

കന്യാസ്‌ത്രീയാവാൻ റെയ്‌ച്ചൂരിൽ പഠിക്കുന്നതിനിടയിലാണ് സഹോദരൻ പാപ്പച്ചനെ കാട്ടുപോത്ത് വെട്ടിയ വിവരം അറിയുന്നത്. ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പണമടയ്‌ക്കാൻ കഴിയാതെ വന്നതോടെ പാപ്പച്ചനെ നിർബന്ധപൂർവ്വം ആശുപത്രി അധികൃതർ പുറത്താക്കി. പണം തന്നില്ലെങ്കിൽ വേട്ടയാടി കാട്ടുമൃഗങ്ങളുടെ ഇറച്ചികൊണ്ടുവരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം.
സഹോദരന്റെ ചികിത്സാ ചെലവിനുവേണ്ടി ഇളയ സഹോദരൻ ടോമിയെയും കൂട്ടി ഒരു നാടൻ തോക്കുമായി കുട്ടിയമ്മ ആദ്യമായി കാടുകയറി. ഉൾവനത്തിൽ കണ്ട കാട്ടുപോത്തിനെ ആദ്യവെടിയിൽ തന്നെ കുട്ടിയമ്മ വീഴ്ത്തി. 800 കിലോ തൂക്കം വരുന്ന പോത്തിനെ കഷ്‌ണങ്ങളാക്കി ആശുപത്രിയിലെത്തിച്ച കുട്ടിയമ്മ പിന്നീട് വേട്ടയാടൽ തന്റെ ദൗത്യമാക്കുകയായിരുന്നു. കുട്ടിയമ്മയുടെ ശൗര്യത്തിനു മുന്നിൽ പിന്നീട് നൂറുകണക്കിന് കാട്ടുപോത്തുകളും മാനുകളും മ്ലാവുകളും വീണു. അപൂര്‍വം കാട്ടാനകളും കുട്ടിയമ്മയുടെ തോക്കിനിരയായിട്ടുണ്ട്.

ഇതിനിടെ ശ്രീലങ്കൻ സ്വദേശിയും സഹോദന്മാരുടെ കൂട്ടുകാരനുമായ തോമസുമായി കുട്ടിയമ്മയുടെ വിവാഹം നടന്നു. പിന്നീട് ഇരുവരും ചേർന്നായിരുന്നു വേട്ടയാടൽ. ചിന്നാർ ഉൾവനങ്ങളിലെ കാട്ടാനയുടെ ശല്യത്തിൽ നിന്ന് കുട്ടിയമ്മയുടെ സംരക്ഷണം ലഭിക്കുമെന്ന് മനസിലാക്കി ചിന്നാർ വനത്തിലേക്ക് കൂടുതൽ ആളുകൾ വന്നുതുടങ്ങി. അങ്ങനെ 82 ഏക്കർ സ്‌ഥലത്ത് 42 കുടുംബങ്ങൾ താമസമുറപ്പിച്ചപ്പോൾ, വനമധ്യത്തിൽ ചിന്നാർ ചുരുളിവെട്ടി എന്ന ഗ്രാമം ഉയർന്നു.

മൃഗവേട്ട വ്യാപകമായതോടെ ഇവരെ കുടിയിറക്കാൻ സർക്കാർ തീരുമാനമെടുത്തു. കുട്ടിയമ്മയ്ക്ക് അന്ന് 17 ഏക്കർ സ്‌ഥലമുണ്ടായിരുന്നു. സ്ഥലത്തിനു പകരമായി പണം നൽകാമെന്ന വ്യവസ്‌ഥയിൽ സർക്കാർ 1993ൽ സ്‌ഥലം ഏറ്റെടുത്തു. ഈ സ്‌ഥലം സംബന്ധിച്ച് ഗസറ്റ് വിജ്‌ഞാപനത്തിൽ നിലം, പുരയിടം എന്ന് ചേർത്തതിനാൽ പുരയിടത്തിന് മാത്രമേ വില നിശ്‌ചയിച്ചിരുന്നുള്ളു. പണം ലഭിക്കാൻ വൈകിയതിനാൽ അവിടം വിട്ടുപോകാൻ ആരും തയാറായില്ല.
നഷ്‌ടപരിഹാരം ലഭിക്കാതെവന്നതോടെ തോക്ക് താഴെവച്ച് കുട്ടിയമ്മ വനംവകുപ്പുമായി നിയമയുദ്ധത്തിനിറങ്ങി. നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് കാട്ടി 2005ൽ ഹൈക്കോടതിയെ സമീപിച്ചു. പലിശ ഉൾപ്പെടെ 45 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ 2006 ജനുവരിയിൽ കോടതി വിധിയുണ്ടായി. എന്നാൽ 29 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ കുട്ടിയമ്മ വീണ്ടും കോടതിയെ സമീപിച്ചു. ഒടുവിൽ 2016ൽ കുട്ടിയമ്മയ്ക്ക് മുഴുവൻ തുകയും ലഭിച്ചു.

കാടുവിട്ടിറങ്ങിയ കുട്ടിയമ്മ കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ താമസമാരംഭിച്ചു. സ്വത്തുക്കളെല്ലാം മകനും കുട്ടികൾക്കുമായി നൽകിയ കുട്ടിയമ്മ പൊതുപ്രവർത്തകയായി. വാർദ്ധക്യം കുട്ടിയമ്മയുടെ ധൈര്യത്തിനും നിശ്‌ചയദാർഢ്യത്തിനും ഒരു കുറവും വരുത്തിയിരുന്നില്ല. ചുരുളിപ്പെട്ടിയിലെ സ്വന്തം ഗ്രാമത്തിലേക്ക് ഇടയ്‌ക്കിടെ യാത്ര ചെയ്തിരുന്ന കുട്ടിയമ്മ, അവരുടെ ക്ഷേമത്തിനായും പ്രവർത്തിച്ചിരുന്നു.