അഴിമതി ആരോപണം ; പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിലെ നവീകരണപ്രവൃത്തികൾ നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി

പൊൻകുന്നം∙ നിർമാണ പ്രവർത്തനങ്ങളിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ചു വാർഡംഗം കെ.ജി.കണ്ണൻ നൽകിയ പരാതി യുടെ അടിസ്ഥാനത്തിൽ ചിറക്കടവ് പഞ്ചായത്തു വക പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിലെ നവീകരണപ്രവൃത്തികൾ മൂന്നു ദിവസത്തേക്കു നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ പഞ്ചായത്തു സെക്രട്ടറിക്കു നിർദേശം നൽകി.

വാർഡിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകേണ്ട ഗുണഭോക്തൃസമിതിയുടെ ചെയർമാൻ സാധാരണനിലയിൽ വാർഡ് അംഗമാണെന്നും, എന്നാൽ നിർമാണ പ്രവർത്തനം സംബന്ധിച്ചു തനിക്ക് ഒരറിവും ലഭിച്ചിട്ടില്ലെന്നും കെ.ജി.കണ്ണൻ പരാതിയിൽ പറയുന്നു.

ഈ സാമ്പത്തിക വർഷം നവീകരണ പ്രവർത്തനങ്ങൾക്കു ഭരണസമിതി തുക അനുവദിച്ചിരുന്നില്ലെന്നും, കഴിഞ്ഞ സാമ്പത്തികവർഷം ബില്ല് മാറിയ പദ്ധതിയുടെ നവീകരണ പ്രവൃത്തികളാണു നടക്കുന്നതെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു സാമ്പത്തിക ക്രമക്കേടു നടന്നതായി ആരോപിച്ചു താൻ പരാതി നൽകിയതെന്നും കെ.ജി.കണ്ണൻ അറിയിച്ചു.