കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 02/07/2024

കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയിൽ ഉൾപ്പെട്ട, കാഞ്ഞിരപ്പളളി, പാറത്തോട്, ചിറക്കടവ്, എരുമേലി, മണിമല ,എലിക്കുളം, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകളിലെ ഇന്നത്തെ പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം ..

നമ്മുടെ നാടിന്റെ സ്പന്ദനങ്ങൾ നേരിട്ടറിയുവാൻ കാഞ്ഞിരപ്പള്ളി ന്യൂസ് (www.KanjirappallyNEWS.Com) സന്ദർശിക്കുക .. തുടർച്ചയായി പുതിയ വാർത്തകളുടെ അപ്‌ഡേഷൻ നടത്തുന്നതിനാൽ, നമ്മുടെ നാട്ടിലെ ഏറ്റവും പുതിയ ഇന്നത്തെ വാർത്തകൾ ചൂടോടെ അറിയുവാൻ കാഞ്ഞിരപ്പള്ളി ന്യൂസിലെ “ഇന്നത്തെ പത്രം” ലിങ്ക് സന്ദർശനം പതിവാക്കുക :

കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ (02/07/2024) ഏറ്റവും പുതിയ വാർത്തകൾ ഇവിടെ വായിക്കാം:

National Doctor’s Day : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു..
Thanks to AKJM Team.

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിലെ സ്കൗട്ടുകളും, ഗൈഡുകളും, എൻ. എസ്സ്. എസ്സ്. വോളണ്ടിയേഴ്സും കാഞ്ഞിരപ്പള്ളി ഗവൺമെന്റ് താലൂക്ക് ആശുപത്രി സന്ദർശിച്ച് ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ഡേ ആശംസകൾ നേർന്നു. ഡോക്ടർമാർക്ക് പൂക്കൾ സമ്മാനിച്ചും, കേക്ക് മുറിച്ചും ഡോക്ടേഴ്സ് ഡേ സമുചിതമായി ആചരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സാവൻ സാറാ മാത്യു ഡോക്ടേഴ്സ് ഡേ സന്ദേശം കുട്ടികൾക്ക് നൽകി.
സ്കൗട്ട് മാസ്റ്റർ ഫാദർ വിൽസൺ പുതുശ്ശേരി, ഗൈഡ് അഞ്ജന കെ. എ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൗട്ട് മാസ്റ്റർമാരായ കെ. സി. ജോൺ, ബീന കുര്യൻ ഗൈഡ് ക്യാപ്റ്റൻ ലതികാ ടി. കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ജൂലൈ 1 പെൻഷൻ പരിഷ്കരണ ദിനം. : സബ് ട്രഷറിക്ക് മുമ്പിൽ പ്രകടനവും പൊതു യോഗവും നടത്തി

പൊൻകുന്നം : ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശികയായ ക്ഷാമബത്ത അനുവദിക്കുക, മെഡിസിപ്പിലെ ന്യൂനതകൾ പരിഹരിക്കുക ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സബ് ട്രഷറിക്ക് മുമ്പിൽ പ്രകടനവും പൊതു യോഗവും നടത്തി. യൂണിറ്റ് പ്രസിഡന്റ് സി.എം.മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ഡി. സി. സി. ജനറൽ സെക്രട്ടറി അഡ്വ. പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് പി.എൻ.ദാമോദരൻപിള്ള, സെക്രട്ടറി എം.എസ്സ്. ഷിബു, വി. ആർ. മോഹനൻ പിള്ള, ജോസഫ് മാത്യു, സോണി ജോർജ്, ജോസ് കുന്നപ്പള്ളി, സേവ്യർ മൂലകുന്ന്, സി. കെ. അബു ഉബൈദത്ത്, ടി.കെ. ജയ പ്രകാശ്, സി.എം. സാമുവേൽ , കെ. ജി. സതി , കെ. എസ്സ് അഹമ്മദ് കബീർ, ഒ. എ റഷീദ്, സി.യു അബ്ദുൽ കരീം, , അമീർ ഹംസ, പി.പി. സഫറുള്ളാ ഖാൻ,പി. ഐ. കൃഷ്ണൻകുട്ടി, പി.പി. സോമശേഖരൻ നായർ, പി. എസ്സ്. സുശീലൻപിള്ള, എന്നിവർ പ്രസംഗിച്ചു.

ലഹരിക്കെതിരെ ഒപ്പ് വെച്ച് പ്രതിജ്ഞ ചൊല്ലി എരുമേലി നിർമലയിലെ കുട്ടികൾ.

എരുമേലി : ലഹരി വസ്തുക്കൾ ഒരിക്കലും ഉപയോഗിക്കുകയില്ലെന്നും ലഹരിക്കെതിരെ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നും പ്രഖ്യാപിച്ച് എരുമേലി നിർമല പബ്ലിക് സ്കൂളിലെ കുട്ടികൾ പ്രതിജ്ഞ ചൊല്ലി ഒപ്പിട്ടു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രതിജ്ഞയും സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പ് വെയ്ക്കലും. ലഹരി ഉപയോഗം മൂലം സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചു വരികയാണെന്നും ഒട്ടേറെ ജീവിതങ്ങളാണ് തകർന്നതുകൊണ്ടിരിക്കുന്നതെന്നും മുഖ്യ പ്രഭാഷണം നടത്തിയ സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെസി മരിയ പറഞ്ഞു. വരും തലമുറയിലൂടെ ഇതിന് മാറ്റമുണ്ടാകുന്നതിന് വിദ്യാർത്ഥികൾ ആണ് പ്രതീക്ഷയെന്ന് ടെസി മരിയ പറഞ്ഞു.

ഹയർ സെക്കഡറി തുല്യതാ പഠിതാക്കളുടെ ഫെയർവെൽ ആഘോഷം നടത്തി.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് സ്കൂളിൽ നടന്ന ഹയർ സെക്കഡറി തുല്യതാ പഠിതാക്കളുടെ ഫെയർവെൽ ആഘോഷം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി ജെ മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിഎസ് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി മടുക്കക്കുഴി ആശംസ പ്രസംഗം നടത്തുകയും ചെയ്തു.

തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് നോഡൽ പ്രേരകും സെന്റർ കോഡിനേറ്ററും ആയ ഷീബ കെ ആർ,അദ്ധ്യാപകരായ ആൻസമ്മ ,സുജ ,അമൽ , ജോർജ് ,മുരളീധരൻ ,ഉല്ലാസ് k k, ഗിരിജ എന്നിവർ സംസാരിച്ചു.

‘പടനിലം ഇനി പൂനിലയം’ പദ്ധതി ഒന്നാം ഘട്ടം തുടങ്ങി

ചെറുവള്ളി ∙ ‘പടനിലം ഇനി പൂനിലയം’ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജ യരാജ് നിർവഹിച്ചു. എസ്എംവൈഎം പടനിലം യൂണിറ്റിന്റെ നേതൃത്വത്തിൽ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും തണൽമരങ്ങളും ചെടികളും നട്ട് പരിപാലിച്ച് പാതയോര ഉദ്യാനവൽക്കരണമാണ് പദ്ധതി ലക്ഷ്യമിടുന്നത്. യൂണിറ്റ് പ്രസിഡന്റ് ജോസഫ് പാമ്പൂരി അധ്യക്ഷത വഹിച്ചു. ഫാ.സിബി തോമസ് കുരിശുംമൂട്ടിൽ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി പാമ്പൂരി, ജസ്റ്റിൻ ആലപ്പാട്ട്, ഫിനോ പുതുപ്പറമ്പിൽ, അനിറ്റ മുതുകാട്ട്, നൈജു മാലത്ത് എന്നിവർ പ്രസംഗിച്ചു.

കെ.നാരായണക്കുറുപ്പിനെ അനുസ്മരിച്ചു

പൊൻകുന്നം ∙ നിയമസഭയിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ അംഗങ്ങളുടെയ ും ഹൃദയം കീഴടക്കിയ വ്യക്തിയും നർമം കലർന്ന പ്രസംഗത്തിലൂടെ തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തി കേരളത്തിലാകമാനം വലിയ സുഹൃദ്‌വലയം ഉണ്ടാക്കിയ വ്യക്തിയുമാണു മുൻ മന്ത്രി കെ. നാരായണക്കുറുപ്പ് എന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കെ. നാരായണക്കുറുപ്പ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ 11– മത് നാരായണക്കുറുപ്പ് അനുസ്മരണവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ഗിരീഷ് എസ്. നായർ, മോഹൻ ചേന്നംകുളം, പി.എം.സലീം, ആർ.പ്രസാദ്, എ.എം മാത്യു ആനിത്തോട്ടം, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ.ആർ.തങ്കപ്പൻ, വി.പി.റെജി, ബിനോയ്‌ വർഗീസ്, ടി.എസ്. ശ്രീജിത്ത്‌, റംല ബീഗം, ജില്ലാ പഞ്ചാ യത്തംഗങ്ങളായ ടി.എൻ ഗിരീഷ് കുമാർ, ജെസി ഷാജൻ, സുമേഷ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ കാഞ്ഞിരപ്പള്ളി ഏരിയ കൺവെൻഷൻ

മുണ്ടക്കയം : അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ കാഞ്ഞിരപ്പള്ളി ഏരിയ കൺവെൻഷൻ മുണ്ടക്കയം നായനാർ ഭവനിൽ ചേർന്നു. കൺവെൻഷൻ ജില്ലാ കൺവീനർ എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു .

സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് അധ്യക്ഷനായി. ആനന്ദക്കുട്ടൻ മാഷ്, തങ്കമ്മ ജോർജ്കുട്ടി, കെ സി ജോർജുകുട്ടി ,എസ് ഷാജി, സജിൻ വട്ടപ്പള്ളി എന്നിവർ സംസാരിച്ചു ചെയർമാനായി കെ രാജേഷും കൺവീനറായി എസ് ഷാജിയേയും തെരഞ്ഞെടുത്ത് ഏരിയ കമ്മിറ്റിക്ക് രൂപം നൽകി

പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

മണിമല : വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്. ശ്രീജിത്ത് സ്ഥാനം രാജിവച്ചു. എൽ.ഡി.എഫ് മുന്നണി ധാരണപ്രകാരമാണ് രാജി. വരുന്ന ഒന്നര വർഷക്കാലം സി.പി.ഐ ക്കാണ് പ്രസിഡന്റ് സ്ഥാനം.

കാഞ്ഞിരപ്പള്ളി മേലരുവി വെള്ളച്ചാട്ടം വികസിപ്പിച്ചാൽ കാഞ്ഞിരപ്പള്ളിയുടെ വിനോദ മേഖലയ്ക്ക് മുതൽക്കൂട്ടാകും

കാഞ്ഞിരപ്പള്ളി : മേലരുവി വെള്ളച്ചാട്ടം ശരിയായ രീതിയിൽ വികസിപ്പിച്ചെടുത്തത് കാഞ്ഞിരപ്പള്ളിയുടെ വിനോദ മേഖലയ്ക്ക് മുതൽക്കൂട്ടാകും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 21, 22 വാർഡുകൾ ചിറക്കടവ് പഞ്ചായത്തിലെ കുന്നുംഭാഗം എന്നിവയുടെ സംഗമകേന്ദ്രത്തിലാണ് ഇതിന്റെ സ്ഥാനം.

കാഞ്ഞിരപ്പള്ളി നഗരത്തിൽ നിന്നും രണ്ടു കിലോമീറ്ററും ദേശീയ പാത 183ൽ നിന്നും ഒരു കിലോമീറ്റും ദുരെ മാറിയുള്ള ഇവിടെ ജൂൺ മുതൽ ജനുവരി വരെയുള്ള കാലത്ത് സഞ്ചാരികളെ ആകർഷിച്ചു കൊണ്ടുള്ള വെള്ളച്ചാട്ടം ഏറെ ആകർഷകമാണ്. മേലരുവിയിലെ തടാകത്തിൽ നിന്നും വെള്ളത്തുള്ളികൾ പാറക്കെട്ടിലൂടെ ചിന്നി ചിതറി ഒഴുകുന്നത് കാണേണ്ട കാഴ്ച തന്നെ.

ഇവിടെയൊരു ഹാപ്പിനസ് പാർക് സ്ഥാപിക്കുവാനുള്ള ഒരുക്കത്തിലാണ് ഈ ഭാഗത്തെ ജനപ്രതിനിധികൾ . ത്രിതല പഞ്ചായത്തുകളുടേയും എം പി – എം എൽ എ ഫണ്ടുകൾ, ടൂറിസം വകുപ്പിന്റെ ധന സഹായം ഇതൊക്കെ ഉണ്ടെങ്കിൽ മാത്രമേ വികസന പ്രക്രിയ പൂർത്തികരിക്കുവാൻ കഴിയു.തേക്കടി, വാഗമൺ, കോലാഹലമേട്, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഇവിടേക്ക് കടന്നു ചെല്ലണമെങ്കിൽ ആദ്യഘട്ടമെന്ന നിലയിൽ ഭംഗിയുള്ള റോഡ് ഉണ്ടാകേണ്ടതുണ്ട്. വെള്ളച്ചാട്ടത്തോട് ചേർന്ന് സംരക്ഷണ വേലികളും ഒരുക്കണം. മേലരുവി ചെക്കു ഡാമിൽ നിന്നുമാണു് പൈപ്പ് ലൈൻ വഴി കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ആവശ്യങ്ങൾക്ക് വെള്ളമെത്തുന്നത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരുപ്പുകാർക്ക് തുണി അലക്കുവാനും മുങ്ങിക്കുളിക്കുവാനുള്ള സൗകര്യം മേലരുവിയിൽ ഒരുക്കിയിട്ടുണ്ട്.

     ഭാവിയിൽ വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാകാനുള്ള മേലരുവിയുടെ വികസനത്തിന് സർക്കാരിന്റെ  വിവിധ ഏജൻസികളുടെ സഹായമുണ്ടാകേണ്ടതുണ്ടെന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്   കെ ആർ തങ്കപ്പൻ, അംഗങ്ങളായ മജ്ഞു മാത്യു (കാഞ്ഞിരപ്പള്ളി) ആൻറ്റണി മാർട്ടിൻ (ചിറക്കടവ്) എന്നിവർ പറഞ്ഞു. 

പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി വെള്ളാവൂർ ഗ്രാമപഞ്ചായത്ത്

വെള്ളാവൂർ : ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ആദ്യ മൂന്ന് സാമ്പത്തിക വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് ഗവ ചീഫ് വിപ്പ് ഡോ: എൻ.ജയരാജ് ഫോക്ക് ലോർ അക്കാദമി ഹാളിൽ പ്രകാശനം ചെയ്തു. ഭരണസമിതി നടത്തിയിട്ടുള്ള വികസനക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിലയിരുത്തുന്നതിനും ഇനി ഏറ്റെടുക്കേണ്ട വികസന ക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുമായി പ്രോഗ്രസ് റിപ്പോർട്ട് ജൂലൈ മാസം എല്ലാ വീടുകളിലും എത്തിക്കും.തുടർന്ന് വരുന്ന ഗ്രാമസഭ യോഗങ്ങളിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ചർച്ച ചെയ്യും അങ്ങനെയുണ്ടാകുന്ന നിർദ്ദേശങ്ങൾ ചേർത്ത് വികസന പത്രിക തയ്യറാക്കും ഈ പത്രിക അടിസ്ഥാനമാക്കി തുടർ പദ്ധതികൾ രൂപീകരിക്കും എന്ന് പ്രസിഡൻ്റ് അറിയിച്ചു.

വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ, വൈസ് പ്രസിഡന്റ് ജലജാ മോഹനൻ . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിനി സതീഷ്, ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേംസാഗർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് വെള്ളാവൂർ, രജ്ഞിനി ബേബി, പഞ്ചായത്തംഗങ്ങളായ സിന്ധു ബിനോയി, സന്ധ്യ റെജി, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമാലിനി എന്നിവർ സംസാരിച്ചു

സെന്റ് ആന്റണീസ് കോളേജിൽ പ്രവേശനോത്സവം

 
സംസ്ഥാനത്ത്  ആകമാനം പുതിയതായി ആരംഭിക്കുന്ന നാലു വർഷ ബിരുദ  പ്രോഗ്രാമുകളുടെ പ്രവേശനോത്സവം കോളേജ്  ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയില്‍  ചേർന്ന യോഗത്തിൽ മഹാത്മാഗാന്ധി യുണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് പ്രവേശനം നേടിയ  വിദ്യാർഥികൾക്ക് തിരി തെളിയിച്ചു നല്‍കി ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ  അകമ്പടിയോടുകൂടി വർണ്ണാഭമായ വരവേൽപ്പാണ് വിദ്യാർഥികൾക്ക് നൽകിയത്. യോഗത്തിൽ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളി, സെക്രട്ടറി റ്റിജോമോൻ ജേക്കബ്‌, വൈസ് പ്രിന്‍സിപ്പല്‍മാരായ സുപർണ്ണ രാജു, രതീഷ് പി.ആർ ബോബി കെ മാത്യു, റസ്നി മോള്‍ ഇ.എ, സ്റ്റാഫ്‌ സെക്രട്ടറിമാരായ ഷാന്റിമോള്‍ എസ് , അക്ഷയ് മോഹന്‍ദാസ്‌, ജിനു തോമസ്‌    എന്നിവർ പ്രസംഗിച്ചു.

ടിപ്പർ ലോറികളുടെ പാച്ചിൽ, റോഡുകൾ തകർന്നു , യാത്രദുരിതം ..

കാഞ്ഞിരപ്പള്ളി ∙ മണിമല –പഴയിടം –ചേനപ്പാടി– എരുമേലി തീരദേശ റോഡിലെ ടാറിങ് തകർന്നു കുഴികൾ രൂപപ്പെട്ടതുമൂലം യാത്രാദുരിതം. വളവുകളിലെ വൻകുഴികൾ അപകട സാധ്യതയും വർധിപ്പിച്ചു.

പൊലീസ് പരിശോധനയില്ലാത്തതിനാൽ സ്കൂൾ സമയങ്ങളിലും പാറമടകളിൽ നിന്നും കല്ലും മെറ്റലും നിറച്ച് ടോറസ് ലോറികൾ അമിത വേഗത്തിൽ ഓടുകയാണെന്നു നാട്ടുകാർ ആരോപിക്കുന്നു. സമീപത്തെ പാറമടയിലേക്കു തിരിയുന്ന ഇറക്കവും വളവും കൂടിയായ മനപ്പാട്ടുപടിയിലാണ് വൻകുഴി രൂപപ്പെട്ടിരിക്കുന്നത്. റോഡിൽ ചെറുതും വലുതുമായ പല കുഴികളും രൂപപ്പെട്ടതു കൂടാതെ റോഡിലെ ടാറിങ് താഴ്ന്നു പോയതായും നാട്ടുകാർ ആരോപിക്കുന്നു.

ടോറസ് ലോറികൾ അമിത ഭാരം കയറ്റി ഓടുന്നതാണ് 2 വർഷം മുൻപ് ബിഎംബിസി നിലവാരത്തിൽ നിർമിച്ച റോഡ് തകരാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. മണിമലയിൽ നിന്നും പഴയിടം വരെയുള്ള നാലര കിലോമീറ്റർ റോഡാണ് തകർന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നത്. പുനലൂർ മൂവാറ്റുപുഴ റോഡിലെ മണിമലയിൽ നിന്നും തീരദേശ റോഡിലേക്കു പ്രവേശിക്കുന്ന സ്ഥലത്തും അപകടകരമായ രീതിയിൽ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും റോഡിൽ പൊലീസിന്റെ പരിശോധന കർശനമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

മുറികല്ലുംപുറം കോളനി ഇനി അംബേദ്കർ നഗർ

മുണ്ടക്കയം ∙ മുറികല്ലുംപുറം കോളനി ഇനി അംബേദ്കർ നഗർ. പുന ർനാമകരണം ചെയ്യുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലം, ജിജി നിക്കോളാസ്, ഷീബാ ദിഫയിൻ, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, ലിസി ജിജി, ബോബി കെ.മാത്യു, ബെന്നി ചേറ്റുകുഴി, കെ.എസ്.രാജു, ഷാജി അറത്തിൽ, എം.വി.വർക്കി, ജോഷി ജോബ്, ഷാജി തട്ടാംപറമ്പിൽ, ഷിജി കൈതമറ്റം, മാത്യുക്കുട്ടി ഓലിക്കൽ, പി.സി.തോമസ് പാലൂക്കുന്നേൽ, ടി.ജെ.ചാക്കോ തുണിയമ്പ്രായിൽ, അനീഷ് വി.നായർ, അനി കുമാർ എന്നിവർ പ്രസംഗിച്ചു. അംബേദ്കർ നഗറിൽ നിന്നും ഉന്നത വിജയം നേടിയ കുട്ടികളെ പഞ്ചായത്തംഗം ലിസി ജിജിയുടെ നേതൃത് വത്തിൽ ആദരിച്ചു. മികച്ച കർഷക ദമ്പതികളായ സ്കറിയ ദേവസ്യ – ത്രേസ്യാമ്മ, സനൽ രാജൻ – രമ്യ എന്നിവരെ എംഎൽഎ ആദരിച്ചു.

അങ്കണവാടി കെട്ടിട നിർമാണ ഉദ്ഘാടനം

മൂന്നോലി ∙ കോരുത്തോട് പഞ്ചായത്ത് പത്താം വാർഡിൽ അങ്കണവാടി കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജാൻസി സാബു , വൈസ് പ്രസിഡന്റ് പി.ഡി.പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം രത്നമ്മ രവീന്ദ്രൻ, സന്ധ്യാ വിനോദ്, തോമസ് ചാക്കോ, സജി ജോർജ് കൊട്ടാരത്തിൽ, സാബു പതിക്കൽ, സി.ജി.ഭാസ്കരൻ, ബാബു കുട്ടൻ, ടി.കെ.കുഞ്ഞൂഞ്ഞ്, രഘുനാഥൻ ചാലുങ്കൽ, തമ്പി പാലയ്ക്കൽ, ടി.കെ.രാജു, സുബിലി സന്തോഷ്, ഷൈജ ജോൺ, ഉഷ ഷാജി, ബിന്ദു രവികുമാർ എന്നിവർ പ്രസംഗിച്ചു.

ആന്തരിക സൗഖ്യ ധ്യാനം

പൊൻകുന്നം ∙ സാന്തോം റിട്രീറ്റ് സെന്ററിൽ ആന്തരിക സൗഖ്യ ധ്യാനവും സെന്റ് തോമ സ് ദിനാചരണവും നാളെ രാവിലെ 9 മുതൽ നടത്തും. ഫാ.സിബി ജോൺ ചന്ദ്രോത്ത്‌ നയിക്കും. ഫാ.പി.ടി.തോമസ് പള്ളിയമ്പിൽ, ബ്രദർ സണ്ണി പോട്ടേത്തറ എന്നിവർ നേതൃത്വം നൽകും. ഗാനശുശ്രൂഷ, വചന പ്രഘോഷണം, ആരാധന, ഡെലിവറൻസ് പ്രയർ, നിയോഗ പ്രാർഥന, ആശീർവാദം, നേർച്ചക്കഞ്ഞി എന്നിവ ഉണ്ടായിരിക്കും. വാഹനങ്ങൾ സെന്റ് തോമസ് ചർച്ച് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.

തിരുനാളും ധ്യാനവും നാളെ

മുണ്ടക്കയം ∙ സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ തോമസ് അപ്പോസ്തലന്റെ തിരുനാളും ഏകദിന ധ്യാനവും നാളെ നടക്കും. രാവിലെ 5.30, 6.30, 8.30, ഉച്ചയ്ക്ക് 12, വൈകിട്ട് 5.30, 7.30 എന്നീ സമയങ്ങളിൽ കുർബാന നടക്കും. രാവിലെ 10.30 മുതൽ ധ്യാനത്തിന്റെ ഭാഗമായി വചന പ്രഘോഷണം സൗഖ്യ ശുശ്രൂഷ എന്നിവ നടക്കും. വൈകിട്ട് അഞ്ചിന് 34–ാം മൈൽ കപ്പേളയിൽ കുർബാനയും, പ്രത്യേക പ്രാർഥനയും ഉണ്ടായിരിക്കും.

വിജ്ഞാനോത്സവം

വാഴൂർ ∙ ശ്രീ വിദ്യാധിരാജ എൻഎസ്എസ് കോളജിലെ ബിരുദ ഓണേഴ്സ് പ ്രോഗ്രാമുകളുടെ വിജ്ഞാനോത്സവം എൻഎസ്എസ് പൊൻകുന്നം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.ബി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി പ്രഭാഷണം നടത്തി. ഡോ.കെ.എൻ.പ്രീതി, കൃഷ്ണപ്രിയ എന്നിവർ ക്ലാസെടുത്തു. ഡോ.ടി.എൻ.ഭാനു, കെ.ജി.ഹരികൃഷ്ണൻ, കെ.ആർ.ഗോപകുമാർ, പി.എം.ജോൺ, സൗദ ഇസ്മായിൽ, കെ.ബിനു, മീര പ്രദീപ്, പി.കെ.റെജി എന്നിവർ പ്രസംഗിച്ചു.

മുണ്ടക്കയം ട്രഷറിക്കു മുന്നിൽ ധർണ നടത്തി

മുണ്ടക്കയം ∙ പെൻഷൻ ദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ട്രഷറിക്കു മുന്നിൽ ധർണ നടത്തി. പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. യൂണിറ്റ് പ്രസിഡന്റ് ജെ.ജോൺ അധ്യക്ഷത വഹിച്ച സമരം സംസ്ഥാന കൗൺസിലർ ടി.വി.ജയമോഹൻ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് കൊക്കയാർ മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി മുഖ്യപ്രഭാഷണവും ഇടുക്കി ഡിസിസി അംഗം നൗഷാദ് വെംബ്ലി നയ വിശദീകരണവും നടത്തി. അനിത ഷാജി, റോബർട്ട് വലയിഞ്ചി, പി.ജെ.വർഗീസ്, പോൾ അഗസ്റ്റിൻ, വി.എസ്.സുഗതൻ, ടി.ജി.തങ്കമണി, ജി.രാധ, ലില്ലി മാത്യു, വി.എം.ജോസഫ്, കെ.ആർ.രഘു, ജോൺ വലയിഞ്ചി എന്നിവർ പ്രസംഗിച്ചു.

കാടുവിട്ട് മൃഗങ്ങൾ നാട്ടിൽ , സോളാർ വേലിയിൽ ഒതുങ്ങില്ല പ്രതിരോധം..

പമ്പാവാലി : ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനകൾ, വീട്ടിലെ മൃഗങ്ങളെ കൊന്നുതിന്നുന്ന പുലിയും കടുവയും, കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയും കുരങ്ങും. ഇവയെല്ലാം കൂടി മലയോര ജനതയുടെ സ്വൈരജീവിതം തകർക്കുകയാണ്.

എന്തെങ്കിലും ദുരിതം അനുഭവിക്കാത്ത ഒരു കുടുംബവും മലയോരത്ത് ഉണ്ടാവില്ല. അത്രയധികം വന്യമൃഗങ്ങ ൾ കാടിറങ്ങിക്കഴിഞ്ഞു. എന്നിട്ടും പ്രതിരോധമൊരുക്കൻ കഴിയുന്നില്ല. സോളാർ വേലിയും കിടങ്ങുകളും മാത്രമാണ് വനംവകുപ്പ് സ്വീകരിക്കുന്ന മാർഗങ്ങൾ. എന്നാൽ ഇതുകൊണ്ട് മാത്രം മൃഗങ്ങളെ തുരത്താൻ കഴിയില്ലെന്നാണ് കഴിഞ്ഞ കാലസംഭവങ്ങൾ തെളിയിക്കുന്നത്.

ആളുകാർക്ക് സന്ധ്യകഴിഞ്ഞാൽ പുറത്തേക്കു പോലും ഇറങ്ങാനാകാത്ത സാഹചര്യമാണ് പലയിടത്തും. കടുവയുടെയും പുലിയുടെയും സാന്നിധ്യമാണ് ഏറെ ഭയപ്പെടുത്തുന്നത്. കാടുവിട്ടിറങ്ങിയ ഇവ തിരികെ പോകാതെ നാട്ടിൻപുറങ്ങളിൽത്തന്നെ തങ്ങുന്നതായാണ് സൂചന. വളർത്തുമൃഗങ്ങളുമായി ഉപജീവനം നടത്തിവന്നവർക്കു സമീപകാലത്തുണ്ടായ നഷ്ടം ഏറെയാണ്. ആളുകളുടെ ഭിതി വർധിക്കുമ്പോഴും വനം വകുപ്പ് ഇടപെടലുകൾ കാര്യക്ഷമമല്ലെന്ന ആക്ഷേപമാണുള്ളത്. കാട്ടാനകളാകട്ടെ വനാതിർത്തിവിട്ട് കിലോമീറ്ററുകൾക്കപ്പുറത്തേക്ക് സഞ്ചരിക്കാൻ തുടങ്ങി.

വനം വകുപ്പ് സ്ഥാപിച്ചിരിക്കുന്ന സോളാർ വേലികൾ പലയിടത്തും തകർന്നു കിടക്കുകയാണ്. ആന ചവിട്ടിക്കളയുന്നതു കൂടാതെ വൃക്ഷങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞുവീണും വേലി തകരുന്നത് സ്വാഭാവികമാണ്. പലയിടത്തും വേലികളുടെ ബാറ്ററി ചാർജ് തീർന്ന് പ്രവർത്തനം നിലച്ചിരിക്കുകയാണ്. ചില യിടത്ത് വനസംരക്ഷണ സമിതികൾ ബാറ്ററി ചാർജ് ചെയ്യാറുണ്ട്. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ സോളാർ വേലികൾ ദ്രവിച്ചു പോകുന്നുമുണ്ട്. കിടങ്ങുകളാണ് മറ്റൊരു പ്രതിരോധം. കിടങ്ങുകൾ കുഴിക്കാൻ വലിയ ചെലവായതിനാൽ വനംവകുപ്പ് അതിന് മുതിരാറില്ല. ചിലയിടങ്ങളിൽ പാറ ഉള്ളതിനാൽ കിടങ്ങുകൾ കുഴിക്കാനുമാകുന്നില്ല.

കാട്ടിലെ ആവാസ വ്യവസ്ഥയിലുണ്ടായ തകരാറാണ് കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ പ്രധാന കാരണം. കാട്ടിൽ ഭക്ഷണ ലഭ്യതയിലുണ്ടായ കുറവാണ് പ്രധാന കാരണം, കാട്ടുപന്നി നാടിറങ്ങിയതോടെ ഇവയെ ഭക്ഷണമാക്കിയിരുന്ന വന്യമൃഗങ്ങളും പുറത്തേക്കു വന്നുതുടങ്ങി. വർഷങ്ങൾക്കു മുമ്പേ കാട്ടുപന്നിയുടെ ശല്യം നാട്ടിലുണ്ട്. വനമേഖലയിൽനിന്നു കിലോമീറ്ററുകൾക്കപ്പുറത്തേക്ക് ഇവ എത്തിയിട്ടുണ്ട്. കാടിറങ്ങിയ കാട്ടുപന്നി ഇപ്പോൾ നാട്ടിൽ പെറ്റുപെരുകിയിരിക്കുകയാണ്. കൃഷിയിടങ്ങൾ പലയിടത്തും തരിശായി കിടക്കുന്നതോടെ ഇവയ്ക്ക് വസിക്കാനിടവുമായി. കാട്ടിൽ ഫലവൃക്ഷങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ആന പോലെയുള്ള മൃഗങ്ങൾ നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങി. വനാതിർത്തി വിട്ട് ഇവ സഞ്ചരിച്ചു തുടങ്ങി.

കാടിറങ്ങുന്ന കടുവയും പുലിയും തിരികെ പോകാത്ത സ്ഥിതിയുണ്ട്. റബർതോട്ടങ്ങൾ ടാപ്പിംഗ് നിലച്ചു കാടുകയറിയതോടെ കുറ്റിക്കാടുകൾ വന്യമൃഗങ്ങൾക്ക് താവളമായിട്ടുണ്ട്. കുരങ്ങ്, കുറുനരി, മയിൽ, കാട്ടുകോഴി, മലയണ്ണാൻ, കാട്ടുപോത്ത് ഇവയെല്ലാം ഇന്ന് നാട്ടിൻപു ടങ്ങളിലേക്ക് കുടിയേറിയിരിക്കുകയാണ്.

വൈദ്യുതി മുടക്കം

കെഎസ്ഇബി കാഞ്ഞിരപ്പള്ളി സെക്ഷൻ്റെ പരിധിയിലുള്ള പാറക്കടവ് ഒന്ന്, പാറക്കടവ് – 2, മേലാ.ട്ടു തകിടി, നരിവേലി, ഒന്നാം മൈൽ കൊല്ലം കുളം പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒൻപതു മുതൽ വൈകുന്നേരം 5-30 വരെ വൈദ്യുതി വിതരണം തടസപ്പെടും.

തെങ്ങിൻ തൈ

വാഴൂർ ∙ കൃഷിഭവനിൽ കുറ്റ്യാടി ഇനം തെങ്ങിൻ തൈകൾ ഒന്നിന് 50 രൂപ നിരക്കിൽ ലഭ്യമാണ്

സീറ്റൊഴിവ്

പെരുവന്താനം ∙ സെന്റ് ആന്റണീസ് കോളജിൽ ബി.കോം അക്കൗണ്ടിങ് ആൻഡ് ഫിനാൻസ് , ഫിനാൻഷ്യൽ മാർക്കറ്റ് എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. വിവരങ്ങൾക്ക് – 9746712239.

ഇന്നത്തെ പരിപാടി

∙ പൊൻകുന്നം ജനകീയ വായനശാല : ബാലവേദിയുടെ വായനപക്ഷാചരണത്തിന്റെ ഭാഗമായി കെവി എൽപി സ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്വീകരണം – 11.00.

∙ ചിറക്കടവ് പബ്ലിക് ലൈബ്രറി: എൻ.പി.മുഹമ്മദ്, പൊൻകുന്നം വർക്കി അനുസ്മരണം, ബാലവേദി സംഗമം – 12.00

താഴത്തുപ്പീടികയിൽ ഏലിയാമ്മ ചാക്കോ

കണമല താഴത്തുപ്പീടികയിൽ പരേതനായ ടി.കെ. ചാക്കോയുടെ ഭാര്യ ഏലി യാമ്മ ചാക്കോ (89) നിര്യാതനായി. സംസ്കാരം നാളെ 11ന് കണമല സെന്റ് തോമസ് പള്ളി സിമിത്തേരിയിൽ . പരേത പാണപിലാവ് ചാത്തൻകുഴിയിൽ കുടുംബാംഗം.
മക്കൾ: റോസമ്മ, ജോസ് (ഇൻഫാം ജില്ലാ കമ്മിറ്റി മെംബർ), തങ്കമ്മ, സുജ, സോഫി, സജു (ബഹ് റൈൻ).
മരുമക്കൾ: ഉമ്മൻ ജോർജ് ചെറുകുന്നത്ത് (മണിപ്പുഴ), ടെസി കൊച്ചുപറമ്പിൽ (കുളപ്പുറം), ഷാജു കാരിയിൽ (പൈക), പോൾ പുതുശേരി (ആലുവ), സിബി കല്ലൂർ (മടന്തമൺ), ബിന്ദു പൂത്തറയിൽ (കട്ടപ്പന).

error: Content is protected !!