ഉയരത്തിലേക്ക് പറക്കുവാൻ ശ്രമിക്കുന്ന അന്ധ വിദ്യാർത്ഥിയുടെ പഠനം സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങുന്നു

പൊന്‍കുന്നം: കാഴ്ചയുടെ സൗന്ദര്യം നുകരാന്‍ ഭാഗ്യം ലഭിച്ച ആരേയും അമ്പരപ്പിക്കുന്നതായിരുന്നു ജന്മനാ അന്ധനായ റിന്റുവിന്റെ ഇതുവരെയുള്ള വിജയം. പക്ഷേ ഇനി ഇവര്‍ കണ്ണു തുറന്നെങ്കിലേ റിന്റുവിന്റെ വിജയത്തിന്റെ ഒളിമങ്ങാതിരിക്കൂ.

കാഴ്ചയില്ലെങ്കിലും ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ എം.എസ്.ഡബ്ല്യു. ഒന്നാം വര്‍ഷ പഠനം വരെ പൂര്‍ത്തിയാക്കി പൊന്‍കുന്നത്തിനടുത്ത് ചെങ്ങളം ഈസ്റ്റ് താന്നിക്കല്‍ സെബാസ്റ്റ്യന്റെ മകന്‍ 27കാരന്‍ റിന്റു സെബാസ്റ്റ്യന്‍. ഇനി രണ്ടാം വര്‍ഷ പഠനം തുടങ്ങണമെങ്കില്‍ മൂന്നുലക്ഷം രൂപയാണ് ഈ അന്ധവിദ്യാര്‍ഥി കണ്ടെത്തേണ്ടത് ഇതാകട്ടെ പഠനം പൂര്‍ത്തിയാക്കാന്‍ അന്ധരെ സഹായിക്കുന്ന സ്‌ക്രീന്‍ റീഡിങ് സോഫ്റ്റ് വെയറിന്റെ വിലയും. ഇതുണ്ടെങ്കിലേ പഠനത്തിനാവശ്യമായ ലാപ്‌ടോപ്പോ കംപ്യൂട്ടറോ ഉപയോഗിക്കാനാകൂ.

ഏഴാം ക്ലാസ് വരെ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലായിരുന്നു റിന്റുവിന്റെ പഠനം. ഹൈസ്‌കൂള്‍ പഠനം ചെങ്ങളം സെന്റ് ആന്റണീസ് സ്‌കൂളിലും. കോഴിക്കോട് മോഡേണ്‍ സ്റ്റോപ്പ് ഇസ്ലാമിക് എച്.എസ്.എസ്സിലായിരുന്നു പ്ലസ് ടു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ചരിത്രത്തില്‍ ബി.എയും എം.എയും ഒന്നാം ക്ലാസില്‍ പാസ്സായി അന്ധതയെക്കൂടി തോല്‍പ്പിക്കുകയായിരുന്നു റിന്റു. തുടര്‍ന്ന് പാലാ സെന്റ് തോമസ് ടി.ടി.ഐയില്‍നിന്ന് ബി.എഡ്ഡും നേടി.

ഇതുവരെയുള്ള പഠനത്തിന് വന്‍തുകയാണ് ഇടത്തരം കുടുംബാംഗമായ സെബാസ്റ്റ്യന്‍ മകനുവേണ്ടി ചെലവഴിച്ചത്. ഓരോയിടത്തും താമസിച്ച് പഠിക്കുന്നതിനും പഠനസഹായിയെ ഏര്‍പ്പെടുത്തുന്നതിനും നല്ലതുക ചെലവാക്കി. ഇപ്പോള്‍ വിദ്യാഭ്യാസ വായ്പക്കായി അധികൃതരെ സമീപിച്ചപ്പോള്‍ അവിടെ നിയമം വിലങ്ങുതടിയായി.

അന്ധവിദ്യാര്‍ഥിക്ക് വായ്പ ലഭിക്കാന്‍ സ്വന്തം പേരില്‍ സ്ഥലംവേണം. ഇല്ലെങ്കില്‍ രക്ഷിതാവ് മറ്റു വായ്പകളില്ലാത്ത സ്ഥലം ഈട് നല്‍കണം. ഉള്ള കിടപ്പിടം റിന്റുവിന്റെ ഇതുവരെയുള്ള പഠനത്തിനും സഹോദരി ഡോണയുടെ വിവാഹത്തിനുമായി പണയപ്പെടുത്തിയ സെബാസ്റ്റ്യനു മുമ്പില്‍ വിദ്യാഭ്യാസ വായ്പയുടെ വഴി തുറക്കുകയില്ല. മറ്റുവഴികള്‍ പലതും നോക്കിയെങ്കിലും ഒരിടത്തും സഹായവാതില്‍ തുറന്നില്ല.

ഇതോടെ സെബാസ്റ്റ്യനും ഭാര്യ ഏലിക്കുട്ടിയും മകന്റെ പഠനം മുടങ്ങുന്നതോര്‍ത്ത് വേദനയിലാണ്. അന്ധതയുടെ വേദനയെ തോല്‍പ്പിച്ച റിന്റുവാകട്ടെ അച്ഛനമ്മമാരുടെ വേദനയ്ക്കുമുമ്പില്‍ സ്വന്തം വേദന മറച്ചു വെയ്ക്കുകയാണ്. ഇനി കരുണയുള്ള ആരെങ്കിലും കണ്ണുതുറന്നെങ്കിലേ ഈ വിജയത്തിളക്കം മായാതിരിക്കൂ.