എരുമേലി വലിയ തോട് നവീകരണം പദ്ധതികൾ എങ്ങുമെത്തിയില്ല .. മാലിന്യവാഹിനിയായി തുടരുന്നു..

എരുമേലി : കോട്ടയം ജില്ലയിൽ പുണ്യമായ തോട് എന്ന സങ്കൽപം പേറുന്നത് അയ്യപ്പ ഭക്തർ ശബരിമല യാത്രയിൽ ആചാരപരമായ സ്നാനം നടത്തുന്ന എരുമേലിയിലെ വലിയ തോടാണ്. എന്നാൽ വർഷങ്ങളായി മലീമസമായ തോടാണ് പുണ്യ സ്നാനത്തിന്റെ ഇടമായിരിക്കുന്നത്. അധികൃതർ മുന്നിട്ടിറങ്ങി ജനപങ്കാളിത്തത്തോടെ കർശന നടപടികൾ സ്വീകരിച്ചാൽ തോട് ശുദ്ധമായി നിലനിൽക്കും. മുൻ എം എൽ എ യുടെ സമയത്ത് വലിയ തോട് പവിത്രമാക്കാൻ ഒരു കോടി രൂപയുടെ പദ്ധതി സംസ്ഥാന സർക്കാർ മുഖേനെ ആവിഷ്ക്കരിച്ച് എസ്റ്റിമേറ്റ് വരെ തയ്യാറായതാണ്. മാലിന്യങ്ങൾ തോട്ടിൽ പതിക്കാതിരിക്കാൻ സംരക്ഷണ കവചങ്ങൾ വരെ ഈ പദ്ധതിയിലുണ്ടായിരുന്നു. തോടിന്റെ തീരങ്ങളിൽ ഒഴിഞ്ഞ സ്ഥലങ്ങൾ പൂന്തോട്ടമാക്കുന്നതും അയ്യപ്പ ഭക്തർ സ്നാനം നടത്തുന്ന വലിയമ്പല ചെക്ക് ഡാമിന് അര കിലോമീറ്റർ മുമ്പ് ചെക്ക് ഡാം നിർമിക്കാനും ഇവിടെ പെഡൽ ബോട്ടിങ് സവാരിക്ക് സൗകര്യം ഒരുക്കാനും ഭക്തരുടെ കുളിക്കടവിൽ കൽപടവുകൾ നിർമിക്കാനും എസ്റ്റിമേറ്റിലുണ്ടായിരുന്നു. ഈ പദ്ധതിക്ക് പുറമെ സംസ്ഥാന നിയമസഭ പരിസ്ഥിതി സമിതിയുടെ ശുപാർശയായി വലിയമ്പല ചെക്ക് ഡാമിൽ ജല ശുദ്ധീകരണത്തിന് മിനി പ്ലാന്റിന് നിർദേശമുണ്ടായിരുന്നു.

എന്നാൽ ഇതൊന്നും നടപ്പിലായില്ല. തോട് മാലിന്യങ്ങളുടെ അഴുക്കുചാലായി മാറുന്ന കാഴ്ചയാണ് പതിവായിരിക്കുന്നത്. വേനലായാൽ വെള്ളം കുറയുമ്പോൾ ഈ കാഴ്ച വ്യക്തമാണ്. അതേസമയം വെള്ളം നിറഞ്ഞൊഴുകുന്ന മഴക്കാലത്ത് മാലിന്യങ്ങൾ ഒഴുക്കിവിടാനുള്ള അവസരമായാണ് ചിലർ കാണുന്നത്. ശബരിമല സീസണിൽ കക്കൂസ് മാലിന്യങ്ങൾ തോട്ടിൽ ഒഴുക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ടൗണിലെ ശൗചാലയ സമുച്ചയങ്ങൾ. തോടിന്റെ തീരത്താണ്. വെള്ളപ്പൊക്കമാകുമ്പോൾ ശൗചാലയങ്ങളിൽ നിന്ന് മാലിന്യങ്ങൾ വൻതോതിൽ തോട്ടിലേക്ക് ഒഴുകും. വലിയ തോടിന്റെ ശാഖയായ കൊച്ചുതോട്ടിലും വൻതോതിലാണ് മാലിന്യങ്ങൾ ഉള്ളത്. രണ്ട് തോടുകളിലെയും മാലിന്യങ്ങൾ എത്തുന്നത് മണിമലയാറിലാണ്. തോടുകളുടെ പരിസരങ്ങളിൽ താമസിക്കുന്നവർക്ക് പരിപാലന ചുമതല നൽകി നവീകരണം നടത്താൻ പഞ്ചായത്ത്‌ തയ്യാറായാൽ മാലിന്യങ്ങൾ ഇല്ലാത്ത നിലയിലേക്ക് തോടുകളെ മാറ്റാനാകും. മാലിന്യങ്ങൾ ഇടുന്നവരെ പിടികൂടാനുള്ള കർശന ശിക്ഷാ നടപടികളും നിരീക്ഷണ ക്യാമറ സംവിധാനവും അനിവാര്യമാണ്. ശബരിമല സീസണിൽ പ്രവർത്തിക്കുന്ന നിലയിൽ ട്രീറ്റ്മെന്റ് പ്ലാന്റും ഉണ്ടായാൽ പുണ്യ സ്നാനം നടത്തുന്ന തോട് എന്ന സങ്കൽപം യാഥാർഥ്യമാകുമെന്ന് നാട്ടുകാരായ പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഇതിനായി പഞ്ചായത്ത്‌ ഭരണസമിതി മുന്നിട്ടിറങ്ങണമെന്ന് ആവശ്യം ശക്തമായി.

error: Content is protected !!